Kerala

ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം

ഇടുക്കി: ഉമ്മന്‍ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹാനുസാരം പോലെ മതി സംസ്‌കാരമെന്നാണ് കുടുംബത്തിന്റെ നിലപാട് എന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഉമ്മന്‍ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്‌കാരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കായി പുതുപ്പള്ളി പള്ളിയില്‍ ഒരുക്കുന്നത് പ്രത്യേക കല്ലറയാണ്. ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവ നേതൃത്വം നല്‍കും. ‘കരോട്ട് വള്ളകാലില്‍’ കുടുംബ കല്ലറ നിലനില്‍ക്കേയാണ് ഉമ്മന്‍ചാണ്ടിക്കായി വൈദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ ഒരുങ്ങുന്നത്. അദ്ദേഹത്തിന്റെ സേവനത്തിന് ആദര സൂചകമായിട്ടാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ജാതിക്കും മതത്തിനും ഉപരിയായി ജനങ്ങളെ സഹായിക്കാനുള്ള മനസ്സാണ് ഉമ്മന്‍ചാണ്ടി എന്ന വ്യക്തിയെ ശ്രേഷ്ഠനാക്കുന്നത് എന്ന് സെന്റ് ജോര്‍ജ് വലിയപള്ളി വികാരി ഫാ.ഡോ. വര്‍ഗീസ് പറഞ്ഞു. വ്യാഴാഴ്ച്ച മൂന്നിനാണ് അന്ത്യ ശുശ്രൂഷ ആരംഭിക്കുന്നത്. രാവിലെ ആരംഭിച്ച വിലാപയാത്ര ഇനിയും തിരുവനന്തപുരം കടന്നിട്ടില്ല. നിലവില്‍ വിലാപയാത്ര കിളിമാനൂര്‍ കഴിഞ്ഞതേയുള്ളൂ. അതുകൊണ്ട് തന്നെ കോട്ടയം പുതുപ്പള്ളിയിലെ കുടുംബവീട്ടിലെത്തുമ്പോള്‍ ഏറെ വൈകും. കോട്ടയത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ 2000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാര്‍ഥനകള്‍ക്കുശേഷമാണ് വിലാപയാത്ര ആരംഭിച്ചത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാേശരി വഴി കോട്ടയത്തെത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച്ച 3.30ന് സംസ്‌കാരം.

Related Articles

Back to top button
error: Content is protected !!