Idukki

അരിക്കൊമ്പൻ വിഷയം വിദഗ്ധസമിതിയുടെ നടപടികൾ സംശയാസ്പദം: ഡീൻ കുര്യാക്കോസ് എംപി

തൊടുപുഴ: അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിച്ചുകെട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതി നിയമിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ നടപടികൾ സംശയാസ്പദമെന്ന് ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. കഴിഞ്ഞ മാസം 29 നാണ് ഹൈക്കോടതി ഇക്കാര്യങ്ങൾ പഠിക്കുന്നതിന് അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ഇന്നാണ് (ഏപ്രിൽ 5) സമിതി കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. എന്നാൽ കഴിഞ്ഞ 5 ദിവസത്തിനിടെ ഒരു ദിവസം മാത്രമാണ് സമിതി അംഗങ്ങൾ കാട്ടാന പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. ജനങ്ങളുടെ കാതലായ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് വിദഗ്ധസമിതിയുടെ ഭാഗത്തുനിന്നും വേണ്ട ഇടപെടലുകൾ ഉണ്ടായിട്ടില്ലായെന്ന് എം.പി പറഞ്ഞു.. എംപി എന്ന നിലയിൽ എന്നെയോ ജില്ലയിലെ മറ്റ് എംഎൽഎമാരെയൊ ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളെയൊ മറ്റ് കർഷക സംഘടനാ, വ്യാപാരി-വ്യാവസായി പ്രതിനിധികളുമായൊ പ്രധാന പൊതുപ്രവർത്തകരുമായൊ സമിതി കാതലായ ചർച്ചയ്ക്ക് തയ്യാറാവുകയോ അവരുടെ അഭിപ്രായങ്ങൾ തേടുകയൊ ചെയ്തിട്ടില്ലായെന്നത് ഏറ്റവും ദൗർഭാഗ്യകരമെന്നും എംപി പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നടപടികൾ പ്രതിഷേധകരമാണ്. ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും വിശ്വാസത്തിലെടുത്ത് ഒരു റിപ്പോർട്ട് തയ്യാറാക്കുന്നതിന് എന്തുകൊണ്ട് ഈ സമിതി തയ്യാറാകുന്നില്ല എന്നും ഡീൻ ചോദിച്ചു.

ഇടുക്കി എംപി എന്ന നിലയിൽ ഞാനും കേരളത്തിലെ പ്രതിപക്ഷവും പരിപൂർണ്ണ പിന്തുണയാണ് അരികൊമ്പൻ വിഷയത്തിൽ സംസ്ഥാന സർക്കാർ നടപടിക്ക് നൽകിയത്. കോടതി നടപടികളിൽ സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് എംപി പറഞ്ഞു. കാരണം കോടതി ഈ വിഷയം പരിഗണിച്ചപ്പോൾ അരിക്കൊമ്പൻ എന്ന ആന എത്രമാത്രം നാശ നഷ്ടം ഈ പ്രദേശങ്ങളിൽ നടത്തിയിട്ടുണ്ട്, എത്രമാത്രം മനുഷ്യജീവനുകളെ നഷ്ടപ്പെടുത്തിയിട്ടുണ്ട് എന്ന് വളരെ വ്യക്തതയോടെ കോടതിയെ ധരിപ്പിക്കുന്നതിന് സർക്കാർ അഭിഭാഷകന് കഴിഞ്ഞില്ലായെന്ന് എന്ന് എംപി പറഞ്ഞു. ഇത് കോടതി ഉത്തരവിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് കോടതിക്ക് വിദഗ്ധ സമിതിയെ നിയോഗിക്കേണ്ടിവന്നതെന്നും എം.പി. പറഞ്ഞു.

ജനപ്രതിനിധി എന്ന നിലയിൽ എൻറെ അഭിപ്രായം വിദഗ്ധസമിതിയെഫോണിൽ വിളിച്ച് അറിയിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും പ്രശ്നകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വച്ച് പിടിച്ച് വിദൂര വനത്തിൽ അയക്കുക, താരതമ്യേന അപകടകാരികളല്ലാത്ത ചക്കക്കൊമ്പൻ, പടയപ്പ തുടങ്ങി ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന ആനകളെ ജിപിഎസ് കോളർ ഘടിപ്പിച്ച് ട്രാക്ക് ചെയ്യുന്ന വിധത്തിലാക്കണം. ദീർഘകാല അടിസ്ഥാനത്തിൽ കാട്ടാന ശല്യം തടയുന്നതിന് കേന്ദ്രസർക്കാർ കഴിഞ്ഞദിവസം ജില്ലക്കായി അനുവദിച്ച 1.93 കോടി രൂപ ഉപയോഗിച്ച് ശാസ്ത്രീയമായ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കണമെന്നും എംപി പറഞ്ഞു. കോടതി വിധി അനുകൂലമല്ലായെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ പോയിട്ടാണെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ജനങ്ങളുടെ ആശങ്കയ്ക്ക് അറുതി വരുത്തണമെന്നും എംപി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!