Idukki

ഓപ്പറേഷന്‍ സരള്‍ രാസ്‌ത: ഇടുക്കിയില്‍ നാല്‌ റോഡുകളില്‍ വിജിലന്‍സ്‌ പരിശോധന

തൊടുപുഴ: റോഡുനിര്‍മാണം, അറ്റകുറ്റപ്പണികള്‍ എന്നിവയുമായി ബന്ധപ്പെട്ടു നടക്കുന്ന ക്രമക്കേടുകള്‍ കണ്ടെത്തുന്നതിനായി വിജിലന്‍സിന്റെ ഓപ്പറേഷന്‍ സരള്‍ രാസ്‌ത പരിശോധന ഇടുക്കിയില്‍ നടത്തി.പൊതുമരാമത്ത്‌ വകുപ്പ്‌ റോഡു വിഭാഗം, തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലെ എഞ്ചിനീയറിങ്‌ വിഭാഗം എന്നിവിടങ്ങളിലെ ഉദ്യോഗസ്‌ഥര്‍ കരാറുകാരുമായി ചേര്‍ന്ന്‌ നടത്തുന്ന അഴിമതികള്‍ കണ്ടെത്തുന്നതിനായിരുന്നു വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
ഇടുക്കിയില്‍ പരിശോധന നടത്തിയ നാല്‌ റോഡുകളിലും ക്രമക്കേട്‌ കണ്ടെത്തിയതായി വിജിലന്‍സ്‌ അധികൃതര്‍ പറഞ്ഞു. റീ ടാര്‍ ചെയ്‌ത്‌ ആറുമാസം തികയും മുന്‍പേ തകര്‍ന്ന റോഡുകളിലാണ്‌ വിജിലന്‍സ്‌ പരിശോധന നടത്തിയത്‌. തൊടുപുഴ ഇടവെട്ടി – തെക്കുംഭാഗം പൊതുമരാമത്ത്‌ റോഡ്‌, തൊടുപുഴ നഗരസഭയുടെ മങ്ങാട്ടുകവല ബസ്‌ സ്‌റ്റാന്‍ഡ്‌, കുമ്മംകല്ല്‌ – ഉണ്ടപ്ലാവ്‌ നഗരസഭ റോഡ്‌, രാജകുമാരി പഞ്ചായത്തിലെ കുളപ്പാറച്ചാല്‍ – ഇല്ലിപ്പാലം എന്നീ റോഡുകളിലാണ്‌ പരിശോധന നടത്തിയത്‌. ഇവയെല്ലാംതന്നെ റീ ടാര്‍ ചെയ്‌ത്‌ അധികം വൈകാതെ തകര്‍ന്നവയാണ്‌. ഇതുസംബന്ധിച്ച്‌ ജനങ്ങളും ജനപ്രതിനിധികളും പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തിയത്‌. ആധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ പരിശോധനയുടെ ഭാഗമായി റോഡില്‍ നിന്നും ശേഖരിച്ച ടാര്‍, കല്ല്‌ ഉള്‍പ്പെടെയുള്ളവ ശാസ്‌ത്രീയ പരിശോധനക്ക്‌ തിരുവനന്തപുരത്തെ ലാബിലേക്ക്‌ അയച്ചു. ഇതോടൊപ്പം ഈ റോഡുകള്‍ ടാര്‍ ചെയ്യാനുള്ള പണികളുടെ എസ്‌റ്റിമേറ്റ്‌ ഉള്‍പ്പെടെയുള്ള രേഖകളും ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു. വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനയ്‌ക്ക്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എ.ഫിറോസ്‌, ടിപ്‌സന്‍ തോമസ്‌, സി. വിനോദ്‌, മഹേഷ്‌ പിള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!