Kerala

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ്‌ സമയം നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റിന്റെ സമയം നീട്ടി. നാളെ 5 മണി വരെയാണ് സമരം നീട്ടി നല്‍കിയത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് തിരുത്തലിനുള്ള സമയം നീട്ടി നല്‍കിയതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത്. തിരുത്തലിന് വേണ്ടിയും ഓപ്ഷന്‍ മാറ്റുന്നതിന് വേണ്ടിയും സമയവും അനുവദിച്ചു. എന്നാല്‍ സൈറ്റില്‍ പ്രവേശിച്ച ഭൂരിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും സെര്‍വര്‍ ഡൌണ്‍ ആയതിനാല്‍ തിരുത്തല്‍ വരുത്തുന്നതിന് കഴിഞ്ഞില്ല. കൂടുതല്‍ സെര്‍വറുകള്‍ ഉപയോഗിച്ച് പ്രശ്‌നം പിന്നീട് പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചെങ്കിലും വളരെയേറെ കുട്ടികള്‍ക്ക് ഇനിയും ഓപ്ഷന്‍ തിരുത്തലിന് സാധിച്ചിട്ടില്ല.

പരീക്ഷകള്‍, സ്ഥലം മാറ്റം തുടങ്ങി ഹയര്‍ സെക്കണ്ടറിയുടെ എല്ലാ കാര്യങ്ങളും ഒരേ സെര്‍വറുമായാണ് ലിങ്ക് ചെയ്തിരുന്നത്. ഒരേ സമയത്ത് കൂടുതല്‍ പേര്‍ ലോഗിന്‍ ചെയ്തതോടെ സെര്‍വര്‍ ഡൌണാകുകയായിരുന്നു. സെര്‍വര്‍ ശേഷി കൂട്ടിയില്ലെങ്കില്‍ ആദ്യ അലോട്‌മെന്റ് പ്രസിദ്ധീകരിക്കുമ്പോള്‍ വലിയ പ്രശ്‌നമുണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടി കാട്ടിയിരുന്നു. ഇത് വക വെക്കാതെ ട്രയല്‍ പ്രസിദ്ധീകരിച്ചതാണ് വിദ്യാര്‍ത്ഥികളേയും രക്ഷിതാക്കളേയും വലച്ചത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് ഒടുവില്‍ സമയ പരിധി നീട്ടാന്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകള്‍ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഈ പത്തു ശതമാനം മാറ്റി നിര്‍ത്തിയാകും അലോട്‌മെന്റ് നടത്തുക. ട്രയല്‍ അലോട്ട്‌മെന്റ് തുടങ്ങിയ ശേഷമുള്ള നീക്കം കൂടുതല്‍ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെരിറ്റ് ആയി കണക്കാക്കിയ ട്രയല്‍ അലോട്‌മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകള്‍ ആണ് മാറ്റുന്നത്. ഇത്രയും സീറ്റില്‍ ട്രയല്‍ ഘട്ടത്തില്‍ വന്ന കുട്ടികള്‍ ഒന്നാം അലോട്‌മെന്റില്‍ പുറത്താകുമോ എന്നും ആശങ്ക ഉണ്ട്. ട്രയല്‍ അലോട്‌മെന്റ് പ്രസിദ്ധീകരിച്ച ശേഷം അപ്പീല്‍ പോകാന്‍ തീരുമാനിച്ചതാണ് പ്രശ്‌നം.

Related Articles

Back to top button
error: Content is protected !!