Idukki

ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ചു

 

സാര്‍വ്വത്രിക രോഗ പ്രതിരോധ ചികില്‍സാ പരിപാടിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിനേഷന്‍ ഇടുക്കി ജില്ലയില്‍ ആരംഭിച്ചു. പുതിയതായി ആരംഭിച്ച ഈ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പല തരത്തിലുള്ള സംശയങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. അത്തരം സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.

1. ന്യൂമോകോക്കല്‍ രോഗം തടയുന്നതിന് സാര്‍വ്വത്രിക പ്രതിരോധ ചികില്‍സാ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കുത്തിവയ്പ് ഏത്?

ന്യൂമോകോക്കല്‍ കോണ്‍ ജുഗേറ്റ് വാക്സിന്‍ അഥവാ പി.സി .വി.

2 .എന്തിനാണ് ശിശുക്കള്‍ക്ക് ഈ വാക്സിന്‍ നല്‍കുന്നത്?

ഈ കുത്തിവയ്പിലൂടെ ശിശുക്കളിലെ ന്യൂമോകോക്കല്‍ രോഗബാധയും അതുമൂലമുള്ള മരണവും ഒഴിവാക്കാം. മാത്രമല്ല ഇതിലൂടെ സമൂഹത്തിലെ ഇതര വിഭാഗങ്ങള്‍ക്കും ഈ രോഗബാധയ്ക്കുള്ള സാദ്ധ്യത കുറയ്ക്കാം

3 .ഏതെല്ലാം രോഗങ്ങളാണ് ന്യൂമോകോക്കല്‍ രോഗാണുബാധമൂലം ഉണ്ടാകുന്നത്?

മെനിഞ്ചൈറ്റിസ്, സെപ്റ്റിസീമിയ, ന്യൂമോണിയ, സൈനു സൈറ്റിസ്, തുടങ്ങിയവ

4 .ഈ കുത്തിവയ്പ്പിന് എത്ര ഡോസുകള്‍ ഉണ്ട് ?

മൂന്ന് ഡോസുകള്‍.

5 .ഏതെല്ലാം പ്രായത്തിലാണ് ഈ ഡോസുകള്‍ നല്‍കുന്നത്?

ആഴ്ച്ച ഒന്നാം ഡോസ് ,14 ആഴ്ച്ച രണ്ടാം ഡോസ്,9 മാസം മൂന്നാം ഡോസ് .

6. എല്ലാ ശിശുക്കള്‍ക്കും ഈ വാക്സിന്‍ നല്‍കാമോ?

മാസം തികയാതെ ജനിച്ച ശിശുക്കള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, പോഷക ന്യൂനതയുള്ളവരുള്‍പ്പെടെയുള്ള എല്ലാ ശിശുക്കള്‍ക്കും ഈ വാക്സിന്‍ നല്‍കാം. വാക്സിന്‍ ഘടകങ്ങളോട് അലര്‍ജിയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ പാടില്ല.

7. ഈ വാക്സിനേഷന്‍ മൂലം ഉണ്ടാകാന്‍ സാദ്ധ്യതയുള്ള പാര്‍ശ്വഫലങ്ങള്‍ ഏതെല്ലാമാണ?

ചെറിയ പനി,കുത്തിവച്ച ശരീര ഭാഗത്ത് ചെറിയ വേദന എന്നീ പാര്‍ശ്വഫലങ്ങള്‍ കുത്തിവയ്പ്പെടുത്ത 5% ശിശുക്കളില്‍ ഉണ്ടാകാം. ഒരു ഡോസ് പാരസെറ്റമോള്‍ നല്‍കി ഈ പാര്‍ശ്വഫലങ്ങളില്‍ നിന്ന് മുക്തി നേടാം.

8. എത്ര അളവ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നല്‍ കുന്നത്?
0.5 മി.ലി.

9 ശരീരത്തില്‍ എവിടെയാണ് ഈ വാക്സിന്‍ കുത്തിവയ്ക്കുന്നത്?
വലതുകാലിലെ മധ്യ തുടയുടെ ആന്റിറോ ലാറ്ററല്‍ വശത്ത്.

10. ഈ വാക്സിന്‍ സൗജന്യമാണോ?
സാര്‍വ്വത്രിക രോഗ പ്രതിരോധ ചികില്‍സാ പരിപാടിയുടെ ഭാഗമായി നല്‍കുന്ന ഈ വാക്സിന്‍ പൂര്‍ണ്ണമായും സൗജന്യമാണ്.

11. ഒരു ദിവസം ഒന്നിലധികം പ്രതിരോധ കുത്തിവയ്പുകള്‍ നല്‍കാമോ?

ഒരു ദിവസം തന്നെ ഒന്നിലധികം പ്രതിരോധ കുത്തിവയ്പുകള്‍ സുരക്ഷിതമായി നല്‍കാം. ഇതിലൂടെ പലരോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷി ആര്‍ജ്ജിക്കാം .പല തവണത്തെ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കാം.

പുതിയതായി ആരംഭിച്ചിരിക്കുന്ന ഈ വാക്സിനേഷന്‍ അര്‍ഹരായ എല്ലാ ശിശുക്കള്‍ക്കും ഉറപ്പാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ എന്‍.അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട നിശ്ചിത യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പും സഹിതം ഒക്ടോബര്‍ 22ന് വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് അപേക്ഷ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. തുടര്‍ന്ന് നടക്കുന്ന ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത- സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നുവര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോര്‍പ്പറേഷന്‍ പ്രാക്ടീസ് (ഡിസിപി) /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷനോ, പിജിഡിസിഎയോ പാസായിരിക്കണം. 2021 ജനുവരി ഒന്നിന് 18 നും 33 നും ഇടയില്‍.

സൈബര്‍ ജാഗരൂകതാ മാസാചരണം

ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ സൈബര്‍ ജാഗരൂകതാ മാസം ആചരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ നാലാം തീയതി മുതല്‍ കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ജില്ലയിലുടനീളം സൈബര്‍ കുറ്റകൃത്യങ്ങളേക്കുറിച്ചും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളേക്കുറിച്ചുമുളള വിവിധങ്ങളായ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി വരികയാണ്. പ്രധാനമായും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുളള സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് എന്നിവ എങ്ങിനെ സുരക്ഷിതമായി ഉപയോഗിക്കാമെന്നും സൈബര്‍ ലോകത്തെ ചതിക്കുഴികളില്‍ പെടാതെ എങ്ങിനെ സുരക്ഷിതമാകാമെന്നതിനെപ്പറ്റിയും വര്‍ക്ക് ഷോപ്പുകളും സെമിനാറുകളും നടത്തി വരുന്നു. കൂടാതെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തെകുറിച്ച് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും വേണ്ടിയുളള കേരളാ പോലീസിന്റെ www.kidglove.in എന്ന വെബ് പോര്‍ട്ടലിനെക്കുറിച്ചും പരിചയപ്പെടുത്തുന്നുണ്ട്. ജനമൈത്രി പോലീസിന്റേയും സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റേയും ആഭിമുഖ്യത്തിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച സൈബര്‍ ജാഗരൂകതാ ദിവസം ആയി ആചരിക്കുന്നതിനും അന്നേ ദിവസം സൈബര്‍ സുരക്ഷയെ സംബന്ധിച്ച വിവിധതരം പരിപാടികള്‍ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളും, ഓണ്‍ലൈന്‍ തട്ടിപ്പുകളും വര്‍ദ്ധിച്ചു വരുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍. കറുപ്പസാമിയുടെ നിര്‍ദ്ദേശാനുസരണം സൈബര്‍ ലോകത്തെ സുരക്ഷിതമായ ഇടപെടലുകളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ക്ലാസുകള്‍ ജില്ലാ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ. പ്രേംകുമാര്‍. കെ., സീനിയര്‍ സി.പി.ഒ. പ്രതാപ്. എന്‍. തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്.

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മറ്റി നടത്തുന്ന ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

1. ഓട്ടോ കാഡ് 2 ഡി & 3 ഡി
2. റ്റി ഐ ജി & എം ഐ ജി വെല്‍ഡിങ്
3. വയറിങ്
4. സി സി റ്റി വി ടെക്നീഷ്യന്‍
5. ഇലക്ട്രിക് എ ആര്‍ സി & ഗ്യാസ് വെല്‍ഡിങ്
6. കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ & നെറ്റ് വര്‍ക്ക്
7. സാനിട്ടറി ഹാര്‍ഡ്വയര്‍ ഫിറ്റര്‍
എന്നിവയാണ് കോഴ്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04868 272216

Related Articles

Back to top button
error: Content is protected !!