Kerala

തൃശൂരിൽ ‘ഭാരത് അരി’ വിതരണം തടഞ്ഞ് പോലീസ്

 

തൃശൂര്‍: മുല്ലശേരിയില്‍ ഭാരത് അരി വിതരണം തടഞ്ഞ് പോലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നിലനില്‍ക്കുന്നതിനിടെയാണ് അരി വില്‍പ്പന പോലീസ് തടഞ്ഞത്.ഏഴാം വാര്‍ഡില്‍ വ്യാഴാഴ്ചയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. മോദിയുടെ അരിയും പരിപ്പും തൃശൂരില്‍ വേവില്ലെന്ന് ടി എന്‍ പ്രതാപന്‍ എം പി നേരത്തെതുറന്നടിച്ചിരുന്നു. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടെന്ന് സിപിഐയും കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍, സുരേഷ് ഗോപിക്ക് ജയിക്കാന്‍ വേണ്ടി നടപ്പാക്കുന്ന പദ്ധതിയല്ലെന്നും, രാജ്യത്താകെ അരി വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ബിജെപിയുടെ മറുപടി.

ഭാരത് അരിക്കെതിരെ വി കെ ശ്രീകണ്ഠന്‍ എം പിയും രംഗത്തെത്തിയിരുന്നു. ഭാരത് അരി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്യുന്നത് രാജ്യത്തെ എംപിമാര്‍ അറിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്‍സിസിഎഫ് വഴി അരിവിതരണം നടക്കുമെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. എന്നാല്‍ ബിജെപി നേതാക്കളാണ് അരി വിതരണം ഉദ്ഘാനം ചെയ്തത്.

ഇതൊരു തെരഞ്ഞെടുപ്പ് തന്ത്രമാണ്. ജില്ലയിലെ കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍, തിരഞ്ഞെടുപ്പ് നാടകം കളിക്കുന്ന ബിജെപി കര്‍ഷകരോട് മാപ്പ് പറയണമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു. വോട്ട് ലക്ഷ്യമിട്ടുള്ള ഭാരത് അരി പാലക്കാട് വേവില്ല. ഇത്തരത്തിലുള്ള അരി വിതരണം നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!