Idukki

പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശിച്ച്‌ ആയിരങ്ങള്‍

ഇടുക്കി: പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്താല്‍ സായുജ്യമടഞ്ഞ് ആയിരക്കണക്കിന് ഭക്തര്‍ മലയിറങ്ങി.ദിവസം മുഴുവന്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ശനിയാഴ്ച വൈകീട്ട് 6.46നാണ് മകരജ്യോതി തെളിഞ്ഞത്. ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം എത്തിയ ആയിരക്കണക്കിന് ഭക്തര്‍ ശരണം വിളികളോടെ ജ്യോതിയെ വണങ്ങി. 5528 ഭക്തരാണ് ഇത്തവണ മകരജ്യോതി ദര്‍ശനത്തിന് പുല്ലുമേട്ടിലെത്തിയത്.

 

വള്ളക്കടവ് വഴി 1390, സത്രം വഴി 2010, ശബരിമലയില്‍നിന്ന് 2411 പേരടക്കം 5528 പേരാണ് പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് എത്തിയത്. ഇതില്‍ 283 പേര് മകരജ്യോതി ദര്‍ശനത്തിന് മുന്നേ ശബരിമലയിലേക്ക് മടങ്ങി. പുല്ലുമേട്ടിലെ കനത്ത മൂടല്‍മഞ്ഞ് ദര്‍ശനത്തിന് വ്യക്തത കുറച്ചെങ്കിലും ഭക്തര്‍ ആവേശത്തിലായിരുന്നു. പുല്ലുമേട്ടില്‍ എത്തിയ അയ്യപ്പഭക്തര്‍ മകരജ്യോതി ദിനത്തിലെ സായംസന്ധ്യയെ ശരണം വിളികളാല്‍ മുഖരിതമാക്കി. മകരജ്യോതി ദര്‍ശിച്ച ശേഷം ഏഴ് മണിയോടെയാണ് പുല്ലുമേട്ടില്‍നിന്നു ഭക്തരുടെ മടക്കം തുടങ്ങിയത്.കോവിഡിന് ശേഷം ഇതാദ്യമായാണ് പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിന് അവസരമൊരുക്കിയത്. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലും പരമ്ബരാഗത പാതകളിലും വിപുലമായ സൗകര്യങ്ങളാണ് സജ്ജീകരിച്ചത്. സുരക്ഷ ഗതാഗത ക്രമീകരണങ്ങള്‍ക്കായി 1400 പൊലീസ് ഉദ്യോഗസ്ഥരും 155 വനം വകുപ്പ് ഉദ്യോഗസ്ഥരും സേവനരംഗത്ത് ഉണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് മകരവിളക്കിനോടനുബന്ധിച്ച്‌ പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിച്ചിരുന്നു.

 

കെ.എസ്.ആര്‍.ടി.സി കുമളി ഡിപ്പോയില്‍നിന്ന് വള്ളക്കടവ്- കോഴിക്കാനം റൂട്ടില്‍ 65 ബസ് സര്‍വിസ് നടത്തി. കലക്ടര്‍ ഷീബ ജോര്‍ജ്, റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, ജില്ല പൊലീസ് മേധാവി വി.യു. കുര്യാക്കോസ്, എ.ഡി.എം ഷൈജു പി. ജേക്കബ്, സബ് കലക്ടര്‍ അരുണ്‍ എസ്. നായര്‍, ഡെ. കലക്ടര്‍ കെ. മനോജ്, ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജ്യോതിഷ് ജെ. ഒഴാക്കല്‍, പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസ്, തഹസില്‍ദാര്‍ പി.എസ്. സുനികുമാര്‍ തുടങ്ങിയവര്‍ പുല്ലുമേട്ടില്‍ എത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!