ChuttuvattomThodupuzha

റേഷന്‍ കടകളടച്ച് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി പ്രതിഷേധം 7ന്

തൊടുപുഴ: റേഷന്‍ മേഖലയോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി 7ന് റേഷന്‍ കടകളടച്ച് സെക്രട്ടേറിയറ്റിനുമുന്നിലും അതാതു ജില്ലാ കേന്ദ്രങ്ങളിലും മാര്‍ച്ചും പ്രതിഷേധധര്‍ണയും നടത്തുമെന്ന് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ജോണി നെല്ലൂര്‍ അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ പൊതുവിതരണ മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, റേഷന്‍ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. പ്രശ്‌നത്തിനു ശാശ്വതപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചികാലത്തേക്ക് റേഷന്‍ കടകള്‍ അടച്ചിടുന്ന നടപടിയിലേക്ക് നീങ്ങുമെന്നും ഭാരഭാഹികള്‍ മുന്നറിയിപ്പു നല്‍കി.

ഇ-പോസ് മെഷീന്‍ തകരാര്‍ മൂലം റേഷന്‍ വ്യാപാരികളും ഗുണഭോക്താക്കളും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. റേഷന്‍ വിതരണത്തിനിടെ കുടുംബങ്ങളുടെ മസ്റ്ററിംഗ് നടത്തേണ്ടിവരുന്നതുമൂലം മെഷീന്റെ പ്രവര്‍ത്തനം സ്തംഭിക്കുകയാണ്. സമയക്രമം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ ഫലം ചെയ്യാത്ത സ്ഥിതിയാണ്. റേഷന്‍ വിഹിതം വെട്ടികുറയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. ബജറ്റില്‍ വകയിരുത്തിയ തുക മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എട്ടുശതമാനത്തോളം കുറവാണ്. ഇത് സംസ്ഥാനത്തെ റേഷന്‍ വിതരണത്തെ കാര്യമായി ബാധിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!