ChuttuvattomThodupuzha

പുഴയോര ബൈപാസ് : കെട്ടിടം പൊളിക്കല്‍ : ചെയര്‍മാനെതിരേ പ്രതിപക്ഷം

തൊടുപുഴ : പുഴയോര ബൈപാസിന്റെ പ്രവേശന ഭാഗത്തെ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുനിസിപ്പല്‍ ചെയര്‍മാനെതിരേ ആരോപണവുമായി പ്രതിപക്ഷം രംഗത്ത്. കെട്ടിടം ഉടന്‍ പൊളിച്ചു മാറ്റുമെന്ന നഗരസഭ ചെയര്‍മാന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ.ജോസഫ് ജോണ്‍ ആരോപിച്ചു. കെട്ടിടം ഏറ്റെടുക്കുന്നതിനായി 27 ലക്ഷം രൂപ അനുവദിച്ചെന്നും ഇത് കൈമാറുന്ന മുറയ്ക്ക് ഉടന്‍ തന്നെ പൊളിച്ചു നീക്കുന്ന നടപടികള്‍ ആരംഭിക്കുമെന്നുമാണ് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ ഇത് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമം മാത്രമാണെന്നും തുടര്‍ നടപടികള്‍ക്ക് സമയമെടുക്കുമെന്നുമാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്. കെട്ടിടം സ്ഥിതി ചെയ്യുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കിയാല്‍ വിട്ടു തരാമെന്നുള്ള ഉടമസ്ഥന്റെ സമ്മതപത്രം ഒരു വര്‍ഷം മുമ്പ് ലഭിച്ചിരുന്നതായി ജോസഫ് ജോണ്‍ പറഞ്ഞു. ഇതെ തുടര്‍ന്ന് വസ്തു ഏറ്റെടുക്കുന്നതിന് പി.ജെ.ജോസഫ് എംഎല്‍എ സര്‍ക്കാരില്‍ നിവേദനം നല്‍കി.

നിരവധി തവണ സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് 2024 ഫെബ്രുവരി 21ന് 27 ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. 2012 ലെ പുതിയ വസ്തു ഏറ്റെടുക്കല്‍ നിയമപ്രകാരം ഏതെങ്കിലും വസ്തു ഏറ്റെടുക്കുന്നതിനുള്ള ആദ്യത്തെ നടപടി സാമൂഹികാഘാത പഠനം നടത്തുക എന്നതാണ്. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ അഭിപ്രായം ആരായുകയും നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യണം. ഈ നടപടിയാണ് ഇപ്പോള്‍ നടന്നത്. വസ്തു ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകളില്‍ 10 ശതമാനം നടപടിക്രമം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇനി ആഘാത പഠനത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കണം. ഈ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ അംഗീകരിക്കണം. തുടര്‍ന്ന് ആക്ഷേപം ക്ഷണിച്ച് പ്രാഥമിക നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കണം. ഇതിന് സര്‍ക്കാര്‍ മുന്‍കൂര്‍ അനുമതി നല്‍കണം.

ഇത് ഗസറ്റിലും രണ്ട് പത്രങ്ങളിലും പ്രസിദ്ധപ്പെടുത്തണം. തുടര്‍ന്ന് ഏറ്റെടുക്കേണ്ട വസ്തു അളന്ന് തിട്ടപ്പെടുത്തിയ ശേഷം വില്ലേജ് റിക്കാര്‍ഡുകളില്‍ ചേര്‍ക്കണം. ഇതേ തുടര്‍ന്ന് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അടിസ്ഥാന വില നിശ്ചയിക്കണം. നിലവിലുള്ള ആധാരത്തിന്റെ അടിസ്ഥാനത്തില്‍ വില നിശ്ചയിച്ച ശേഷം ജില്ലാ കളക്ടറുടെ അംഗീകാരം വാങ്ങുകയാണ് അടുത്ത പടി. ഇതിനുശേഷം അവാര്‍ഡ് പാസാക്കാന്‍ റിപ്പോര്‍ട്ട് തയാറാക്കി ജില്ലാ കളക്ടറുടെ അംഗീകാരത്തിന് സമര്‍പ്പിക്കണം. ഡ്രാഫ്റ്റ് ഡിക്ലറേഷന്‍ തയാറാക്കി സര്‍ക്കാരില്‍ സമര്‍പ്പിച്ച് പ്രത്യേക അനുമതി വാങ്ങി വീണ്ടും പത്രത്തിലും ഗസറ്റിലും പ്രസിദ്ധപ്പെടുത്തണം. പിന്നീട് ജില്ലാ കളക്ടര്‍ അവാര്‍ഡ് പാസാക്കുകയും ചെയ്താലേ ഉടമസ്ഥന് വസ്തുവിന്റെ വില നല്‍കാന്‍ കഴിയൂ.

എല്ലാ സ്ഥലമെടുപ്പ് നടപടികളും പൂര്‍ത്തിയായ ശേഷം കെട്ടിടം പൊളിച്ചു മാറ്റി ആ ഭാഗത്തെ റോഡ് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയറാക്കി സര്‍ക്കാര്‍ അനുമതി നല്‍കി ടെന്‍ഡര്‍ ചെയ്താല്‍ മാത്രമേ  ജോലികള്‍ ആരംഭിക്കാന്‍ കഴിയു.സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങളുടെ 90 ശതമാനം ഇനിയും പൂര്‍ത്തിയാകാനിരിക്കെ വസ്തു ഏറ്റെടുത്ത് കെട്ടിടം ഉടന്‍ പൊളിക്കും എന്നുള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മാത്രമാണ്. റോഡിന്റെ മറുവശത്ത് സര്‍ക്കാര്‍ ഇതിനോടകം ഏറ്റെടുത്ത കെട്ടിട ഭാഗം പൊളിച്ചു നീക്കുന്നത് ചിലര്‍ തടഞ്ഞിരിക്കുകയാണ്. മാരിയില്‍ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മാണത്തിനുള്ള പുതിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ട് ഇതിന് അംഗീകാരം നല്‍കാതെ ഒരു വര്‍ഷമായി ചുവപ്പു നാടയില്‍ കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!