Idukki

റോഡിന് കുറുകെ ചാടിയ മ്ലാവ് വാഹനങ്ങളിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി: റോഡിന് കുറുകെ ചാടിയ മ്ലാവ് ഓട്ടോറിക്ഷയിലും ബൈക്കിലുമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്.ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ വണ്ടിപ്പെരിയാര്‍- വള്ളക്കടവ് റോഡിലായിരുന്നു അപകടം. തേയില തോട്ടത്തിലൂടെ പാഞ്ഞു വന്ന മ്ലാവ് റോഡിന് കുറുകെ ചാടി ഇതുവഴി വന്ന ഓട്ടോറിക്ഷയില്‍ ഇടിയ്ക്കുകയായിരുന്നു. ഓട്ടോഡ്രൈവറായ വണ്ടിപെരിയാര്‍ തങ്കമല സ്വദേശിയായ രമേശിന് (43) പരിക്കേറ്റു. തുടര്‍ന്ന് എതിരെ വന്ന ബൈക്കിലും മ്ലാവ് ഇടിച്ചു.

ബൈക്ക് യാത്രികനായ ജിതിന് (21) കൈയ്ക്കും കാലിനും പരിക്കേറ്റു. അപകടത്തില്‍ ഓട്ടോറിക്ഷയ്ക്കും ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരെ വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും വണ്ടിപ്പെരിയാര്‍ പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇത് നാലാം തവണയാണ് മ്ലാവ് റോഡിന് കുറുകെ ചാടി വാഹനാപകടമുണ്ടാകുന്നത്. മുമ്പ് സമാനമായ രീതിയില്‍ രണ്ട് ഓട്ടോറിക്ഷയും ബൈക്കും അപകടത്തില്‍പ്പെട്ടിരുന്നു. പ്രദേശത്ത തേയിലക്കാടിനുള്ളില്‍ രണ്ട് മ്ലാവുകള്‍ സ്ഥിരമായി തമ്പടിച്ചിട്ടുള്ളതായി എസ്റ്റേറ്റ് വാച്ചര്‍ പറഞ്ഞു. ഇതിനെ പിടികൂടി വനത്തില്‍ തിരിച്ചയക്കണമെന്ന ആവശ്യം ശക്തമായി.

 

 

Related Articles

Back to top button
error: Content is protected !!