ChuttuvattomThodupuzha

ശുചിത്വ മാലിന്യ സംസ്‌കരണ കര്‍മ്മ പദ്ധതി : മാലിന്യ നീക്കം അവതാളത്തില്‍

തൊടുപുഴ : നഗരസഭയിലെ സ്ഥാപനങ്ങളില്‍ ശുചിത്വ മാലിന്യ സംസ്‌കരണവും മറ്റും മികച്ച രീതിയില്‍ നടപ്പാക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്കിടയിലും മാലിന്യ നീക്കം അവതാളത്തില്‍. നഗരസഭയുടെ ഹരിത പദവി ലഭിച്ച സ്ഥാപനത്തിനു മുന്നില്‍ പോലും മലിന വസ്തുക്കള്‍ കൂടിക്കിടക്കുകയാണ്. മുമ്പ് നഗരസഭയുടെ വാഹനത്തിലെത്തി സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ചിരുന്നെങ്കിലും ഇപ്പോള്‍ മാലിന്യ ശേഖരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കുകയാണ്. തൊടുപുഴ മിനി സിവില്‍ സ്റ്റേഷനിലെ സ്ഥാപനങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിയാണ് മാലിന്യം ശേഖരിച്ചിരുന്നത്. അതാതു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ശുചീകരണ ജോലിക്കാര്‍ മാലിന്യം വാഹനത്തിലെത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ വാഹനം വരാതായതോടെ പല സ്ഥാപനങ്ങളിലെയും മാലിന്യ നീക്കവും അവതാളത്തിലായി.

നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഹരിത പദവി ലഭിച്ച തൊടുപുഴ പ്രിന്‍സിപ്പില്‍ കൃഷി ഓഫീസിനു മുന്നില്‍ മാലിന്യം കൂട്ടിയിട്ട നിലയിലാണ്. ഹരിത കേരളം മിഷന്‍ അധികൃതര്‍ സ്ഥാപനത്തിലെത്തി പരിശോധന നടത്തിയ ശേഷമാണ് ഹരിത പദവി നല്‍കുന്നത്. എന്നാല്‍ ഇവിടെ ഓഫീസിനു മുന്നില്‍ ജനങ്ങളും ജീവനക്കാരും സഞ്ചരിക്കുന്ന വരാന്തയിലാണ് ചാക്കില്‍ കെട്ടിയ നിലയിലും വേസ്റ്റ് ബക്കറ്റിലുമായി ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മലിന വസ്തുക്കള്‍ ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്നത്. ഗ്രീന്‍ പ്രോട്ടോകോള്‍ പരിപാലനം, ശുചിത്വ മാലിന്യ സംസ്‌കരണം എന്നിവ ഉള്‍പ്പെടെ മികച്ച രീതിയില്‍ നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ഹരിത പദവി നല്‍കുന്നത്. നഗരസഭയുടെ മാലിന്യ നീക്കം നിലച്ചതാണ് പല സ്ഥാപനങ്ങള്‍ക്കു മുന്നിലും മലിന വസ്തുക്കള്‍ കുമിയാന്‍ കാരണമെന്ന് സ്ഥാപന അധികൃതര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!