ChuttuvattomIdukki

ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ച:ഡാമിലേക്കുള്ള സന്ദർശനം ഇനി ബഗ്ഗി കാറുകളിൽ മാത്രം

ചെറുതോണി: ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ചയെ തുടർന്ന് ഡാമിലേക്കുള്ള സന്ദർശനം ഇനി ബഗ്ഗി കാറുകളിൽ മാത്രം അനുവദിക്കാൻ കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസം വിഭാഗം തീരുമാനിച്ചു. പുതിയ നിബന്ധനകൾ നടപ്പാക്കുന്നതിന്റെ ഭാഗമായി ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സ്ഥലം സന്ദർശിച്ച് ജീവനക്കാരുമായി ചർച്ചകൾ നടത്തി. വിനോദ സഞ്ചാരികളെ അണക്കെട്ടിന് മുകളിലൂടെ നടന്ന്‌പോകുവാൻ അനുവദിക്കില്ല. അണക്കെട്ടിലേക്കുള്ള സഞ്ചാരികളുടെ സുഗമമായ സന്ദർശനം ഉറപ്പാക്കാൻ കൂടുതൽ ബഗ്ഗി കാറുകൾ വാങ്ങുമെന്ന് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ നരേന്ദ്ര നാഥ് വെല്ലൂരി പറഞ്ഞു.

ഇടുക്കി അണക്കെട്ടിലെ ഹൈഡൽ ടൂറിസം കേന്ദ്രം ഗ്രീൻ എനർജിയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 14 സീറ്റുകളുള്ള അഞ്ച് ബഗ്ഗി കാറുകൾ വാങ്ങാനും കെ.ടി.എച്ച്.സി തീരുമാനമെടുത്തു. ബഗ്ഗി കാറുകളുടെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകും. അണക്കെട്ട് സന്ദർശിക്കാൻ തെരഞ്ഞെടുത്ത മൂന്ന് പോയിന്റുകളിൽ മാത്രം ബഗി കാറുകൾ നിർത്തി സഞ്ചാരികൾക്ക് കാഴ്ചകൾ കാണാം. ഒരുദിവസം പരമാവധി 1400 പേർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഓൺലൈൻ ടിക്കറ്റുകൾ വഴി ആയിരിക്കും പ്രവേശനം നടത്തുന്നത്. പ്രവേശന പാസും ബഗ്ഗി കാർ യാത്രയുൾപ്പെടെ 100 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടിന് സമീപമുള്ള നിലവിലെ ടിക്കറ്റ് കൗണ്ടർ വെള്ളാപ്പാറ ഗസ്റ്റ് ഹൗസിലേക്ക് മാറ്റും. കുടിവെള്ളമുൾപ്പെടെയുള്ള ഒരു സാധനവും അണക്കെട്ടിന്റെ പരിസരത്തേക്ക് കൊണ്ടു പോകാൻ അനുവദിക്കുകയില്ല. സുരക്ഷയും മറ്റ് ക്രമീകരണങ്ങളും പൂർത്തിയാക്കി വർഷം മുഴുവനും സന്ദർശകരെ പ്രവേശിപ്പിക്കാൻ പദ്ധതിയിടുന്നതായും ഹൈഡൽ ടൂറിസം വകുപ്പ് ഡയറക്ടർ പറഞ്ഞു.

സുരക്ഷാ വീഴ്ചയെ തുടർന്ന് സെപ്റ്റംബർ രണ്ടാം വാരം മുതൽ ഇടുക്കി അണക്കെട്ടിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയ് 22ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറിന്റെ ഇരുമ്പു വടത്തിൽ ഒറ്റപ്പാലം സ്വദേശിയായ യുവാവ് ദ്രാവകം ഒഴിക്കുകയും, ഉയരവിളക്കുകളിൽ താഴിട്ട് പൂട്ടുകയും ചെയ്തതിനെ തുടർന്നാണ് തീരുമാനം. കെ.എസ്.ഇ.ബി ഹൈഡൽ ടൂറിസം വിഭാഗം നൽകിയ സന്ദർശക ടിക്കറ്റിലാണ് പാലക്കാട് സ്വദേശിയായ യുവാവ് അണക്കെട്ടിൽ കയറിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ്, ഇടുക്കി ഡിവൈ.എസ്.പി ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടന്നുവരികയാണ്.

Related Articles

Back to top button
error: Content is protected !!