ChuttuvattomIdukki

ഇടുക്കി അണക്കെട്ടിലുണ്ടായത് ഗുരുതര സുരക്ഷാ വീഴ്ച്ച; സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരുന്ന അണക്കെട്ടുകള്‍ താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്

തൊടുപുഴ: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലുണ്ടായത് അതീവ ഗുരുതര സുരക്ഷാ വീഴ്ച. പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയ ശേഷമാണ് ചെറുതോണി ഡാമിലേക്ക് പ്രവേശനം അനുവദിക്കുക. ക്യാമറ, സ്മാര്‍ട്ട് ഫോണ്‍ പോലുള്ള ഗാഡ്ജറ്റ്സ് ഡാമില്‍ അനുവദിക്കാറുമില്ല. മെറ്റല്‍ ഡിറ്റക്ടര്‍ സംവിധാനവും പ്രവേശന കവാടത്തിലുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് പ്രതി താഴുകളും ദ്രാവകവുമായി ഡാമില്‍ കടന്നത്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റലിജന്‍സ് ബ്യൂറോ കേന്ദ്രത്തിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഒപ്പം വാടക കാറിലെത്തിയ മലപ്പുറം സ്വദേശികളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം പോലീസ്‌ വിട്ടയച്ചു.

ജൂലായ് 22ന് ഉച്ചകഴിഞ്ഞ് 3ന് ശേഷമാണ് സംഭവങ്ങളുടെ തുടക്കം. അകത്ത് പ്രവേശിച്ച യുവാവ് വിവിധ ഭാഗങ്ങളിലായി എട്ടു ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ കേബിളുകളുടെ മുകളില്‍ താഴിട്ട് പൂട്ടി. ഇത്തരത്തില്‍ 11 താഴുകളാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. തോളിലിടുന്ന ബാഗിലാണ് താഴുകള്‍ കൊണ്ടുവന്നതെന്നും ഇവ പ്രസ് ചെയ്ത് പൂട്ടുന്ന തരത്തിലുള്ളതാണെന്നും പോലീസ് അറിയിച്ചു. പിന്നീട് ചെറുതോണി ഡാമിന്റെ ഷട്ടറിന് സമീപമെത്തി. കുപ്പിയില്‍ കരുതിയിരുന്ന എന്തോ ദ്രാവകം ഷട്ടറുയര്‍ത്തുന്ന റോപ്പില്‍ ഒഴിച്ചതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. പിന്നീട് 5.30നാണ് യുവാവ് പുറത്തേക്ക് പോയത്. കഴിഞ്ഞ നാലിന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് താഴുകള്‍ കൂട്ടത്തോടെ കണ്ടെത്തിയത്. പിന്നീട് സി.സി ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് യുവാവിന്റെ നീക്കം തിരിച്ചറിഞ്ഞത്.

പിന്നാലെ അഞ്ചിന് ഇടുക്കി പൊലീസില്‍ പരാതിയും നല്‍കി. പിന്നാലെ കെ.എസ്.ഇ.ബി അധികൃതര്‍ താഴുകള്‍ മുറിച്ച് മാറ്റി, പോലീസ് ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. റോപ്പിനും മറ്റ് തകരാറുകളില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. രണ്ട് ദിവസമായി ഡാം സേഫ്റ്റി വിഭാഗം ചീഫ് എന്‍ജിനീയര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പരിശോധനയും യോഗങ്ങളും നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരുന്നത് താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടിയിലേക്ക് കടക്കും. ഇടുക്കി സംഭരണിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!