Thodupuzha

നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്കൊണ്ട് സഹികെട്ട് ജനങ്ങള്‍; നടപടി സ്വീകരിക്കുമെന്ന് നഗരസഭ

തൊടുപുഴ: ഒറ്റ രാത്രി കൊണ്ട് നഗരത്തിലെമ്പാടും പ്രത്യക്ഷപ്പെട്ട നോ പാര്‍ക്കിങ് ബോര്‍ഡ് കണ്ട് അന്തംവട്ടിരിക്കുകയാണ് തൊടുപുഴ ടൗണിലെ വ്യാപാരികളും യാത്രക്കാരും. നഗരത്തിലെത്തുന്നവരും ടാക്സി തൊഴിലാളികളും ഉള്‍പ്പെടെയുള്ളവര്‍ വാഹനം എവിടെ പാര്‍ക്ക് ചെയ്യുമെന്ന ആശങ്കയിലാണ്. സ്വകാര്യ ഇന്റര്‍നെറ്റ് ദാതാക്കള്‍ തൊടുപുഴ നഗരത്തിലെ റോഡരികില്‍ ഉടനീളം സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ വന്‍ ഗതാഗത കുരുക്കിനുമിടയാക്കി. നഗരത്തിലേക്കുള്ള പ്രവേശന കവാടങ്ങള്‍ മുതല്‍ ടൗണിന്റെ ഹൃദയഭാഗത്തെ പല സ്ഥലങ്ങളിലും നോ പാര്‍ക്കിംഗ് എന്നെഴുതിയിരിക്കുന്ന പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ വച്ചിരിക്കുന്ന ബോര്‍ഡുകള്‍ക്ക് സമീപം പാര്‍ക്ക് ചെയ്താല്‍ പോലീസ് പിഴ ഈടാക്കുമെന്ന ഭീതിയിലാണ് ആളുകള്‍. വൈദ്യുതി തൂണുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ വലിയ ഗതാഗത പ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്. ഗതാഗത ഉപദേശക സമിതിയോ, നഗരസഭയോ, അറിയാതെയാണ് തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരസ്യം സ്ഥാപിച്ച് നോ പാര്‍ക്കിങ് എന്നുള്ള ബോര്‍ഡ് വെച്ചിരിക്കുന്നത്. അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ ഉടന്‍ എടുത്തു മാറ്റുമെന്ന് തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു. നഗരത്തില്‍ എവിടെയൊക്കെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ടതെന്നും ചെയ്യാന്‍ പാടില്ലാത്തതെന്നും ട്രാഫിക് അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനം എടുത്തിട്ടുണ്ട്. ഇത് നടപ്പാക്കാന്‍ ട്രാഫിക് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു. നഗരത്തില്‍ ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കാനാണ് നഗരസഭയുടെയും പോലീസിന്റെയും തീരുമാനം.

Related Articles

Back to top button
error: Content is protected !!