Kerala

എസ്​.എസ്​.എൽ.സി, പ്ലസ്​ ടു പരീക്ഷ; ഗ്രേസ്​ മാർക്കിൽ നിയന്ത്രണത്തിനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് 2ദിവസത്തിനകം പുറത്തിറങ്ങും. നിശ്ചിത മാനദണ്ഡങ്ങളോടെയാകും ഗ്രേസ് മാര്‍ക്ക് നല്‍കുക. ഇതുസംബന്ധിച്ച ഉത്തരവ് അടുത്ത ദിവസം പുറത്തിറങ്ങുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അന്താരാഷ്ട്രതലത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിക്കാണ് ഹയര്‍സെക്കന്‍ഡറിയില്‍ 240 ഗ്രേസ് മാര്‍ക്കിന് വരെ അര്‍ഹതയുണ്ടായിരുന്നത്. അതാണ് 30 മാര്‍ക്കിലേക്ക് ചുരുക്കുന്നത്. സംസ്ഥാന, ദേശീയ തല മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ഗ്രേസ് മാര്‍ക്കിലും കുറവ് വരുത്തും. സംസ്ഥാനതല മത്സരത്തില്‍ ഒന്നാം സ്ഥാനം/ എ ഗ്രേഡ് നേടുന്നവര്‍ക്ക് 20 മാര്‍ക്ക് വരെ നല്‍കാനാണ് ധാരണ. രണ്ടാം സ്ഥാനം/ ബി ഗ്രേഡിന് 15ഉം സി ഗ്രേഡിന് പത്തും മാര്‍ക്ക് നല്‍കാനാണ് ധാരണ. ദേശീയ തല മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 25 മാര്‍ക്ക് വരെ ഗ്രേസ് മാര്‍ക്ക് അനുവദിച്ചേക്കും. ഒന്നില്‍ കൂടുതല്‍ ഇനങ്ങളില്‍ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടെങ്കില്‍ പരമാവധി മാര്‍ക്ക് നിയന്ത്രിക്കും. എ പ്ലസ് നേട്ടം വരെയുള്ളവക്കായിരിക്കും അനുവദിക്കുക. അതിന് മുകളില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കില്ല. നിലവില്‍ പരീക്ഷയില്‍തന്നെ എ പ്ലസ് ലഭിച്ചവര്‍ക്ക് ഗ്രേസ് മാര്‍ക്ക് അധികമായി നല്‍കില്ല. മാര്‍ക്ക് നല്‍കുന്നതിനു പുറമെ, അതേ നേട്ടത്തിന് വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉള്‍പ്പെടെ മറ്റൊരു ആനുകൂല്യം അനുവദിക്കുന്നതും ഒഴിവാക്കിയേക്കും. ഗ്രേസ് മാര്‍ക്ക് നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് 2021, 2022 വര്‍ഷങ്ങളില്‍ കലാകായികോത്സവങ്ങള്‍ മുടങ്ങിയതിനാല്‍ ഗ്രേസ് മാര്‍ക്കില്ലായിരുന്നു. ഈ വര്‍ഷം മുതല്‍ ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മാനദണ്ഡങ്ങള്‍ പുതുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!