ChuttuvattomIdukki

മീന്‍ വ്യാപാരിയെ ആള് മാറി മര്‍ദ്ദിച്ച കേസ്:പോലീസ് നടപടി എടുത്തില്ലെന്ന് പരാതി

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആള് മാറി മര്‍ദിച്ച സംഭവത്തില്‍ ഇതുവരെ പോലീസ് നടപടി എടുത്തില്ലന്ന് പരാതി. ധര്‍മ്മാവലി പരിത്തിപാറ സ്വദേശി മീന്‍ വ്യാപാരിയെ ഇറച്ചി വ്യാപാരി ആള് മാറി മര്‍ദ്ദിച്ചതായാണ് പരാതി. മണിമാരന്‍ എന്നയാള്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 7 ഓടെയായിരുന്നു സംഭവം .  വള്ളക്കടവ് കുരിശുംമൂട്ടില്‍ താമസക്കാരനായ റിയാസ് എന്നയാളുടെ വീടിന്റെ ഗെയിറ്റില്‍ ടൗണിലെ മറ്റൊരു മീന്‍ വ്യാപാരി കഴിഞ്ഞ ദിവസം വാഹനം ഇടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മണിമാരന്‍ വിഷയത്തില്‍ ഇടനില നില്‍ക്കുകയും വാഹനം ഇടിച്ചതു മൂലം കേടുപാട് സംഭവിച്ച ഗേറ്റ് പണിത് നല്‍കാമെന്നും ഏല്‍ക്കുകയും ചെയ്തു.   തുടര്‍ന്ന് റിയാസ് വൈകുന്നേരം മീന്‍ വ്യാപാരിയുടെ ഫോണിലേക്ക് വിളിക്കുകയും ഇവര്‍ തമ്മില്‍ വാക്കേറ്റവുമുണ്ടായി. ഇതിന് ശേഷം ഇന്നലെ രാവിലെ മീന്‍ എടുക്കാന്‍ ടൗണില്‍ എത്തിയ മണിമാരനെ  ഇറച്ചി വ്യാപാരികളായ റിയാസ് ,സദ്ദാം എന്നിവര്‍ ഫോണിലുടെയുള്ള വാക്കേറ്റം മണിമാരനുമായിട്ടായിരുന്നു എന്നു കരുതി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ മണികണ്ഠന്‍ എന്ന മീന്‍ വ്യാപാരിയുമായാണ് ഫോണിലൂടെ വാക്കേറ്റമുണ്ടായതെന്നു പറഞ്ഞിട്ടും തന്നെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്നും മണിമാരന്‍ പറയുന്നു. ഇറച്ചി വെട്ടാനുപയോഗിക്കുന്ന കത്തിയുടെ മാടുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നും മണിമാരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്കും കൈക്കും കാലിനും തോളിനും പരുക്കേറ്റ മണിമാരന്‍ വണ്ടിപ്പെരിയാര്‍ സി.എച്ച്.സി യില്‍ ചികില്‍സ തേടി. എന്നാല്‍  പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് മണിമാരന്‍ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!