ChuttuvattomIdukki

ഉപാധി രഹിത പട്ടയം എന്ന സ്വപ്നം അവസാനിക്കുകയാണ്; കേരള കോണ്‍ഗ്രസ്

തൊടുപുഴ: ഭൂമിപതിവ് ഭേദഗതി നിയമം നിലവില്‍ വരുന്നതോടെ ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ പരിപൂര്‍ണ്ണമായി നടപ്പാകുമെന്ന ഭീകരാവസ്ഥയാണ് സംജാതമാകുന്നതെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്. ഉപാധി രഹിത പട്ടയം എന്ന സ്വപ്നം എന്നന്നേക്കുമായി അവസാനിക്കുകയാണ്. പട്ടയ ഭൂമിയില്‍ കൃഷിയും ഭവന നിര്‍മ്മാണവും മാത്രമേ പാടുള്ളൂ എന്ന നിയമത്തില്‍ യാതൊരുവിധ ഭേദഗതിയും വരുത്താതെയാണ് സര്‍ക്കാര്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഭൂമി പരിസ്ഥിതിലോലമാണെന്നും ഇവിടെ സ്ഥായിയായ നിര്‍മ്മാണങ്ങള്‍ മേലില്‍ അനുവദിക്കരുതെന്നുമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്.

പുതിയ നിയമം നടപ്പാവുന്നതോടെ ഇടുക്കിയില്‍ ഈ റിപ്പോര്‍ട്ടുകള്‍ നടപ്പാകും. ഇപ്പോള്‍ പട്ടയമുള്ള ഭൂമിയില്‍ ഇനി നിര്‍മ്മാണം നടത്തണമെങ്കില്‍ പട്ടയ വ്യവസ്ഥകളില്‍ പ്രത്യേക ഇളവ് നല്‍കേണ്ടി വരുന്ന സ്ഥിതി ഉണ്ടാവും. ഇതിന് ഉദ്യോഗസ്ഥരുടെ ദയാ ദാക്ഷണ്യത്തിന് കര്‍ഷകര്‍ വിധേയരാവേണ്ടി വരും. ചെറുതോണിയില്‍ ഉള്‍പ്പെടെ ഇത്രയും നാള്‍ പട്ടയ വ്യവസ്ഥകള്‍ ലംഘിച്ച് സ്വന്തം ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സ്ഥലങ്ങളില്‍ പോലും പുതിയ നിയമം നിലവില്‍ വരുന്നതോടെ കര്‍ശനമായ നിര്‍മ്മാണ നിരോധന നടപടികള്‍ ഉണ്ടാവും. ഇനി പട്ടയം ലഭിക്കാനുള്ള ഭൂമിയില്‍ കൃഷിയും ഭവന നിര്‍മാണവും അല്ലാതെ മറ്റ് ഒരു നിര്‍മ്മാണവും നടത്താന്‍ കഴിയില്ല. ഇത് ഫലത്തില്‍ ഗാഡ്ഗില്‍ – കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനുള്ള കുറുക്ക് വഴിയായി മാറും. മന്ത്രി റോഷി അഗസ്റ്റിനും ഇടതുമുന്നണിയും ജനങ്ങളെ കബളിപ്പിക്കുകയാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഇടുക്കിയിലെ ഓരോരുത്തരും ഭാവിയില്‍ അനുഭവിക്കേണ്ടിവരും. പുതിയ കരിനിയമത്തേക്കുറിച്ച് ജോയ്സ് ജോര്‍ജ് എക്സ് എം.പിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്നും ജേക്കബ് ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!