ChuttuvattomIdukki

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായിട്ട് മൂന്ന് മാസം; രോ​ഗികൾ ദുരിതത്തിൽ

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം അവതാളത്തിലായി മൂന്ന് മാസം കഴിഞ്ഞിട്ടും പരിഹരിക്കാനായില്ല. ഡയാലിസിസ് യൂണിറ്റിൽ തകരാറിലായ യു.പി.എസ് നന്നാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. രണ്ടാഴ്ച മുമ്പ് രോഗികൾ ആശുപത്രിയ്ക്ക് മുന്നിൽ പ്രതിഷേധിച്ചപ്പോൾ കരാറെടുത്ത കമ്പനിയിൽ നിന്ന് ടെക്നീഷ്യനെത്തി യു.പി.എസ് കൊണ്ടുപോയിരുന്നു. ചൊവ്വാഴ്ച തകരാർ പരിഹരിച്ച് യു.പി.എസ് തിരിച്ചെത്തിക്കുമെന്നായിരുന്നു അന്ന് കമ്പനി അധികൃതർ ഉറപ്പ് നൽകിയിരുന്നത്. എന്നാൽ ഇന്ന് ഞായറാഴ്ചയായിട്ടും തകരാർ പരിഹരിച്ച് യു.പി.എസ് തിരികെ വയ്ക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഇതോടെ നിരവധി രോഗികളാണ് ദുരിതത്തിലായത്.

ജൂൺ 29നാണ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ യു.പി.എസ് തകരാറിലാകുന്നത്. ഇതിന് ശേഷം ആശുപത്രിയിലുള്ള 13 ‌ഡയാലിസിസ് യൂണിറ്റുകളിൽ ഏഴു യൂണിറ്റുകൾ മാത്രമാണ് ഒരു സമയം പ്രവർത്തിപ്പിക്കാനാകുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികൾക്ക് വൻതുക മുടക്കി ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നാല്പതോളം രോഗികളാണ് ഡയാലിസിസിനായി തൊടുപുഴ ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നത്. ഒരു രോഗിയ്ക്ക് നാലു മണിക്കൂറാണ് ഡയാലിസിസിനുള്ള സമയം. ഇപ്പോൾ ഏഴു യൂണിറ്റുകൾ മാത്രം പ്രവർത്തിക്കുന്നതിനാൽ ഷിഫ്‌റ്റ് അനുസരിച്ച് ഒരു രോഗിയ്ക്ക് മൂന്നു മണിക്കൂർ മാത്രമാണ് ഡയാലിസിസിന് കിട്ടുന്നതെന്ന് രോഗികൾ പറയുന്നു.

സമയം കുറയുന്നത് മൂലം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നാണ് രോഗികൾ പറയുന്നത്. പല തവണ ആശുപത്രി അധികൃതരടക്കമുള്ളവരോട് വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായിട്ടില്ല. കെ.എം.സി.എൽ നൽകിയ കരാർ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയാണ് മൂന്നു വർഷ വാറണ്ടിയോടെ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിച്ചത്. യന്ത്രത്തിനു തകരാർ സംഭവിച്ചാൽ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്വമാണ്. യൂണിറ്റ് തകരാറിലായ വിവരം ബന്ധപ്പെട്ട കമ്പനിയെ പലതവണ ധരിപ്പിച്ചിട്ടും നന്നാക്കാൻ കൂട്ടാക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.ഒരു തവണ ടെക്‌നീഷ്യൻ വന്നു നോക്കിയെങ്കിലും തകരാർ പരിഹരിക്കാതെ തിരികെ പോയി.കഴിഞ്ഞ മാസം 23ന് കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് കാട്ടി കെ.എം.സി.എൽ കമ്പനിക്ക് താക്കീത് നൽകിയിരുന്നു. തുടർന്നാണ് ആശുപത്രിയിലെത്തി ടെക്നീഷ്യൻ യു.പി.എസ് നന്നാക്കാനായി കൊണ്ടുപോയത്.

 

വർഷങ്ങളായി നെഫ്രോളജിസ്റ്റില്ല

ജില്ലാ ആശുപത്രിയിൽ വർഷങ്ങളായി നെഫ്രോളജിസ്റ്റിന്റെ ഒഴിവ് നികത്താത്തത് ഡയാലിസിസ് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. മെഡിക്കൽ ഓഫീസറുടെ സേവനമുണ്ടെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്ക് നെഫ്രോളജിസ്റ്റ് അനിവാര്യമാണ്. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള വൃക്കരോഗികളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് ചെയ്യുന്നത്. യാത്ര ചെയ്യാൻ സാധിക്കാത്തവർക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. ഇത് കാരണം സാധാരണക്കാരായ രോഗികളാണ് ഏറെ ദുരിതത്തിലായത്. നെഫ്രോളജിസ്റ്റിന്റെ ഒഴിവ് നികത്തുന്ന കാര്യം പലവട്ടം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനുകൂലമായ ഒരു നടപടിയുമുണ്ടായിട്ടില്ല.

Related Articles

Back to top button
error: Content is protected !!