Thodupuzha

ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു;ആശങ്കകൾ ഒഴിയാതെ ക്യാമ്പിൽ കഴിഞ്ഞ വരും നാട്ടുകാരും.

.

 

 

കുടയത്തൂർ: ഉരുൾപൊട്ടിലിനെ തുടർന്ന് ഭീതിയിലായവർക്കായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് ഇന്നലെ രാവിലെ 10 മണിയോടെ അധികൃതർ പിരിച്ചുവിട്ടു.22 കുടുംബങ്ങളിൽ നിന്നായി 80 ഓളം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പിൽ ഉണ്ടായിരുന്നത്.കുടയത്തൂർ ഗവ. ന്യൂ എൽ പി സ്കൂളിലാണ് ക്യാമ്പ് നടത്തിയിരുന്നത്.കഴിഞ്ഞ 29 ന് പുലർച്ചെ 3 മണിയോടെയാണ് ഉരുൾപൊട്ടി മാളിയേക്കൽ കോളനിയിൽ ദുരന്തം പെയ്തിറങ്ങിയത്.ചിറ്റടിച്ചാൽ സോമൻ ഭാര്യ ഷിജി, മകൾ ഷിമ, ഷിമയുടെ മകൻ 5 വയസുള്ള ദേവാക്ഷിദ് സോമൻ്റെ അമ്മ തങ്കമ്മ, എന്നിവരാണ് മരിച്ചത്.ദുരിതാശ്വാസ ക്യാമ്പിൽ നിന്നും തിരികെ എത്തിയവർ വലിയ ആശങ്കയിലാണ് വീടുകളിൽ കഴിയുന്നത്. ഉരുളിൻ്റെ ഉത്ഭവസ്ഥാനത്തിൻ്റെ താഴെ ഭാഗത്തുള്ള പാറകല്ലുകൾ പൊട്ടിച്ച് നീക്കാത്തത് വലിയ ഭീതി വിതയ്ക്കുന്നുണ്ട്. സോമൻ്റെ വീടിരുന്ന ഭാഗത്തും അതിൻ്റെ സമീപത്തും വന്നിരുന്ന വലിയ പാറക്കല്ലുകൾ മാത്രമാണ് പൊട്ടിച്ച് നീക്കിയത്. ഉരുൾ വന്ന വഴിയിൽ ഇപ്പോഴും നിരവധി കല്ലുകൾ അപകടകരമാം വിധം ഇരിപ്പുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്.ഇവ പൊട്ടിച്ച് മാറ്റാതെ മാളിയേക്കൽ കോളനിയിലെ താമസം സുരക്ഷിതമല്ല എന്നാണ് ജിയോളജി വകുപ്പ് കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ജിയോളജി വകുപ്പ് പറഞ്ഞതിൻ പ്രകാരം പ്രദേശത്തെ പാറക്കല്ലുകൾ നീക്കം ചെയ്താതെ ദുരിതബാധിതരെ വീടുകളിലേക്ക് തിരിച്ചയച്ചത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അപകടഭീഷണി പൂർണമായും ഒഴിവാക്കാതെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടത് ശരിയായ നടപടിയായില്ല എന്നാണ് ക്യാമ്പിൽ കഴിഞ്ഞ വരും നാട്ടുകാരും പറയുന്നത്. ഇനിയൊരപകടം കുടി ഉണ്ടാവാതിരിക്കാൻ ദുരന്തനിവാരണ സേന ഇടപെട്ട് എത്രയും വേഗം ജനങ്ങളുടെ ഭീതിയകറ്റണമെന്നും നാട്ടുകാർ പറഞ്ഞു..

Related Articles

Back to top button
error: Content is protected !!