NationalNewdelhi

ബില്ലുകൾ വൈകിപ്പിച്ചതിൽ ന്യായീകരണമില്ല; ഗവർണർമാർ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓർമയുള്ളവരാകണം;വിമർശിച്ച് സുപ്രിംകോടതി

ന്യൂഡൽഹി: കേരളം നൽകിയ കേസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് സുപ്രീംകോടതി. കേസിനാധാരമായ എട്ട് ബില്ലുകൾ ഇത്രയധികം വൈകിപ്പിച്ചതിന് ന്യായീകരണമില്ല. പഞ്ചാബ് കേസിലെ വിധി കേരളത്തിനും ബാധകമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഗവർണർമാർ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓർമയുള്ളവരാകണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. കേരളത്തിന്റെ രണ്ട് ഹർജികളാണ് ഇന്ന് സുപ്രിംകോടതിക്ക് മുൻപാകെ എത്തിയത്. എട്ട് ബില്ലുകളിൽ ഗവർണർ ഒപ്പുവയ്ക്കുന്നില്ലെന്ന റിട്ട് ഹർജിയും, ഗവർണറുടെ നടപടികൾ നിർദേശിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം കേരളം നൽകിയ ഹർജി തള്ളിയ ഹൈക്കോടതിക്കെതിരായ അപ്പീലുമാണിവ. ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിൽ ഇടപെടാനാകില്ലെന്ന് ഹർജികൾ പരിഗണിക്കവേ ഇന്ന് സുപ്രിംകോടതി വ്യക്തമാക്കി.ഹർജികളിൽ കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണയാണ് ഹാജരായത്. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഒരെണ്ണത്തിൽ ഗവർണർ ഒപ്പുവച്ചിട്ടുണ്ടെന്നും ഇതിനാൽ കേരളത്തിന്റെ ഹർജിയിലെ ആവശ്യങ്ങൾ അപ്രസക്തമാണെന്നും അറ്റോർണി ജനറൽ വാദിച്ചു. കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ ഈ നിരീക്ഷണങ്ങളെ എതിർത്തു. ബില്ലുകൾ അനന്തമായി വൈകിപ്പിക്കുന്ന നടപടി കോടതിയോടുള്ള അനാദരവാണെന്ന് കെ കെ വേണുഗോപാൽ വാദിച്ചു. നിലവിലെ നടപടി വഴി ബാക്കി ബില്ലുകൾ ഒപ്പിടുന്നത് നീട്ടിക്കൊണ്ടുപോകാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി.

Related Articles

Back to top button
error: Content is protected !!