Thodupuzha

കൗണ്‍സിലറും ഓവര്‍സീയറും തമ്മില്‍ വാക്കേറ്റം: കൗണ്‍സിലര്‍ക്കെതിരെ പൊലീസില്‍ പരാതി

തൊടുപുഴ: റോഡ് അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട ഫയല്‍ പൂഴ്ത്തിയതിനെ ചൊല്ലി തൊടുപുഴ നഗരസഭാ കൗണ്‍സിലറും ഓവര്‍സീയറും തമ്മിലുണ്ടായ വാക്കേറ്റം വിവാദമായി. 13-ാം വാര്‍ഡ് കൗണ്‍സിലര്‍ സിജി റഷീദും എന്‍ജിനിയറിംഗ് വിഭാഗം ഓവര്‍സീയര്‍ അജിതയും തമ്മിലാണ് നഗരസഭയ്ക്കുള്ളില്‍ വാക്കേറ്റമുണ്ടായത്. 14നായിരുന്നു സംഭവം. 13-ാം വാര്‍ഡിലെ കോളനിയലേക്കുള്ള കുന്നം- ഇടിക്കിറ്റി റോഡിന്റെ ഫയലുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. റോഡിന്റെ പേര് നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഓവര്‍സീയര്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ റോഡിന്റെ അറ്റകുറ്റപണി മുടങ്ങിയതായി കൗണ്‍സിലര്‍ സിജി ആരോപിച്ചു. തുടര്‍ന്ന് താന്‍ തിരുവനന്തപുരത്തും കളക്ട്രേറ്റിലും പലതവണ പോയി രജ്‌സ്ട്രറിലെ പേര് ശരിയാക്കിയിട്ടും റീ എസ്റ്റിമേറ്റെടുക്കാതെ എട്ട് ദിവസത്തോളം ഈ ഫയല്‍ ഓവര്‍സീയര്‍ പൂഴ്ത്തി വച്ചു. നഗരസഭയിലെത്തി ഫയല്‍ എവിടെയാണെന്ന് ചോദിച്ചപ്പോള്‍ തനിക്കറിയില്ലെന്നു പറഞ്ഞ് ഓവര്‍സീയര്‍ തട്ടിക്കയറുകയാണുണ്ടായത്. പൊതുജനം നോക്കിനില്‍ക്കെ വളരെ ധിക്കാരപരമായാണ് തന്നോട് ഇവര്‍ സംസാരിച്ചത്. തുടര്‍ന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ നിര്‍ദ്ദേശപ്രകാരമാണ് പൂഴ്ത്തിവച്ച ഫയല്‍ കണ്ടെത്തി റോഡിന്റെ റീ എസ്റ്റിമേറ്റെടുത്തതെന്നും സിജി പറഞ്ഞു. ഓവര്‍സീയറുടെ ധിക്കാരപരമായ നടപടിക്കെതിരെ നഗരസഭാ ചെയര്‍മാനും സെക്രട്ടറിക്കും സിജി പരാതി നല്‍കിയിട്ടുണ്ട്. അതേസമയം കൗണ്‍സിലര്‍ തന്റെ ക്യാമ്പിനിലെത്തി ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തി ഫയലുകളില്‍ ഒപ്പിടീപ്പിച്ചുവെന്നും ആരോപിച്ച് ഓവര്‍സീയര്‍ തൊടുപുഴ പൊലീസ് സ്റ്റേഷനിലും നഗരസഭാ ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!