Idukki

ലഹരി വിരുദ്ധ പ്രചാരണം: ജില്ലാതല സമിതി രൂപീകരിച്ചു

ഇടുക്കി: ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാതല സമിതിക്ക് പുറമെ ഗ്രാമപഞ്ചായത്ത്/നഗരസഭാ തല സമിതിയും വാര്‍ഡ്തല സമിതികളും രൂപീകരിക്കും. ജില്ലാതല സമിതിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായും ജില്ലാ കലക്ടര്‍ കോ-ഓര്‍ഡിനേറ്ററായുമുള്ള കമ്മിറ്റിയില്‍ ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എമാര്‍, ജില്ലാ പോലീസ് മേധാവി, എ.ഡി.എം, ഡെപ്യൂട്ടി കമ്മീഷണര്‍, എക്സൈസ്, ജോയിന്റ് ഡയറക്ടര്‍, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍, ഡി എം ഒ (ആരോഗ്യം), നഗരസഭാ ചെയര്‍മാന്‍മാരുടെ ചേമ്പര്‍ പ്രതിനിധി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്‍ പ്രതിനിധി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ പ്രതിനിധി, പ്രസിഡന്റ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിനിധി, ഭാരത് സ്‌ക്കൗട്ട്സ് ഗൈഡ്സ് ജില്ലാ സെക്രട്ടറി, ജില്ലാ കോ – ഓര്‍ഡിനേറ്റര്‍, നെഹ്രു യുവക് കേന്ദ്ര, യൂത്ത് പ്രോഗ്രാം ഓഫീസര്‍, യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡ് നാഷണല്‍ സര്‍വീസ് സ്‌കീം ജില്ലാ പ്രതിനിധി, ജില്ലാ മിഷന്‍ കോ – ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, തുടങ്ങിയവര്‍ അംഗങ്ങളായിരിക്കും.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായിട്ടുളള പ്രചാരണ പരിപാടിയുടെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസുകള്‍, പൊതുജനപങ്കാളിത്തത്തോടെ സംവാദങ്ങള്‍, ചര്‍ച്ചകള്‍, ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെയുളള പ്രതിജ്ഞ, സൈക്കിള്‍ റാലി, കൂട്ടയോട്ടം, മനുഷ്യചങ്ങല സംഘടിപ്പിക്കല്‍, രക്ഷകര്‍ത്താക്കള്‍ക്ക് കൗണ്‍സലിങ്, ലഹരി ഉപയോഗത്തില്‍ നിന്നും വിമുക്തരായവരുടെ കൂടിച്ചേരല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക സമിതികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം ഷൈജു പി. ജേക്കബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സലിം വി.എ, നര്‍കോട്ടിക് ഡിവൈ.എസ്.പി മാത്യു ജോര്‍ജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ, തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!