Idukki

വൈദികരോട് അപമര്യാദ: ഉപ്പുതറയിലെ ഗ്രേഡ് എസ്.ഐക്കെതിരെ പരാതി

ഇടുക്കി: മാറി നിക്കെടാ…. ചെരക്കാനാണോടാ കുപ്പായമിട്ടേക്കുന്നേ….. കൈ ചൂണ്ടി അസഭ്യ വർഷം നടത്തുന്നത് മൈത്രി പേരിൽ മാത്രമുള്ള ഇടുക്കിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ. വാഹനം ഇടിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ സ്റ്റേഷനിലെത്തിയ വൈദികർ, മാധ്യമ പ്രവർത്തകർ എന്നിവർക്കു നേരെയാണ് അസഭ്യ വർഷവുമായി ഗ്രേഡ് എസ്.ഐ ചീറിയടുത്തത്. ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച്ച വൈകിട്ടായിരുന്നു സംഭവം. സംസ്ഥാന പാതയില്‍ ആലടി ഗേറ്റിനു സമീപം വൈകിട്ട് മൂന്നരയോടെ മൂന്നു വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടി ഉണ്ടായിരുന്നു.

വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനായി വാഹനത്തിലുണ്ടായിരുന്ന വൈദികര്‍ അടങ്ങുന്ന സംഘം ഉപ്പുതറ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. നഷ്ട പരിഹാരം സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് ഗ്രേഡ് എസ്.ഐയുടെ വൺമാൻ ഷോ നടന്നത്.

വനിതാ പൊലീസും മറ്റു പൊലീസ് ഉദ്യോഗസ്ഥരും നോക്കി നിൽക്കെ തർക്ക പരിഹാരത്തിനെത്തിയ വൈദികരും മാധ്യമ പ്രവർത്തകരും അടങ്ങുന്ന സംഘത്തിനു നേരെ ഇയാൾ കൊലവിളിയുമായി ചാടിയടുക്കുകയായിരുന്നു. മര്യാദയ്ക്ക് സംസാരിക്കണമെന്ന് പറഞ്ഞതോടെ നീ ആരാടാ മര്യാദ പഠിപ്പിക്കാൻ എന്നായി. കൈവിരല്‍ ചൂണ്ടി തല്ലാന്‍ ഓങ്ങുന്നതുപോലെയായിരുന്നു ഉദ്യോഗസ്ഥന്‍റെ സംസാരം. ഒപ്പമുണ്ടായിരുന്നവർ ഇടപെട്ടില്ലായിരുന്നുവെങ്കിൽ പരസ്യമായി ഇയാൾ മർദനം അഴിച്ചുവിടുമായിരുന്നു.

പിന്നീട് സ്റ്റേഷനിലെ തന്നെ മറ്റ് ഉദ്യോഗസ്ഥര്‍ എത്തി ഇയാളെ സ്ഥലത്തു നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു. സ്വഭാവ ദൂഷ്യത്തിനു കുപ്രസിദ്ധി നേടിയ ഉദ്യോഗസ്ഥനാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. കോവിഡ് കാലത്ത് വാളണ്ടിയർമാരെ സമാനമായി അസഭ്യം പറഞ്ഞ സംഭവത്തിലും ഭരണ കക്ഷിയിലെ നേതാക്കളെ അസഭ്യം പറഞ്ഞ സംഭവത്തിലും ഇയാൾ സർവരുടെയും കണ്ണിലെ കരടാണ്.

സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരോടും ഇയാൾ സമാനമായാണ് പെരുമാറുന്നതെന്നാണ് വിവരം. പരാതിനൽകുന്നതിനുൾപ്പെടെ സ്റ്റേഷനിലെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും ആക്രോശിക്കുന്നതും ഭയപ്പെടുത്തി തിരിച്ചയക്കുന്നതുമാണ് ഇയാളുടെ വിനോദം. സ്വഭാവ ദൂഷ്യം കാരണം പ്രമോഷൻ വരെ തടയപ്പെട്ട ഇയാളെ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംരക്ഷിച്ചു വരുന്നതായും സൂചനയുണ്ട്. ഇതിനിടെ വൈദികരോടും മാധ്യമ പ്രവർത്തകരോടും അടക്കം ആക്രോശിച്ച ഉദ്യോഗസ്ഥനെതിരെ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉപ്പുതറ മേഖലയിലെ നിരവധി വിവാദ സംഭവങ്ങളിൽ ഈ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ പുറത്തു വരും.

Related Articles

Back to top button
error: Content is protected !!