Idukki

ആധാര്‍ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തണം: തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍

ഇടുക്കി: ആധാര്‍ വോട്ടര്‍ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം ജില്ലയില്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് തെരെഞ്ഞെടുപ്പ് നിരീക്ഷകന്‍ എസ്. വെങ്കടേഷ്പതി. വോട്ടര്‍ പട്ടികയുടെ സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2023 മായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധാര്‍ സീഡിങ്ങില്‍ ഇടുക്കി ജില്ല സംസ്ഥാന ശരാശരിയിലും താഴെയാണ്. നിലവില്‍ വോട്ടര്‍മാരില്‍ 53.7 ശതമാനം മാത്രമാണ് ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ളത്. വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിന് ഇതാവശ്യമാണ്. പീരുമേട് ഒഴികെ ജില്ലയിലെ മറ്റ് മണ്ഡലങ്ങള്‍ സംസ്ഥാന ശരാശരിയിലും പിന്നിലാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ മാത്രമേ ആധാറുമായുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്താനാവൂ.

ജില്ലയിലെ 18-19 പ്രായക്കാരുടെ രജിസ്ട്രേഷനും വളരെ കുറവാണ്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളടക്കം ഉഉള്ളവരുടെ ഇടപെടലുണ്ടായാലേ പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ മെച്ചപ്പെടുത്താനാവൂ. തോട്ടം മേഖലയ്ക്കും ആദിവാസി മേഖലകള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കി ക്യാമ്പുകള്‍ നടത്തണം. തോട്ടം മേഖലയിലും മറ്റും ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാന്‍ ആധാര്‍ സീഡിങ് ആവശ്യമാണ്. സ്ത്രീകള്‍, ആദിവാസികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജെന്‍ഡര്‍ എന്നീ വിഭാഗങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കലില്‍ പ്രത്യേക പരിഗണ നല്‍കണം. വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും അപേക്ഷകളും ഡിസംബര്‍ 9 ന് മുമ്പ് സമര്‍പ്പിക്കണം. ജില്ലയില്‍ ഇലക്ടററല്‍ ലിറ്ററസി ക്ലബുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തെരെഞ്ഞെടുപ്പ് നിരീക്ഷകന്റെ മൂന്ന് ഘട്ട സന്ദര്‍ശനത്തിന്റെ ആദ്യഭാഗമായാണ് വാട്ടര്‍ അതോറിറ്റി എം.ഡിയും നാല് ജില്ലകളുടെ തെരെഞ്ഞെടുപ്പ് നിരീക്കനുമായ വെങ്കടേഷ്പതി ഇടുക്കിയിലെത്തിയത്. ഡിസംബര്‍ 25 ന് മുമ്പ് രണ്ടാംഘട്ട വിലയിരുത്തലും, ജനുവരി 5 ന് മുമ്പ് മൂന്നാംഘട്ട വിലയിരുത്തലും നടത്തും. ആക്ഷേപങ്ങള്‍ പരിശോധിച്ച് അപാകതകള്‍ പരിഹരിച്ച ശേഷം അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5 ന് പ്രസിദ്ധീകരിക്കും.

ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ആര്‍. ലത ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കലിന്റെ പുരോഗതി അറിയിച്ചു. തുടര്‍ന്ന നടന്ന ചര്‍ച്ചയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ അഭാവം, ജോലിയിലെ അലംഭാവം, പോളിങ് ബൂത്തുകള്‍ നിശ്ചയിച്ചതിലെ അപാകതകള്‍, ആധാറുമായി വോട്ടര്‍ ഐഡി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കാത്തതിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉന്നയിച്ചു. വോട്ടര്‍ പട്ടിക പുതുക്കലും ആധാര്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ മണ്ഡലങ്ങളിലെ നിലവിലെ സ്ഥിതിവിവരങ്ങളും സാഹചര്യങ്ങളും തഹസീല്‍ദാര്‍ അറിയിച്ചു. അര്‍ഹരായ പരമാവധി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സഹകരണം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിനിധി എം.ഡി. അര്‍ജുനന്‍, എന്‍.സി.പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കന്‍, കേരള കോണ്‍ഗ്രസ് എം. പ്രതിനിധി ജോസ് കുഴികണ്ടം, ബി.ഡി.ജെ.എസ് പ്രതിനിധി പി. രാജന്‍ തുടങ്ങിയവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!