Idukki

പാഴ് വസ്തുക്കള്‍ ഏറ്റെടുക്കുന്നതിന് ഹരിതകര്‍മ്മ സേനയുടെ തൊഴില്‍ യൂണിറ്റ്

ഇടുക്കി : ഇരട്ടയാര്‍ പഞ്ചായത്ത് ആക്രി വ്യാപാരത്തിലേയ്ക്ക്.പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി നല്‍കിയ കട്ട സപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തൊഴില്‍ സംരംഭമെന്ന നിലയില്‍ പഞ്ചായത്തിന്റെ മേല്‍വിലാസത്തില്‍ ആക്രി വ്യാപാര സംരംഭം തുടങ്ങാന്‍ ഹരിതകര്‍മ്മ സേനയ്ക്ക് പഞ്ചായത്ത് ഭരണസമിതി നല്‍കിയത്.ഇതനുസരിച്ച് കുടുംബശ്രീ മൈക്രോ സംരംഭമായി രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ യൂണിറ്റ് പ്രവര്‍ത്തനവുമാരംഭിച്ചു. വാത്തിക്കുടി പഞ്ചായത്തിലെ പാഴ് വസ്തുക്കള്‍ ഏറ്റെടുത്തുകൊണ്ട് ആദ്യ ബിസിനസിനും തുടക്കമിട്ടിരിക്കുകയാണ് ഈ ഹരിതകേരളം സംരംഭം.

ഇവിടുത്തെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ ശേഖരിച്ച തരം തിരിച്ചതും അല്ലാത്തതുമായ 600 കിലോ പാഴ് വസ്തുക്കളാണ് ഏറ്റെടുത്തത്. ഇവ ഇരട്ടയാര്‍ പഞ്ചായത്തിന്റെ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവന്ന് തരം തിരിച്ച് റി സൈക്ലിംഗിന് കൈമാറും.മറ്റേത് ഏജന്‍സികളും നല്‍കുന്നതിനേക്കാള്‍ കൂടിയ വില നല്‍കിയാണ് ഹരിതകര്‍മ്മ സേനാ യൂണിറ്റ് പ്ലാസ്റ്റിക്കും പാഴ് വസ്തുക്കളുമെല്ലാം ഏറ്റെടുക്കുന്നതെന്ന് യൂണിറ്റ് ഭാരവാഹികളായ പി .ടി. നിഷമോള്‍,ലിജിയമോള്‍ ജോസഫ് എന്നിവര്‍ പറഞ്ഞു.ഗുളികയുടെ സ്ട്രിപ്പുകളും മള്‍ട്ടി ലെയര്‍ പ്ലാസ്റ്റിക്കുമെല്ലാം ഏറ്റെടുക്കുന്നുണ്ട്.

പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ പാടുപെടുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കുന്നതിനാണ് തൊഴില്‍ യൂണിറ്റ് കൂടി ആരംഭിച്ചതെന്ന് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി പറഞ്ഞു.പാമ്പാടുംപാറ പഞ്ചായത്തും പാഴ് വസ്തുക്കള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതും ഉടന്‍ ഏറ്റെടുക്കുമെന്നും ഇദ്ദേഹം വ്യക്തമാക്കി. ഹരിതകര്‍മ്മ സേനാംഗങ്ങളായ എ.എസ് .അനിത,നിഷ രാജേന്ദ്രന്‍, സുനി സിബി,ട്രിന്‍സി ജിനേഷ് എന്നിവരാണ് ഈ നൂതന തൊഴില്‍ യൂണിറ്റിലെ മറ്റംഗങ്ങള്‍. ഇവരടക്കമുള്ള പഞ്ചായത്തിലെ എല്ലാ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കും പാഴ് വസ്തുക്കള്‍ തരം തിരിക്കുന്നതില്‍ ഹരിതകേരളം മിഷന്‍ പരിശീലനം നല്‍കിയിരുന്നു.

Related Articles

Back to top button
error: Content is protected !!