Thodupuzha

നഗരത്തിലെ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ തകരാറിലാകുന്നത്‌ പതിവാകുന്നു

തൊടുപുഴ: നഗരത്തിലെ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ തകരാറിലാകുന്നത്‌ പതിവാകുന്നു. ലക്ഷങ്ങള്‍ മുടക്കി നഗരമധ്യത്തിലെ ഗാന്ധി സ്‌ക്വയറില്‍ ഉള്‍പ്പെടെ സ്‌ഥാപിച്ച ലൈറ്റാണ്‌ അടുത്തകാലത്ത്‌ തുടര്‍ച്ചയായി മിഴിയടയ്‌ക്കുന്നത്‌. ഇതേത്തുടര്‍ന്ന്‌ രാത്രികാലങ്ങളില്‍ നഗരത്തില്‍ വെളിച്ചക്കുറവും ഇതുമൂലമുള്ള ബുദ്ധിമുട്ടുകളും അപകട സാഹചര്യങ്ങളും പതിവായി. സ്‌ത്രീകളടക്കമുള്ളവര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കുമാണ്‌ വെളിച്ചക്കുറവ്‌ ഏറെ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്‌. തിരക്കേറിയ തൊടുപുഴ നഗരത്തില്‍ രാത്രികാല വെളിച്ചത്തിനായാണ്‌ ലക്ഷങ്ങള്‍ മുടക്കി നഗരസഭ വിവിധയിടങ്ങളിലായി ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ സ്‌ഥാപിച്ചത്‌. എന്നാല്‍ അടുത്ത കാലത്ത്‌ ഗാന്ധി സ്‌ക്വയറിലെ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ തകരാറിലാകുന്നത്‌ പതിവായി. പല ദിവസങ്ങളിലും തകരാറിലാകുന്ന ലൈറ്റ്‌ അറ്റകുറ്റ പണികള്‍ നടത്തി പുനസ്‌ഥാപിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ അടുത്ത ദിവസം തന്നെ വീണ്ടും തെളിയാത്ത സ്‌ഥിതിയാണ്‌. ഇതുമൂലം രാത്രിസമയങ്ങളില്‍ നഗര ഹൃദയം പൂര്‍ണ്ണമായും ഇരുട്ടിലാകും. പലപ്പോഴും തൊട്ടടുത്തെത്തുമ്ബോള്‍ മാത്രമാണ്‌ വാഹന ഡ്രൈവര്‍മാര്‍ക്ക്‌ വഴിയാത്രക്കാരെ കാണാനാവുക. തലനാരിഴയ്‌ക്കാണ്‌ പലരും വാഹനങ്ങള്‍ക്ക്‌ അടിയില്‍പ്പെടാതെ രക്ഷപെടുന്നത്‌.
നഗരസഭയാണ്‌ ഹൈമാസ്‌റ്റ്‌ ലൈറ്റ്‌ സ്‌ഥാപിച്ചതെങ്കിലും പരസ്യ കരാര്‍ ഉള്ളതിനാല്‍ സ്വകാര്യ സ്‌ഥാപനങ്ങളാണ്‌ ഇത്തരം ലൈറ്റുകളുടെ വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കുന്നതും അറ്റകുറ്റപ്പണികള്‍ നടത്തുന്നതും. തുടര്‍ച്ചയായി ലൈറ്റുകള്‍ തകരാറിലാകുന്നതിനു പിന്നില്‍ നഗരം കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധരാണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്‌. ലൈറ്റുമായി ബന്ധപ്പെട്ട കേബിളുകള്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച്‌ മുറിച്ച നിലയിലാണ്‌ മിക്ക ദിവസങ്ങളിലും കണ്ടെത്തിയത്‌. പല ദിവസങ്ങളിലും നഗരം ഇരുട്ടിലായിട്ടും ഇത്‌ സംബന്ധിച്ച്‌ പ്രതികരിക്കാനോ നടപടിയെടുക്കാനോ ചെയര്‍മാനും നഗരസഭാ അധികൃതരും തയാറായിട്ടില്ല. നഗരത്തില്‍ രാത്രികാല പോലീസ്‌ പെട്രോളിങ്‌ ശക്‌തമാക്കണമെന്നും നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തന ക്ഷമമാക്കണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!