Kerala

സംസ്ഥാനത്ത് ലഹരിയുടെ ഓണ്‍ലൈന്‍ വ്യാപാരം സജീവം

കോഴിക്കോട് : ഓപ്പറേഷന്‍ തിയേറ്ററുകളില്‍ ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഇഞ്ചക്ഷന്‍ മരുന്ന് പോലും കേരളത്തില്‍ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ്, ഓണ്‍ലൈന്‍ വഴി പര്‍ച്ചേസ് ചെയ്ത് ലഹരിക്കായി ഉപയോഗിക്കുന്നതാണ് തുറന്നുകാട്ടുന്നത്. ഇതടക്കം ചുഴലിക്കും, വിഷാദരോഗത്തിനുമുള്ള മരുന്നുകളും വേദന സംഹാരികളും ദുരുപയോഗം ചെയ്യുമ്പോള്‍ നിയമത്തിലെ അപര്യാപ്തത കാരണം പൊലീസിനോ എക്‌സൈസിനോ കേസെടുക്കാന്‍ ആകുന്നില്ല.

ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷര്‍ കുറയാതിരിക്കാന്‍ ഉപയോഗിക്കുന്ന മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് എന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ജിമ്മിലും കബഡി മത്സരത്തിലും ഉത്തേജന മരുന്നായും പലരും ലഹരി മരുന്നായും ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് മനസിലായത്. ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയാല്‍ ആ മരുന്നെത്തും. അതും ഏഴ് ദിവസത്തിനുള്ളില്‍ . സൈറ്റില്‍ കൊടുത്ത നമ്പര്‍ എടുത്ത് ഓര്‍ഡര്‍ നല്‍കിയാല്‍ മാത്രം മതി. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഈ മരുന്ന് കിട്ടുമോ എന്ന ചോദ്യത്തിന് ഒരു പ്രശ്‌നവും ഇല്ലെന്നായിരുന്നു ഓണ്‍ലൈന്‍ വിതരണക്കാരന്റെ മറുപടി.

നിരോധിച്ചമയക്കു മരുന്ന് പട്ടികയില്‍ മെഫന്‍ട്രമിന്‍ സള്‍ഫേറ്റ് ഇല്ലാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോ എക്‌സൈസിനോ പറ്റില്ല. ഈ കാര്യത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഇടപെടലും ഉണ്ടാകാറില്ല. സ്ഥിരമായി ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മരുന്നാണിത്.മാനസിക നിലയെ മാത്രമല്ല മിക്ക അവയവങ്ങളേയും ബാധിക്കുന്ന ആ മരുന്നുപയോഗം മരണത്തിലേക്ക് വരെ നയിച്ചേക്കാം കാന്‍സറിന്റെ ഏറ്റവും അവസാന ഘട്ടത്തില്‍ വേദന കുറക്കാന്‍ നല്‍കുന്ന ഗുളികകള്‍, ഹൃദയാഘാതം ഉണ്ടായവര്‍ക്ക് നല്‍കുന്ന മരുന്നുകളും, ചുഴലി ദീനത്തിനുള്ള മരുന്ന് ഇങ്ങനെ പല മരുന്നുകളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഒപ്പം ഓണ്‍ലൈന്‍ വഴി എല്‍എസ്ഡി സ്റ്റാംപ് ഉള്‍പെടെയുള്ള മയക്കുമരുന്നും തപാലില്‍ കിട്ടും. വാട്‌സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാമും ഡാര്‍ക്ക് നെറ്റും അങ്ങനെ ലഹരി ഒഴുകുന്ന വഴികള്‍ പലതാണ്.

Related Articles

Back to top button
error: Content is protected !!