Karimannur

വിതണത്തിന് തയ്യാറായി ഉമ നെല്‍വിത്ത്; കരിമണ്ണൂരില്‍ കൊയ്ത്തുത്സവം നടത്തി

തൊടുപുഴ: കരിമണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ ഉമ നെല്‍വിത്ത് വിതരണത്തിന് തയ്യാറായി. ഫാമിന്റെ ഉടമസ്ഥതയില്‍ ഉമ നെല്‍വിത്ത് വിരിപ്പ് നെല്‍കൃഷി ചെയ്ത പാടത്ത് കൊയ്ത്തുത്സവം നടത്തി. പൂര്‍ണ്ണമായും വിത്തിന് വേണ്ടിയാണ് കരിമണ്ണൂര്‍ ഫാമിലെ നെല്‍കൃഷി. രണ്ടു സീസണുകളിലായി 20 ടണ്ണിലധികം നെല്‍ വിത്ത് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ച് തൃശൂരിലെ സംസ്ഥാന വിത്ത് വിതരണ കേന്ദ്രം (കെ.എസ്.എസ്.ഡി.എ) വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. ഫാമിന്റെ ഉടമസ്ഥതയിലുള്ള 4.34 ഹെക്ടര്‍ പാടമാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനായി എട്ട് സ്ഥിരം ജോലിക്കാരും മൂന്ന് താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ 11 തൊഴിലാളികള്‍ ഫാമിലുണ്ട്.

രണ്ട് സീസണുകളിലായാണ് ഇവിടെ കൃഷി. വിരിപ്പ് കൃഷി ജൂണ്‍ മാസത്തിലും മുണ്ടകന്‍ കൃഷി ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലും തുടങ്ങും. വിത്ത് വിതച്ച് നാല് മാസം കൊണ്ട് വിളവെടുപ്പ് പൂര്‍ത്തിയാകും. ജൈവ വളത്തിനാണ് മുന്‍ഗണന. കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിന് ഫാമിന്റെ വിവിധയിടങ്ങളിലായി കുളങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹന്‍കുമാര്‍, കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി, വൈസ് പ്രസിഡന്റ സാംസണ്‍ അക്കക്കാട്ട്, പഞ്ചായത്തംഗങ്ങളായ ആന്‍സി സിറിയക്, റെജി ജോണ്‍സണ്‍, ബൈജു വറവുങ്കല്‍, സന്തോഷ് കുമാര്‍, ജെസി വില്‍സണ്‍, സോണിയ ജോബിന്‍, ഫാം സൂപ്രണ്ട് കെ. സുലേഖ, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് കെ.ബി.പ്രസാദ് തുടങ്ങിയവർ പ്രസ൦ഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!