Idukki

കൈവശഭൂമിക്ക് പട്ടയം: അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമമെന്ന് ഐക്യ മല അരയ മഹാസഭ

തൊടുപുഴ: പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗത്തിന്റെയും മലയോര കര്‍ഷകരുടെയും കൈവശഭൂമിക്ക് പട്ടയം നല്‍കുന്നതിനായി ഇടതുപക്ഷ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചരിത്രപരമായ ഉത്തരവ് അട്ടിമറിക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഐക്യ മല അരയ മഹാസഭ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ചു. അര്‍ഹരായ കര്‍ഷക ജനതയ്ക്ക് പട്ടയവിതരണവുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാരിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും എല്ലാവിധ പിന്തുണകളും നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.ജെ. തോമസ്, ഐക്യ മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് എന്നിവരുടെ ഇടപെടലുകളിലൂടെയാണ് പട്ടയം നല്‍കുന്നതിനുള്ള 2020 ലെ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ റവന്യൂ രേഖകളില്‍ തരിശ്, പുരയിടം പുറമ്പോക്ക് എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതും വനം വകുപ്പിന്റെ ജണ്ടയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ മലയോര കര്‍ഷകരുടെയും, പട്ടികജാതിപട്ടികവര്‍ഗ ജനതയുടെയും കൈവശ ഭൂമിക്ക് പട്ടയം എന്ന പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് സഫലമായത്. ഇതനുസരിച്ച് ഇടുക്കി ജില്ലയുടെ പല പഞ്ചായത്തുകളിലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പട്ടയം വിതരണം ചെയ്തു. തുടര്‍ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുമ്പോഴാണ് സ്വാര്‍ഥ താത്പര്യക്കാര്‍ കര്‍ഷകവിരുദ്ധ നിലപാട് സ്വീകരിച്ച് വ്യാജ പ്രചരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഹൈറേഞ്ചിലെ നിബിഡ വനങ്ങളിലടക്കം അനധികൃത കുടിയേറ്റങ്ങള്‍ നടന്നപ്പോള്‍ കാണാതിരുന്നവരാണ് ആദിവാസി മലയോര കര്‍ഷക മേഖലകളില്‍ പട്ടയം നല്‍കുന്നതിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നത്. പട്ടയം വ്യാജമെന്ന് പറഞ്ഞ് ഇത്തരക്കാര്‍ കര്‍ഷകരുടെ ഇടയില്‍ ഭീതി സൃഷ്ടിക്കുകയാണ്. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷകരുടെ താത്പര്യങ്ങള്‍ അട്ടിമറിക്കുന്ന വ്യാജ പ്രചാരകര്‍ക്കെതിരെ പ്രതിരോധനടപടികളുമായി മുന്നോട്ട് പോകാനാണ് ഐക്യ മല അരയ മഹാസഭയുടെ തീരുമാനം. സഭയും പട്ടയാവകാശ സമര സമിതിയും സംസ്ഥാന സര്‍ക്കാരിന് പിന്തുണയും ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണവും നല്‍കും. ഒടുവിലത്തെ കര്‍ഷകനും പട്ടയം നേടിയെടുക്കുകയെന്നതാണ് സഭയുടെയും സമിതിയുടെ ആത്യന്തിക ലക്ഷ്യം.

കര്‍ഷകര്‍ നട്ടുവളര്‍ത്തിയ മരം മുറിക്കുന്നതിന് പൂര്‍ണമായ അധികാരം കര്‍ഷകര്‍ക്കാണുള്ളത്. വനം വകുപ്പിന്റെ ഭൂമി ജണ്ട കെട്ടി തിരിച്ചിട്ടുളളതാണ്. ഇക്കാര്യത്തിലും സഭ കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഐക്യ മല അരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.ആര്‍. ദിലീപ് കുമാര്‍, ഇ.കെ. രാജപ്പന്‍, സിന്ധു പുഷ്പരാജന്‍, സി.ആര്‍. രാജീവ്, എന്‍.ടി ഗോപന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!