Thodupuzha

വാഗമണ്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക്

തൊടുപുഴ : കൊവിഡ് രണ്ടാം തരംഗവും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിനും ശേഷം വാഗമണ്‍ അടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരുടെ കുത്തൊഴുക്ക് തുടരുന്നു.ഓണക്കാലത്തോടനുബന്ധിച്ച്‌ വാഗമണ്ണില്‍ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഓണക്കാലത്തോടനുബന്ധിച്ച്‌ ഒരാഴ്ചയ്ക്കിടെ എത്തിയത് 90,000ല്‍പ്പരം വിനോദ സഞ്ചാരികളാണ്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ മൊട്ടക്കുന്ന്, അഡ്വഞ്ചര്‍ പാര്‍ക്ക്, പൈന്‍വാലി, ഓര്‍ക്കിഡ് ഗാര്‍ഡന്‍ എന്നിവിടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കുന്നുള്ളൂ. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ്, 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. പരിശോധന ഫലം, അല്ലെങ്കില്‍ കൊവിഡ് മുക്തനായതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി എത്തുന്നവര്‍ക്കാണ് പ്രവേശനം. 22,000 പേരാണ് ഒരാഴ്ചയ്ക്കിടെ രേഖകള്‍ ഹാജരാക്കി പാസ് എടുത്ത് മൊട്ടുക്കുന്നില്‍ പ്രവേശിച്ചത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാനില്ലാത്തതിനാല്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടവര്‍ ഇതിന്റെ മൂന്നിരട്ടിയിലധികമാണ്.

ഓണക്കാലത്തെ ആളുകളുടെ കുത്തൊഴുക്ക് ടൂറിസം മേഖലയ്ക്കും ഉണര്‍വായി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് മാസങ്ങളോളം വീടുകളില്‍ കഴിഞ്ഞിരുന്നവര്‍ കുടുംബത്തോടൊപ്പം ഇവിടെയെത്തി ദിവസങ്ങളോളം ചെലവഴിക്കുന്നു. ഉത്രാടം, തിരുവോണം നാളുകളില്‍ മൊട്ടക്കുന്നുകള്‍, പൈന്‍മരക്കാട്, ആത്മഹത്യ മുനമ്പ് , അഡ്വഞ്ചര്‍ പാര്‍ക്ക്, തങ്ങള്‍പാറ, കുരിശുമല, പാലൊഴുകുംപാറ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം പുലര്‍ച്ചെ മുതല്‍ സന്ദര്‍ശകരുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

ഓണത്തോടനുബന്ധിച്ച്‌ മാസങ്ങള്‍ക്ക് മുമ്ബേ റിസോര്‍ട്ടുകളിലും ഹോംസ്റ്റേകളിലും ബുക്കിംഗ് ആരംഭിച്ചിരുന്നു. ഓണത്തിന് ഒരാഴ്ച മുമ്ബ് തന്നെ ഭൂരിഭാഗം റിസോര്‍ട്ടുകളിലും ബുക്കിംഗ് കഴിഞ്ഞിരുന്നു. ദിവസങ്ങളോളം വാഗമണ്ണില്‍ താമസിച്ച്‌ പ്രധാന കേന്ദ്രങ്ങളെല്ലാം കണ്ട് മടങ്ങുന്നവരാണ് ഏറെയും.

സഞ്ചാരികളെ മാത്രം ആശ്രയിച്ചു മുന്നോട്ടുപോകുന്ന വാഗമണ്ണിലെ വഴിയോര വ്യാപാര ശാലകളും ഇപ്പോള്‍ സജീവമാണ്. ഭൂരിഭാഗം കടകളും പുതുക്കിപ്പണിത് തുറന്നു. കൂടാതെ ടാക്‌സി സര്‍വീസുകളും സജീവമാണ്. പൈന്‍മരക്കാടുകളില്‍ ഒഴികെ ഓഫ് റോഡ് സവാരിയും നടക്കുന്നുണ്ട്. അഡ്വഞ്ചര്‍ പാര്‍ക്കിലും ആളുകള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നു. മാസങ്ങളോളം അടഞ്ഞുകിടന്നതിനാല്‍ അറ്റകുറ്റപ്പണിക്കുശേഷമേ പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിക്കുകയുള്ളൂ. പാര്‍ക്കിലെത്തുന്നവര്‍ക്ക് വാച്ച്‌ ടവറില്‍ കയറി കാഴ്ചകള്‍ കാണാം. മുമ്ബ് ഉണ്ടായിരുന്ന പാരാഗ്ലൈഡിംഗും നിര്‍ത്തിയിരുന്നു.

Related Articles

Back to top button
error: Content is protected !!