ChuttuvattomVannappuram

തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തോട് വീണ്ടും അവഗണന; നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും പണികള്‍ ഇഴഞ്ഞ് നീങ്ങുന്നു

വണ്ണപ്പുറം: ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമായ തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രം നവീകരിക്കുവാന്‍ ഫണ്ട് അനുവദിച്ചിട്ടും പണികള്‍ ഇഴഞ്ഞ് നീങ്ങുന്നതായി ആരോപണം. തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നവീകരണത്തിന് ഒരു വര്‍ഷം മുമ്പാണ് ഫണ്ട് അനുവദിച്ചത്. ആദ്യ കാലങ്ങളില്‍ പണികള്‍ നടന്നെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. തുടര്‍ന്നുള്ള ജോലികള്‍ ആരംഭിക്കാത്തതിനാല്‍ ആദ്യം നിയോഗിച്ച സര്‍ക്കാര്‍ ഏജന്‍സിയെ മാറ്റി പുതിയ ഏജന്‍സിക്ക് കരാര്‍ നല്‍കി. അവര്‍ വന്ന് പണികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ യാതാര്‍ഥ്യമായിട്ടില്ല.
ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഒന്നാംഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി അപകടമേഖലയുള്ള സ്ഥലങ്ങളില്‍ പൈപ്പുകള്‍ സ്ഥാപിച്ചിരുന്നു. പ്ലാസ്റ്റിക് ബോട്ടില്‍ സൂക്ഷിക്കുവാനായി പുതിയൊരു ബൂത്ത് നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റവും പ്രധാന ഭാഗമായ പ്രവേശന കവാടത്തിന്റെ നിര്‍മ്മാണം പകുതിയാക്കിയ ശേഷം നിര്‍ത്തി വച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് അന്വേഷിച്ചവരോട് എന്‍ട്രന്‍സിന്റെ ബാക്കി പണികള്‍ ഉടന്‍ തുടങ്ങുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കോ ഷോപ്പ് നിര്‍മ്മാണവും, ടിക്കറ്റ് കൗണ്ടറിന്റെ നിര്‍മ്മാണവും ആരംഭിച്ചിരുന്നു. എന്നാല്‍ ഇവ പൂര്‍ത്തീകരിച്ച് തുറന്ന് കൊടുക്കുന്നതിന് ഇതുവരെ നടപടിയായില്ല.

വഴികളില്‍ ടൈല്‍ വിരിക്കല്‍, സഞ്ചാരികള്‍ക്ക് ഇരിപ്പിടത്തിനായി കല്ലുകൊണ്ടുള്ള ബെഞ്ച് സ്ഥാപിക്കല്‍,  മഴക്കാലത്ത് തകര്‍ന്നുപോയ ചെറുപാലത്തിന്റെ പുനര്‍നിര്‍മാണം, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഏറുമാടം, അപകട സൂചനാ ഡിസ്പ്ലേ ബോര്‍ഡുകള്‍ എന്നിവയാണ് രണ്ടാംഘട്ടത്തില്‍ സ്ഥാപിക്കുന്നത്. കൂടാതെ ഏഴ് നിലകളുള്ള വെള്ളച്ചാട്ടത്തിന്റെ മുകളിലായി അതിമനോഹരമായ രീതിയില്‍ വ്യൂ പോയിന്റിന്റെ പണികളും രണ്ടാം ഘട്ടത്തില്‍ വിഭാവനം ചെയ്തിരുന്നു. എല്ലാ പണികളും ഉടന്‍ ആരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ തുടങ്ങിയിട്ടില്ലെന്നതാണ് യാതാര്‍ഥ്യം.
നിലവില്‍ തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്നവരില്‍ നിന്ന് 40 രൂപയും, കുട്ടികളില്‍ നിന്ന് 20 രൂപയും ഫീസായി ഈടാക്കുന്നുണ്ട്. എന്നാല്‍ ഏറെ പ്രതീക്ഷയോടെ ഇവിടെയത്തി പ്രവേശന ഫീസും നല്‍കി അകത്ത് പ്രവേശിക്കുന്ന സഞ്ചാരികള്‍ അടിസ്ഥാന സൗകര്യമില്ലാതെ വലയുന്ന അവസ്ഥയാണ്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ കൂടി കാഴ്ചകള്‍ ആസ്വദിച്ച് നടക്കുവാന്‍ പോലും പറ്റാതെ കല്ലുകള്‍ ഇളകി കിടക്കുന്നതിനാല്‍ ഏത് സമയവും അപടമുണ്ടാകാവുന്ന സ്ഥിതിയാണ്. എത്രയും വേഗത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും പരാതി നല്‍കുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!