Kerala

വാഴയിലയില്‍ തൊട്ടാല്‍ പൊള്ളും

തിരുവനന്തപുരം: തൂശനിലയില്‍ സദ്യയുണ്ണാതെ ഓണമാഘോഷിക്കാന്‍ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ചാല കമ്പോാളത്തില്‍ ഒരു ഇലയ്ക്ക് ആറ് രൂപയാണ് വില. 200 ഇലയടങ്ങിയ ഒരു കെട്ടിന് ആയിരം രൂപ നല്‍കണം.ഒരു മാസം മുമ്പ് വാഴയിലയുടെ വില മൂന്ന് രൂപയായിരുന്നു.തിരുവോണം അടുപ്പിച്ച് വില പത്ത് രൂപയാകുമെന്ന് ചാലയില്‍ അമ്ബത് വര്‍ഷമായി വാഴയില കച്ചവടം നടത്തുന്ന ആറ്റുകാല്‍ സ്വദേശി ശശി പറഞ്ഞു. ചിങ്ങ മാസത്തില്‍ വിവാഹം,ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ കൂടുതലായതിനാല്‍ വാഴയിലയ്ക്ക് ആവശ്യക്കാര്‍ ഏറുകയാണ്.വിപണിയിലെ വന്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് ഓണക്കാലത്തേക്കുള്ള ഇല മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് വ്യാപാരികള്‍. ഹോട്ടലുകളില്‍ സദ്യ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്കെല്ലാം വാഴയിലയില്‍ സദ്യ വേണമെന്നത് നിര്‍ബന്ധമാണ്.അമ്പതിനായിരം മുതല്‍ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തില്‍ അധികം വിറ്റുപോകുന്നതായാണ് കണക്ക്.

വാഴയിലയ്ക്കും തമിഴ്നാടിനെയാണ് നാം പ്രധാനമായും ആശ്രയിക്കുന്നത്.ചിങ്ങം മുന്നില്‍ക്കണ്ട് ഇലയ്ക്ക് വേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കര്‍ഷകര്‍ തമിഴ്നാട്ടിലുണ്ട്.തൂത്തുക്കുട്ടി,തിരുനെല്‍വേലി,കാവല്‍കിണര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്.ഞാലിപ്പൂവന്‍,കര്‍പ്പൂരവല്ലി എന്നിവയാണ് ഇലയ്ക്ക് വേണ്ടി മാത്രം കൃഷിചെയ്യുന്നത്.അതേസമയം,കനത്ത മഴയില്‍ കൃഷി നശിച്ചതും ഇല വിപണിയെ ബാധിച്ചിട്ടുണ്ട്.

നാട്ടിലെ തോട്ടങ്ങളില്‍ നിന്ന് ആവശ്യത്തിന് വാഴയില ഏര്‍പ്പാടാക്കിയാണ് സാധാരണ ഗതിയില്‍ ചിങ്ങമാസത്തെ വിലക്കയറ്റവും വാഴയില ക്ഷാമവും പിടിച്ചുനിറുത്തുന്നത്. കാലവര്‍ഷം ഏക്കറുകണക്കിന് വാഴത്തോട്ടങ്ങളില്‍ നാശം വിതച്ചതോടെ നാട്ടില്‍ നിന്നുള്ള വാഴയില ലഭ്യത കുറഞ്ഞു. കേടായിപ്പോകും എന്നതിനാല്‍ മുന്‍കൂട്ടി ഇല സംഭരിച്ചു വയ്ക്കുന്നതിനും വ്യാപാരികള്‍ക്ക് പരിമിതിയുണ്ട്. വാഴയിലയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന പേപ്പര്‍ ഇലയ്ക്ക് വില കുറവാണ്. നൂറ് പേപ്പറില നൂറ് രൂപയ്ക്ക് വിപണിയില്‍ ലഭിക്കും.എന്നാല്‍ വാഴയിലയുടെ സ്ഥാനം തട്ടിയെടുക്കാന്‍ പേപ്പറിലയ്ക്ക് കഴിഞ്ഞിട്ടില്ല.

Related Articles

Back to top button
error: Content is protected !!