Kerala

വിസ്മയക്കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരന്‍; ശിക്ഷാവിധി നാളെ

കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ആത്മഹത്യാ പ്രേരണയും സ്ത്രീധന പീഡനവും തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് കേസില്‍ വിധി വന്നിരിക്കുന്നത്. സമൂഹ മനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായിരുന്ന ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിനു വേണ്ടി നടത്തിയ പീഡനങ്ങള്‍ സഹിക്കാനാവാതെ വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2021 ജൂണ്‍ 21 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനി വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 42 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 120 രേഖകളും 12 തൊണ്ടിമുതലുകളും കൂടി പരിശോധിച്ച ശേഷമാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത് കേസില്‍ വിധി പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും സ്വന്തം അച്ഛനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് വിസ്മയ ആത്മഹത്യ ചെയ്തത് എന്നും സമര്‍ഥിക്കാനാണ് പ്രതിഭാഗം കോടതിയില്‍ ശ്രമിച്ചത്. ഭര്‍തൃവീട്ടില്‍ താന്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ചുള്ള വിസ്മയയുടെ ശബ്ദ സംഭാഷണം ഇതിനിടെ പുറത്തുവന്നു. അച്ഛന്‍ ത്രിവിക്രമന്‍ നായരുമായി നടത്തിയ ഫോണ്‍ സംഭാഷണം കോടതിയില്‍ സുപ്രധാന തെളിവായി പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!