Idukki

വോട്ടര്‍ പട്ടിക പുതുക്കല്‍ ആരംഭിച്ചു

ഇടുക്കി: 2023ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ (എസ്എസ്ആര്‍ 2023) ആഗസ്റ്റ് നാലിന് ആരംഭിച്ചു. ഇതോടൊപ്പം വോട്ടര്‍ പട്ടിക ആധാര്‍കാര്‍ഡ് ബന്ധിപ്പിക്കല്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് പ്രാരംഭ നടപടികള്‍ക്കുശേഷം കരടു വോട്ടര്‍ പട്ടിക നവംബര്‍ 9ന് പ്രസിദ്ധീകരിക്കും. നവംബര്‍ 9 മുതല്‍ ഡിസംബര്‍ 8 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അപേക്ഷകളും ആക്ഷേപങ്ങളും പരിഗണിച്ച് അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി 5 നു പ്രസിദ്ധീകരിക്കും.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം മുതല്‍ ജനുവരി ഒന്ന് കൂടാതെ തുടര്‍ന്നു വരുന്ന മൂന്ന് യോഗ്യതാ തീയതികളില്‍ (ഏപ്രില്‍ 1, ജൂലൈ 1, ഒക്ടോബര്‍ 1 ) 18 വയസു പൂര്‍ത്തിയാകുന്നവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനു മുന്‍കൂറായി അപേക്ഷ നല്‍കാം. അപേക്ഷ നേരത്തെ സ്വീകരിക്കുമെങ്കിലും അപേക്ഷകര്‍ക്കു 18 വയസ് പൂര്‍ത്തിയാകുന്നതനുസരിച്ച് മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തി തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയുള്ളു.

വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട വിവിധ ഫോമുകളിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരുള്ള സമ്മതിദായകന് തന്റെ
ആധാര്‍ നമ്പര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും നിലവില്‍ വന്നിട്ടുണ്ട്. ഇതിനായി ഫോറം 6ബി യിലാണ് അപേക്ഷിക്കേണ്ടത്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നവര്‍ക്ക് ഫോറം 6 ലെ ബന്ധപ്പെട്ട കോളത്തില്‍ ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയാല്‍ മതി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും. ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതും സംബന്ധിച്ച വിശദ വിവരങ്ങള്‍ ഇന്ത്യന്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.eci.gov.in ല്‍ ലഭിക്കും.

തിരഞ്ഞെടുപ്പു കമ്മീഷന്റ www.nvsp.in എന്ന വെബ്സൈറ്റ്, വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈല്‍ ആപ്പ് എന്നീ സംവിധാനങ്ങള്‍ക്ക് പുറമെ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) മുഖേന ഫോം 6ബി സമര്‍പ്പിച്ചും വോട്ടര്‍ ഐ.ഡി കാര്‍ഡ് ആധാര്‍ ലിങ്കിംഗ് നടത്താം. കൂടാതെ താലൂക്ക് കാര്യാലയങ്ങളിലും ജില്ലാ കളക്ടറേറ്റിലും വോട്ടര്‍ ഹെല്‍പ്പ് ഡെസ്‌ക് ഇക്കാര്യത്തിനായി ആരംഭിച്ചിട്ടുണ്ട്. ഇടുക്കി കളക്ടറേറ്റിലെ ഹെല്‍പ്പ് ഡെസ്‌ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഡെ. കളക്ടര്‍മാരായ വി.ആര്‍. ലത (ഇലക്ഷന്‍), കെ. മനോജ് ( എല്‍ ആര്‍), ജോളി ജോസഫ് ( ആര്‍ ആര്‍) ദീപ കെ.പി ( എല്‍ എ മൂന്നാര്‍) ഹുസൂര്‍ ശിരസ്ത്ദാര്‍ ഷാജുമോന്‍ എം.ജെ, കളക്ട്രേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!