ChuttuvattomThodupuzha

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കണോ ? കുട ചൂടണം

തൊടുപുഴ: ദിവസവും ആയിരക്കണക്കിനു യാത്രക്കാര്‍ എത്തുന്ന തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ മഴക്കാലത്ത് നില്‍ക്കണമെങ്കില്‍ കുട ചൂടണം. ബസ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരും ദുരിതമനുഭവിക്കാന്‍ തുടങ്ങിയത്. ബസ് കാത്തുനില്‍ക്കുന്ന യാത്രക്കാര്‍ മഴ പെയ്താല്‍ നനയുന്ന സ്ഥിതിയാണ്. ഇവിടെ കച്ചവടം നടത്തുന്ന വ്യാപാരികളും ഇതുമൂലം ഏറെ ദുരിതത്തിലാണ്. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ തകര ഷീറ്റുകള്‍ തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. മഴ പെയ്ത് വരാന്തയില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യാത്രക്കാര്‍ തെന്നിവീഴുന്നതും പതിവാണ്. വ്യാപാരികളാണ് വെള്ളം തുടച്ചു നീക്കി ഇവിടം വൃത്തിയാക്കുന്നത്. വരാന്തയില്‍ വീഴുന്ന വെള്ളം ബസ്‌ബേയിലും പരിസര പ്രദേശങ്ങളിലുമാണ് കെട്ടിക്കിടക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റില്‍ പായല്‍ പിടിച്ച് യാത്രക്കാര്‍ തെന്നിവീണ് അപകടമുണ്ടാകാനും സാധ്യതയുണ്ട്.

മുനിസിപ്പല്‍ അധികൃതരോട് ഏറെ നാളായി ഇതു സംബന്ധിച്ച് പരാതി പറയുന്നുണ്ടെങ്കിലും അവര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാടകയിനത്തിലും ബസുകളുടെ പാര്‍ക്കിംഗ് ഫീസിനത്തിലും വന്‍ തുക നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. എങ്കിലും സ്റ്റാന്‍ഡിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍ നഗരസഭാ അധികൃതര്‍ തികഞ്ഞ അലംഭാവമാണ് പുലര്‍ത്തുന്നതെന്ന് ആക്ഷേപമുണ്ട്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന് നഗരസഭ നിര്‍മ്മിക്കുന്ന ആധുനിക കംഫര്‍ട്ട് സ്റ്റേഷന്‍ യാത്രക്കാര്‍ക്ക് തുറന്നു നല്‍കുന്നത് അനന്തമായി നീളുകയാണ്. ഉടന്‍ തുറക്കും എന്ന പതിവ് പല്ലവി തുടരുന്നതല്ലാതെ ഇതിനുള്ള ഒരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. നിലവില്‍ പരിമിതമായ സൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആശ്രയം. ഇതു വൃത്തിഹീനമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്. ഏറെ തിരക്കനുഭവപ്പെടുന്ന ബസ് സ്റ്റാന്‍ഡില്‍ ഇരിപ്പിട സൗകര്യങ്ങളും പരിമിതമാണ്.

Related Articles

Back to top button
error: Content is protected !!