ArakkulamKudayathoor

കാഞ്ഞാറില്‍ പൊതുസ്ഥലത്ത് സ്‌നഗിയും സാനിറ്ററി പാഡുകളുമടക്കം തള്ളി: 10000 പിഴ ഈടാക്കി

കാഞ്ഞാര്‍: കാഞ്ഞാര്‍ വെങ്കട്ട ഭാഗത്ത് രണ്ടിടങ്ങളില്‍ മാലിന്യം തള്ളി. പഞ്ചായത്ത് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തില്‍ ഒരാളെ പിടികൂടി 10,000രൂപ പിഴയീടാക്കി.വെങ്കട്ട റോഡില്‍ പൊതുമരാമത്ത് റോഡരികിലെ മിനി എം.സി.എഫിന് സമീപം മാലിന്യം തള്ളിയ കുടയത്തൂര്‍ സ്വദേശി ദീപകില്‍ നിന്നാണ് പിഴയീടാക്കിയത്. കഴിഞ്ഞ മാസം ഹരിതകേരളം മിഷന്റെ വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി വൃത്തിയാക്കിയ ഇടത്താണ് വീണ്ടും മാലിന്യം തള്ളിയത്. സാനിറ്ററി നാപ്കിനുകള്‍,കുട്ടികളുടെ സ്‌നഗികള്‍ തുടങ്ങി തൊടാന്‍ അറയ്ക്കുന്ന മാലിന്യങ്ങളാണ് ചാക്കില്‍ക്കെട്ടി പൊതുസ്ഥലത്ത് കൊണ്ടുവന്നിട്ടത്. ഹരിതകര്‍മ സേനാംഗങ്ങളും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചാക്കഴിച്ച് നടത്തിയ പരിശോധനയില്‍ ലഭിച്ച തെളിവില്‍ നിന്നാണ് മാലിന്യം തള്ളിയയാളെ കണ്ടെത്തിയത്.ഉടന്‍ നോട്ടീസ് നല്‍കി പിഴയീടാക്കുകയായിരുന്നു. എം.വി.ഐ.പി വനം വകുപ്പിന് വിട്ടുകൊടുത്ത ഭൂമിയിലും വന്‍ തോതില്‍ മാലിന്യം തള്ളിയിട്ടുണ്ട്. റൂഫിങ് ഷീറ്റിന്റെ മുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് കെട്ടുകളാക്കി ഇവിടെ കൊണ്ടുവന്നിട്ടത്.ഇവിടെയും പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സമീപത്തെ സി.സി.ടി.വി ക്യാമറകളുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴയീടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു.ഇതു സംബന്ധിച്ച് കാഞ്ഞാര്‍ പോലീസിന് പരാതി നല്‍കിയെന്നും സെക്രട്ടറി പറഞ്ഞു. പഞ്ചായത്തില്‍ ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടിയെടുത്തതായി സെക്രട്ടറി പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം എട്ടു മുതല്‍ 13വരെ എല്ലാ വീടുകളിലും കടകളിലും ഹരിതകര്‍മ സേനയെത്തുമെന്നും എല്ലാവരും സഹകരിക്കണമെന്നും സെക്രട്ടറി പറഞ്ഞു

 

Related Articles

Back to top button
error: Content is protected !!