Idukki

പൂപ്പാറ മാസ് തിയേറ്ററിന് സമീപംഒറ്റയാന്‍ വീട് തകര്‍ത്തു

 

ഇടുക്കി: പൂപ്പാറ മാസ് തിയേറ്ററിന് സമീപം ഒറ്റയാന്‍ വീട് തകര്‍ത്തു. ചക്ക കൊമ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് വ്യാഴം രാവിലെ 7 ന് വീട് തകര്‍ത്തത്. വ്യാപാരിയായ പുളിയ്ക്കല്‍ ജലാല്‍ വാടകക്കെടുത്ത് ജോലിക്കാരെ താമസിപ്പിച്ചിരുന്ന വീടാണിത്. 2 ദിവസം മുന്‍പ് വരെ ഇവിടെ 4 തൊഴിലാളികളുണ്ടായിരുന്നു. വീടിന്റെ വാതിലും ഭിത്തിയും ഒറ്റയാന്‍ തകര്‍ത്തിട്ടുണ്ട്. ഒറ്റയാന്‍ എത്തിയപ്പോള്‍ പ്രദേശത്ത് മറ്റാളുകള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

ഒറ്റയാന്‍ വീട് തകര്‍ത്തത് കോണ്‍ഗ്രസ് നിരാഹാര സമരം നടത്തുന്നതിന് 500 മീറ്റര്‍ അകലെയാണ്.പൂപ്പാറ ടൗണില്‍ നിന്നും 500 മീറ്റര്‍ അകലെയാണ് ഇന്നലെ ഒറ്റയാന്‍ വീട് തകര്‍ത്തത്. കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തില്‍ 18 ദിവസമായി പൂപ്പാറയില്‍ നിരാഹാര സമരം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുണ്‍ ആണ് സമരം ആരംഭിച്ചത്. 8 ദിവസത്തിന് ശേഷം ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് അരുണിനെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി.

ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജോസ് തുടര്‍ന്ന് സമരം നയിച്ചു. എം.പി. ജോസിനെയും അറസ്റ്റ് ചെയ്ത് നീക്കിയതിനു ശേഷം ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്‍.ഗണേശനാണ് ഇപ്പോള്‍ സമരം നടത്തുന്നത്. ഇന്നലെ നിരാഹാര സമര വേദിയില്‍ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, എം.എന്‍. ഗോപി , എം.ഡി. അര്‍ജുനന്‍, ഡി. കുമാര്‍ , എം.പി ജോസ്, കെ.എസ്. അരുണ്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, ബെന്നി തുണ്ടത്തില്‍, ബെന്നി കുന്നേല്‍, എസ്. വനരാജ്, പി.എസ്.വില്യംസ്, പി.എല്‍. ആന്റണി, റോയി ചാത്തനാട്ട്, ബോസ് പി. മാത്യു, ജിഷ ജോര്‍ജ്, സന്തോഷ് താമരപ്പിള്ളില്‍, കെ. മണികണ്ഠന്‍, സുരേഷ് ആശാരിപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!