Idukki

പുഷ്പഗിരിയില്‍ കാട്ടുപോത്ത്: ജനങ്ങള്‍ക്കിടയില്‍ ഭീതി

 

ഇടുക്കി: പുഷ്പഗിരിയില്‍ കാട്ടുപോത്തിനെ കണ്ടത് ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി. കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പില്‍ രാജശേഖരനാണ് കാട്ടുപോത്തുകളെ കണ്ടത്.ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ നായ്ക്കളുടെ കുര കേട്ട് രാജശേഖരന്‍ മുറ്റത്തിറങ്ങി ടോര്‍ച്ചടിച്ചപ്പോഴാണ് വീടിനു സമീപം രണ്ട് കാട്ടുപോത്തുകള്‍ നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അയല്‍ക്കാരെ വിളിച്ചു കൂട്ടിയങ്കിലും കാട്ടുപോത്തുകള്‍ ഓടിപ്പോയി. ഒരിടവേളക്ക് ശേഷം കാമാക്ഷി പഞ്ചായത്തില്‍ വന്യമൃഗ സാനിധ്യം വീണ്ടും ഉണ്ടായതോടെ പുഷ്പഗിരി മേഖലയിലെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ മാസം കടുവയുടെയും പുലിയുടെയും സാന്നിധ്യം കാമാക്ഷി, വാത്തിക്കുടി പഞ്ചായത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി, പാറക്കടവ് മേഖലകളില്‍ കാട്ടുപോത്തിന്റെ സാനിധ്യം ഉണ്ടായത്. ശനിയാഴ്ച വൈകീട്ട് പള്ളിക്കാനത്തും , ഞായറാഴ്ച പുലര്‍ച്ചെ പുഷ്പഗിരിയിലുമാണ് കാട്ട് പോത്തിറങ്ങിയത്. രാജശേഖരന്റെ പുരയിടത്തിലും സമീപ പ്രദേശമായ കരിന്തിരിപ്പടിയിലും, പാറക്കടവിലും കാട്ടുപോത്തിന്റെ കാല്‍പ്പാടുകള്‍ കണ്ടെത്തി. പ്രദേശത്തെ കൃഷിയിടങ്ങളില്‍ കാട്ടുപോത്തിന്റെ കാല്‍പാടുകള്‍ വ്യാപകമായി കണ്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്. വിവരമറിഞ്ഞ് അയ്യപ്പന്‍ കോവിലില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!