Idukki

കനിവ് 108 ആംബുലന്‍സിനുള്ളില്‍ അതിഥി തൊഴിലാളി യുവതിക്ക് സുഖ പ്രസവം

 

ഇടുക്കി: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ അതിഥി തൊഴിലാളി യുവതിക്ക് സുഖ പ്രസവം. മധ്യപ്രദേശ് സ്വദേശിനിയും നിലവില്‍ ഇടുക്കി കൊന്നത്തടി പഞ്ചായത്ത് ഓഫീസിന് സമീപം താമസവുമായ കുന്തി (22) ആണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് കുന്തിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒപ്പമുള്ളവര്‍ കനിവ് 108 ആംബുലന്‍സിന്റെ സേവനം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ആംബുലന്‍സ് പൈലറ്റ് മോണ്‍സന്‍ പി സണ്ണി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സീതു മാത്യു എന്നിവര്‍ ഉടന്‍ സ്ഥലത്തെത്തി കുന്തിയുമായി ആശുപത്രിയിലേക്ക് തിരിച്ചു. ആംബുലന്‍സ് കല്ലാര്‍കുട്ടിയില്‍ എത്തുമ്പോഴേക്കും കുന്തിയുടെ ആരോഗ്യ നില വഷളാവുകയും തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സീതു മാത്യു നടത്തിയ പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലന്‍സില്‍ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി. ഒന്നോടെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ സീതു മാത്യുവിന്റെ പരിചരണത്തില്‍ കുന്തി കുഞ്ഞിന് ജന്മം നല്‍കി. ഉടന്‍ സീതു അമ്മയും കുഞ്ഞും ആയുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി. തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് മോണ്‍സണ്‍ അമ്മയും കുഞ്ഞേയും അടിമാലി താലൂക്ക് ആശുപത്രി എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!