Kerala

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: മലയോര മേഖലകളില്‍ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് വ്യാഴാഴ്ച യെല്ലോ അലേര്‍ട്ടുള്ളത്. എറണാകുളം, പാലക്കാട് ജില്ലകളില്‍ വെള്ളിയാഴ്ചയും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ എല്ലാ ജില്ലകളിലും ചെറിയ മഴയ്ക്ക് സാധ്യതയുമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ ന്യൂന മര്‍ദം നിലനില്‍ക്കുന്നുണ്ട്. കോമാറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതുമൂലം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 24 മണിക്കൂറില്‍ 64.5 മി.മീ മുതല്‍ 115.5 മി.മീ വരെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. കേരളത്തില്‍ ഇന്നും നാളെയും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ള മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച മധ്യ കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന തെക്ക് കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അറിയിച്ചു.

Related Articles

Back to top button
error: Content is protected !!