KeralaKochi

13 വര്‍ഷം കഴിഞ്ഞത് മറ്റൊരു പേരില്‍, സവാദിന്റെ ഡിഎന്‍എ പരിശോധിക്കാന്‍ എന്‍ഐഎ

കൊച്ചി : തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താന്‍ എന്‍ഐഎ. കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. 13 വര്‍ഷം ഷാജഹാനെന്ന പേരില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സവാദ് പിടിയിലായത്. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എന്‍ഐഎ നീക്കം.

കേസില്‍ സവാദിനെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഫെബ്രുവരി 16 വരെയാണ് റിമാന്‍ഡില്‍ വിട്ടത്. അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുമെന്നും എന്‍ഐഎ വ്യക്തമാക്കി. 2010 ജൂലൈ 4നാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്. ചോദ്യപ്പേപ്പറില്‍ മതനിന്ദ ആരോപിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ സവാദിനെ കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഷാജഹാന്‍ എന്ന് പേര് മാറ്റി കുടുംബമായി കണ്ണൂര്‍ ജില്ലയില്‍ താമസിച്ച് വരുന്നതിനിടെയാണ് പിടികൂടിയത്.

സവാദിനെ പിടികൂടാന്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് സഹായകമായത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റായിരുന്നു. കാസര്‍കോട്ട് വിവാഹ സമയത്ത് നല്‍കിയ പേര് ഷാജഹാന്‍ എന്നാണെങ്കിലും മൂത്ത കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയത് യഥാര്‍ത്ഥ പേരാണ്. മംഗല്‍പ്പാടി പഞ്ചായത്ത് നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റിലാണ് അച്ഛന്റെ പേര് എം.എം സവാദ് എന്ന് രേഖപ്പെടുത്തിയത്. ഒളിവില്‍ താമസിച്ച് ആശാരിപ്പണി ചെയ്ത് വരുന്നതിനിടയിലാണ് സവാദ് പിടിയിലായത്. എന്‍ഐഎയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ സംരക്ഷണത്തിലായിരുന്നു സവാദിന്റെ ഒളിവ് ജീവിതമെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. 13 വര്‍ഷം ഒളിവിലിരിക്കാന്‍ സവാദിനെ സഹായിച്ചത് ആരൊക്കെയാണെന്നും കാണാമറയത്ത് സവാദ് എവിടെയൊക്കെയാണ് കഴിഞ്ഞതെന്നുമൊക്കെയുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ നീക്കം.

Related Articles

Back to top button
error: Content is protected !!