Thodupuzha

പുഴയോര ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു……

തൊടുപുഴ: നഗരത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന പുഴയോര ബൈപാസ് നിര്‍മ്മാണം പുരോഗമിക്കുന്നു. നിര്‍മാണത്തിന് സാങ്കേതികമായി തടസമായിരുന്ന സ്ഥലമെടുപ്പു നടപടികള്‍ പൂര്‍ത്തിയായി.ബൈപാസിനു വേണ്ടി സ്ഥലം വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര തുക കഴിഞ്ഞ ദിവസം കൈമാറി.

കോലാനി വെങ്ങല്ലൂര്‍ ബൈപാസിലെ വെങ്ങല്ലൂര്‍ പാലത്തിനു സമീപത്ത് നിന്ന് ആരംഭിച്ച്‌ തൊടുപുഴയാറിന്റെ തീരത്ത് കൂടി തൊടുപുഴ പാലാ റോഡിലെ ധന്വന്തരി ജംഗ്ഷനില്‍ എത്തിച്ചേരുന്നതാണ് പുതിയ ബൈപ്പാസ്. 1.7 കിലോമീറ്റര്‍ നീളവും 12 മീറ്റര്‍ വീതിയിലുമാണ് റോഡ് നിര്‍മിക്കുന്നത്.

പുഴയോരത്തിന്റെ സൈഡ് കെട്ടി സുരക്ഷിതമായും പുഴയുടെ സൗന്ദര്യം ആസ്വദിക്കത്തക്ക വിധത്തിലുമാണ് ബൈപാസ് നിര്‍മാണം. ബൈപാസ് റോഡുകളുടെ നാടായ തൊടുപുഴയിലെ എട്ടാമത്തെ ബൈപാസാണ് ഇത്. വാഹന ഗതാഗതത്തിന് പുറമെ വ്യായാമത്തിനും വിനോദത്തിനും കൂടി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബൈപാസ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. റോഡ് ഫോര്‍മേഷനും കലുങ്കിന്റെ നിര്‍മാണവും പൂര്‍ത്തിയാകാറായി.റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരമായി 10.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 6.30 കോടി രൂപയാണ് ബൈപാസിന്റെ നിര്‍മാണ ചിലവ്. ആറു മാസത്തിനുള്ളില്‍ തുറന്നു കൊടുക്കത്തക്ക വിധത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

മനോഹര

തീരത്തണയാന്‍

പ്രഭാത സവാരിക്കാര്‍ക്കായി പുഴയോരത്ത് കൂടി രണ്ടു മീറ്റര്‍ വീതിയില്‍ ജോഗിംഗ് ട്രാക്ക്, റോഡിന്റെ മുഴുവന്‍ ഭാഗത്തും പുഴയുമായി തിരിച്ച്‌ കുളിക്കടവുകള്‍ ഒഴിവാക്കി ഹാന്‍ഡ് റെയിലുകള്‍, പുഴയോരത്തും, മറുവശത്തും പൂമരങ്ങള്‍ നട്ടു പിടിപ്പിച്ച്‌ മനോഹരമാക്കല്‍, അലങ്കാര സ്ട്രീറ്റ് ലൈറ്റുകള്‍ എന്നിങ്ങനെ ബൈപാസിനോട് അനുബന്ധിച്ച്‌ സ്ഥാപിക്കല്‍, ജനങ്ങള്‍ക്ക് പ്രഭാത വ്യായാമത്തിനും വൈകുന്നേരങ്ങളില്‍ കുടുംബമായി എത്തി സമയം ചെലവഴിച്ച്‌ പുഴയുടെ പ്രകൃതി രമണീയത ആസ്വദിക്കുന്നതുമുള്‍പ്പെടെ വിവിധോദ്ദേശ പദ്ധതിയാണ് പുതിയ ബൈപാസിനോട് അനുബന്ധിച്ച്‌ വിഭാവനം ചെയ്തിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!