Thodupuzha

ഇന്ന് ലോക വനിതാ ദിനം :പകലന്തിയോളം ഭാഗ്യം വിതറും,പിന്നെ തൂലികയേന്തും… 

തൊടുപുഴ:കൗസല്യ കൃഷ്‌ണനും കാര്‍ത്യായനി കൃഷ്‌ണന്‍കുട്ടിയും രാവിലെ മുതല്‍ ഇരുട്ട്‌ വീഴും വരെ തൊടുപുഴ നഗരത്തില്‍ പതിവായി കാണുന്ന മുഖങ്ങളാണ്‌.ഭാഗ്യം വിതറാന്‍ ലോട്ടറി ടിക്കറ്റുകളുമായാണ്‌ ഇവര്‍ എല്ലാവരുടേയും മുന്നിലെത്തുന്നത്‌. എന്നാല്‍, അടുത്ത കാലത്തായി ലോട്ടറികള്‍ക്കൊപ്പം സ്വന്തം പേരിലിറക്കിയ പുതുപുത്തന്‍ പുസ്‌തകങ്ങളും ഇവര്‍ വില്‍പ്പനയ്‌ക്കായി കൈയില്‍ കരുതും.

പകല്‍ സമയത്ത്‌ അടുത്തറിയുന്ന ജീവിതസ്‌പര്‍ശിയായ നിമിഷങ്ങള്‍ കവിതകളുടേയും നാടന്‍ പാട്ടുകളുടേയും ചെറുകഥകളുടേയും രൂപത്തില്‍ മറ്റുള്ളവര്‍ക്ക്‌ പകര്‍ന്ന്‌ നല്‍കുകയാണ്‌ ഇരുവരും. ഇതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ വ്യാപാര സ്‌ഥാപനങ്ങള്‍ ആശുപത്രികള്‍ തുടങ്ങി എല്ലായിടവും കയറിയിറങ്ങിയാണിവരുടെ ജീവിതം മുന്നോട്ട്‌ പോകുന്നത്‌. തൊടുപുഴയിലെ സാഹിത്യ രംഗത്തെ വ്യത്യസ്‌ത മുഖങ്ങളാണ്‌ ഇരുവരും.

ചെറുപ്പം മുതലേ എഴുത്താരംഭിച്ച ഇരുവരും പരിചയപ്പെട്ടത്‌ ഏഴ്‌ വര്‍ഷം മുമ്ബ്‌ യാദൃശ്‌ചികമായാണ്‌. ഇവര്‍ രൂപംകൊടുത്ത സാഹിത്യ രചനകള്‍ ഇതിനോടകം നിരവധിയാളുകളിലേക്കാണ്‌ എത്തിയിരിക്കുന്നത്‌. തൊടുപുഴയിലെ വിവിധ സാഹിത്യ വേദികളും ഏതാനും സുമനസുകളുമാണ്‌ ഇരുവരുടേയും കഴിവുകള്‍ പുസ്‌തക രൂപത്തിലാക്കാന്‍ സഹായിച്ചത്‌. പുതിയ പുസ്‌തകത്തിന്റെ പണിപ്പുരയിലാണ്‌ ഇരുവരും.

 

കൗസല്യ കൃഷ്‌ണന്‍ ഉടുമ്ബന്നൂര്‍ ചെപ്പുകുളത്താണ്‌ ജനിച്ച്‌ വളര്‍ന്നത്‌. ഏഴാം ക്ലാസ്‌ വരെയേ പഠിച്ചിട്ടുള്ളൂ. വീട്ടില്‍ത്തന്നെയുള്ള നിലത്തെഴുത്ത്‌ കളരിയില്‍ പിതാവ്‌ കുഞ്ഞന്‍ ഗണകനാണ്‌ ആദ്യാക്ഷരം കുറിപ്പിച്ചത്‌. അദ്ദേഹം ശ്ലോകങ്ങളും കീര്‍ത്തനങ്ങളുമൊക്കെ എഴുതുമായിരുന്നു. അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ പഠിച്ചപ്പോള്‍ മുതല്‍ കൗസല്യ പുസ്‌തകങ്ങള്‍ വായിച്ച്‌ തുടങ്ങി. ഇതുകണ്ട്‌ സമീപത്തുള്ള വായനശാലയില്‍ നിന്നും മറ്റും പിതാവ്‌ പുസ്‌തകങ്ങള്‍ എത്തിച്ച്‌ നല്‍കുമായിരുന്നു. വായിക്കുന്നത്‌ അനുകരിച്ച്‌ വേറെ കുട്ടിക്കഥകള്‍ എഴുതുക പതിവായിരുന്നു. ഏഴാം ക്ലാസെത്തിയപ്പോള്‍ അമ്മയുടെ മരണത്തോടെ വിദ്യാഭ്യാസം നിലച്ചു. 17-ാം വയസില്‍ വിവാഹം കഴിഞ്ഞതോടെ എല്ലാം നിലച്ച മട്ടായിരുന്നു. ഉണ്ടായിരുന്ന സ്വത്തും വിറ്റ്‌ ഭര്‍ത്താവിന്റെ വീടായ പത്തനംതിട്ടയിലേക്ക്‌ പോയി. എഴുത്ത്‌ നിലച്ചെന്ന്‌ മാത്രമല്ല ഭര്‍ത്താവിന്റെ ഉപദ്രവവും കഠിനമായിരുന്നു.

വിവാഹത്തിന്‌ ശേഷം 10 വര്‍ഷം കഴിഞ്ഞപ്പോഴാണ്‌ ഇരട്ടക്കുട്ടികള്‍ ഉണ്ടാകുന്നത്‌. കുട്ടികള്‍ക്ക്‌ രണ്ട്‌ വയസായപ്പോള്‍ ഭര്‍ത്താവ്‌ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. മിഷനറി പ്രവര്‍ത്തകരുടെ സഹായത്താല്‍ തല്‍ക്കാലത്തേക്ക്‌ അഭയം ലഭിച്ചെങ്കിലും പിന്നീട്‌ മൂവാറ്റുപുഴയിലെ ഒരു അനാഥാലയത്തിലേക്കെത്തി. അവിടെയാണ്‌ കുട്ടികള്‍ വളര്‍ന്നത്‌. സ്വന്തം വരുമാനത്തിനായി ഇഷ്‌ട മേഖലയായ പുസ്‌തക കച്ചവടം നടത്തി. ഇതിനായി ഇടുക്കി, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളില്‍ മുഴുവന്‍ യാത്ര ചെയ്യേണ്ടി വന്നു. എന്നാല്‍ പ്രതീക്ഷിച്ച ലാഭം കിട്ടാതെ വന്നതിനാല്‍ ഇത്‌ നിര്‍ത്തി. പിന്നീട്‌ തെരഞ്ഞെടുത്തത്‌ ലോട്ടറി കച്ചവടമായിരുന്നു.

16 വര്‍ഷമായി ഇതേ രംഗത്താണ്‌. ഇക്കാലയളവിലാണ്‌ തന്റെ സാഹിത്യവാസന പുറം ലോകത്തെ അറിയിക്കാനായതെന്ന്‌ കൗസല്യ പറഞ്ഞു. സ്വന്തമായി നാടകം എഴുതി പുസ്‌തകമാക്കിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതേത്തുടര്‍ന്ന്‌ തൊടുപുഴയിലെ പോലീസ്‌ അസോസിയേഷനാണ്‌ പണം മുടക്കി കനല്‍ ജീവിതം എന്ന കവിതാ സമാഹാരം പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചത്‌. ആറ്‌ മാസത്തിനുള്ളില്‍ ഇതിന്റെ 3000 കോപ്പികള്‍ വിറ്റുപോയി. ഇപ്പോള്‍ മൂന്നാമത്തെ പുസ്‌തകമായ മഴയ്‌ക്ക്‌ മുമ്ബേ എന്ന കവിതാ സമാഹാരം പുറത്തിറക്കിയിട്ടുണ്ട്‌. പുസ്‌തകവും ലോട്ടറിയും വിറ്റ്‌ കിട്ടുന്ന പണം വീട്ട്‌ ചെലവിന്‌ പുറമേ മറ്റുള്ളവരുടെ പുസ്‌തകങ്ങള്‍ വാങ്ങാനുമാണ്‌ ഉപയോഗിക്കുന്നത്‌. എറണാകുളം ജില്ലയിലെ കോതമംഗലം പൈങ്ങോട്ടൂര്‍ 90-ാം കോളനിയിലെ സ്വന്തം വീട്ടിലാണിപ്പോള്‍ 54കാരിയായ കൗസല്യ താമസിക്കുന്നത്‌.

 

62 വയസുള്ള കാര്‍ത്യായനിക്ക്‌ തിരിഞ്ഞ്‌ നോക്കുമ്ബോള്‍ നടന്നതെല്ലാം അത്ഭുതമെന്നേ പറയാനാകൂ. പാലമറ്റം സ്‌കൂളില്‍ ഏഴാം ക്ലാസ്‌ വരെയാണ്‌ കാര്‍ത്യായനി പഠിച്ചിട്ടുള്ളൂ. അച്‌ഛന്‍ മാധവനും അമ്മ ഭവാനിയും കര്‍ഷകരായിരുന്നു. ഇരുവരും ജോലിക്കിടെ പാടുന്ന നാടന്‍ പാട്ടുകള്‍ കേട്ടാണ്‌ കാര്‍ത്യായനി വളര്‍ന്നത്‌. അതിനാല്‍ തന്നെ അക്ഷരം പഠിക്കാന്‍ തുടങ്ങിയത്‌ മുതല്‍ സ്വന്തമായി നാടന്‍ പാട്ടെഴുതി തുടങ്ങി. ഇതിന്‌ പുറമേ നന്നായി പാടാനും പഠിച്ചു. ഇത്‌ സ്‌കൂളിലും പാര്‍ട്ടി സമ്മേളനങ്ങളിലും പാടാനുള്ള അവസരമൊരുക്കി.

പുസ്‌തകങ്ങള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കിട്ടുന്നിടത്ത്‌ നിന്നൊക്കെ വായിക്കുന്നത്‌ പതിവാക്കി. പത്രങ്ങളുടേയും മറ്റും ഞായറാഴ്‌ച പതിപ്പായിരുന്നു ചെറുപ്പത്തില്‍ ഏറെ വായിച്ചിട്ടുള്ളത്‌. ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി. 16-ാം വയസില്‍ വിവാഹവും നടന്നു. ഇതിന്‌ ശേഷം വീട്ടുകാര്യവും മറ്റും മുന്നോട്ട്‌ കൊണ്ടുപോകാന്‍ കൂലിപ്പണിക്കും പോയിരുന്നു.

മക്കളൊക്കെ വലുതായി വിവാഹവും കഴിച്ചയച്ചു. ഇതിനിടെ ചിക്കന്‍ഗുനിയ പിടിപെട്ടതോടെ കൂലിപ്പണിക്ക്‌ പോകാന്‍ പറ്റാതെയായി. ഇതോടെയാണ്‌ ഏഴ്‌ വര്‍ഷം മുമ്ബ്‌ തൊടുപുഴയില്‍ ലോട്ടറി കച്ചവടത്തിനെത്തുകയും കൗസല്യ കൃഷ്‌ണനെ പരിചയപ്പെടുകയും ചെയ്‌തത്‌. ഇത്‌ ജീവിതത്തിലെ ഒരു വഴിത്തിരിവായെന്ന്‌ കാര്‍ത്യായനി പറയുന്നു.

സാഹിത്യകൂട്ടായ്‌മകളില്‍ പങ്കെടുക്കാനും എഴുതാനും വായിക്കാനുമൊക്കെയുള്ള അവസരവും കിട്ടി. ഇവിടെ വച്ചാണ്‌ ഇതുവരെ താനെഴുതിയ സാഹിത്യ സൃഷ്‌ടികള്‍ ഒരു പുസ്‌തക രൂപത്തിലാക്കണമെന്ന്‌ ആഗ്രഹമുണ്ടായത്‌. ഇതിനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെ ഒരു അപകടവും പറ്റി. എങ്കിലും പരിചയത്തിലുള്ള സത്രീ മുഖാന്തിരം ആദ്യ പുസ്‌തകം പ്രസിദ്ധീകരിക്കാനായി. 75 കോപ്പിയായിരുന്നു ആദ്യം ഇറക്കിയത്‌. ഇതിനോടകം എഴുതിയ 18 നാടോടി പാട്ടുകളും അഞ്ച്‌ ചെറുകഥകളും ഈ പുസ്‌തകത്തിലുണ്ട്‌. ആദ്യ പതിപ്പ്‌ വിറ്റഴിഞ്ഞതോടെ രണ്ടാം പതിപ്പുമിറക്കിയിരുന്നു. പാടത്തും പറമ്ബിലും പണിയെടുത്ത്‌ പോറ്റിയ മാതാപിതാക്കളോടുത്തുള്ള ചെറുപ്പത്തിലെ ജീവിതാനുഭവങ്ങളാണ്‌ കാര്‍ത്യായനിയുടെ ചെറുകഥകളിലും നാടന്‍ പാട്ടുകളിലുമുള്ളത്‌. തന്റെ സാഹിത്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഭര്‍ത്താവിന്റേയും മക്കളുടേയും പിന്തുണയുമുണ്ട്‌. മറ്റ്‌ വരുമാന മാര്‍ഗമുണ്ടെങ്കില്‍ പൂര്‍ണ സമയവും എഴുതണമെന്നാണ്‌ കാര്‍ത്യായനിയുടെ ആഗ്രഹം. താമസം തൊടുപുഴ കൂവക്കണ്ടത്താണ്‌.

 

 

 

 

Related Articles

Back to top button
error: Content is protected !!