Thodupuzha

മൂലമറ്റം വെടിവെപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

തൊടുപുഴ: അറക്കുളത്ത് തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായി യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതി മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടിന് തിരയും വെടിമരുന്നുമെത്തിച്ച് നല്‍കിയ ആലക്കോട് ചിലവ് കൊച്ചുമറ്റം ഷാജി സെബാസ്റ്റ്യനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രതിയെ കൊലപാതകം നടന്ന എ.കെ.ജി ജങ്ഷനിലെത്തിച്ച്് വെടിവെപ്പ് രംഗം പുനരാവിഷ്‌കരിച്ചു. എട്ടാം തീയതി വരെയാണ് പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വരും ദിവസങ്ങളിലും തെളിവെടുപ്പ് തുടരും.കഴിഞ്ഞ 26ന് രാത്രി 10 ന് മൂലമറ്റം എ.കെ.ജി. ജങ്ഷനില്‍ നടന്ന വെടിവെപ്പില്‍ ഇടുക്കി കീരിത്തോട് സ്വദേശിയും മൂലമറ്റത്ത് ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബു (32) വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കര (32) ന്‍ വെടിയേറ്റ് ഗുരുതര പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. പ്രദീപിനെ നിലവില്‍ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ക്ക് സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. ഡോക്ടറുടെ അനുമതിയോടെ എഴുതി കാട്ടുന്നതുള്‍പ്പെടെ മറ്റ് രീതികള്‍ അവലംബിച്ച് പ്രദീപില്‍ നിന്നും സംഭവത്തിന്റെ യഥാര്‍ഥ ചിത്രം മനസിലാക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.

പ്രതി മുമ്പ് താമസിച്ചിരുന്നതിന് സമീപത്തായാണ് അറസ്റ്റിലായ ഷാജിയുടേയും വീട്. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിന് ലൈസന്‍സുണ്ട്. ഫിലിപ്പിന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും ഇതിന് പുറമേ എയര്‍ഗണ്ണും ഉണ്ടായിരുന്നു. ഇതില്‍ ഉപയോഗിക്കുന്നതിനായി ഷാജിയുമായുള്ള ബന്ധം ഉപയോഗിച്ച് പ്രതി ഫിലിപ്പ് മാര്‍ട്ടിന്‍ പലപ്പോഴും തിര വാങ്ങാറുണ്ടായിരുന്നു. ഇത്തരത്തില്‍ ലഭിച്ച തിരയാണ് സംഭവദിവസം ഉപയോഗിച്ചത്. അറസ്റ്റിലായ സമയത്ത്് തിര വാങ്ങിയത് അയല്‍ സംസ്ഥാനത്ത് നിന്നാണെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാജിയാണ് തിര നല്‍കിയതെന്ന വിവരം പോലീസിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി ഫിലിപ്പ് മാര്‍ട്ടിനെ കൊലപാതകം നടന്ന എ.കെ.ജി ജംഗ്ഷനിലെത്തിച്ച് വെടിവെപ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പുനരാവിഷ്‌കരിച്ചു. വെടിവെച്ച രീതിയും ആ സമയം കൊല്ലപ്പെട്ട സനലും പരിക്കേറ്റ പ്രദീപും ബൈക്കില്‍ വന്ന പൊസിഷനും ഉള്‍പ്പെടെയുള്ളവ പ്രതി വിശദീകരിച്ചു. രണ്ട് പോലീസുകാര്‍ ബൈക്കില്‍ ഇരുന്നാണ് ഈ രംഗം ചിത്രീകരിച്ചത്. വാഹനത്തിലിരുന്ന് നിറയൊഴിച്ചതും പ്രതി വിവരിച്ചു. കൊല്ലപ്പെട്ട സനലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത പോലീസ് സര്‍ജ്ജന്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരും ഈ സമയം സ്ഥലത്തെത്തിയിരുന്നു. 30 വാര അകലെ നിന്നാണ് പ്രതി നിറയൊഴിച്ചതെന്ന നിഗമനം സര്‍ജ്ജന്‍ നേരത്തെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇക്കാര്യവും പരിശോധനാ വിധേയമാക്കി.

Related Articles

Back to top button
error: Content is protected !!