Kerala

ഒന്നാം ക്ലാസ് പ്രവേശനം ; 6 വയസാക്കണമെന്ന കേന്ദ്ര നിര്‍ദേശം വീണ്ടും തള്ളി കേരളം

തിരുവനന്തപുരം : ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസില്‍ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവന്‍കുട്ടി. 5 വയസില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികള്‍ പ്രാപ്തരാവുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിനു 6 വയസ്സ് ആക്കണമെന്ന് കേന്ദ്രം വീണ്ടും നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും കേന്ദ്ര നിര്‍ദേശം ഇത്തവണയും കേരളം നടപ്പാക്കില്ല. മുന്‍ വര്‍ഷവും കേന്ദ്രത്തിന്റെ ആവശ്യം കേരളം തള്ളിയിരുന്നു. അതേസമയം, എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. 4,27105 കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരകടലാസ് വിതരണം, ചോദ്യപേപ്പര്‍ സൂക്ഷിക്കുന്നത് എന്നിവ സംബന്ധിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 536 കുട്ടികള്‍ ഗള്‍ഫിലും 285 പേര്‍ ലക്ഷദ്വീപിലും പരീക്ഷ എഴുതുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഹയര്‍ സെക്കന്ററി തലത്തില്‍ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുള്ളത്. ഏപ്രില്‍ ഒന്നിന് മൂല്യനിര്‍ണയം തുടങ്ങും. മേയ് രണ്ടാം ആഴ്ച ഫലം പ്രഖ്യാപിക്കുമെന്നും കാലാവസ്ഥ കണക്കിലെടുത്ത് സ്‌കൂളുകളില്‍ ക്രമീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. കുടിവെള്ളം ഉറപ്പാക്കണം, ഹയര്‍ സെക്കന്ററി അധ്യാപക സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിലും പരീക്ഷ ഡ്യൂട്ടി മുന്‍നിശ്ചയിച്ച പ്രകാരം നടപ്പാക്കും. അധ്യാപകര്‍ക്ക് സര്‍വീസ് ബ്രേക്ക് വരില്ല. ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷ ചോദ്യ പേപ്പര്‍ ചോര്‍ന്നത് ഗൗരവമായി കാണുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

 

 

 

Related Articles

Back to top button
error: Content is protected !!