National

200 പരാതികള്‍, 161ലും നടപടി ; മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ വിവേചനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : മാതൃകാ പെരുമാറ്റ ചട്ടം നടപ്പാക്കുന്നതില്‍ ഒരു വിവേചനവുമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം 200 പരാതികളാണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. ഇതില്‍ 161ലും നടപടി സ്വീകരിച്ചു. പ്രചാരണ രംഗത്ത് എല്ലാവര്‍ക്കും തുല്യ പരിഗണനയ്ക്കുള്ള സാഹചര്യം ഒരുക്കിയെന്നും കമ്മീഷന്‍ അവകാശപ്പെട്ടു. ബിജെപി അനുകൂലമായ രീതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്കിടെയാണ് നിലപാട് വ്യക്തമാക്കിയത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പതിമൂന്ന് ദിവസത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തത് പണം ഉള്‍പ്പെടെ 4650 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.

കേരളത്തില്‍ 53 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലാകെ 3475 കോടിയാണ് പിടിച്ചെടുത്തതെങ്കില്‍ ഇത്തവണ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ 4600 കോടി കവിഞ്ഞു. പണമായി മാത്രം 395.39 കോടിയാണ് പിടിച്ചെടുത്തത്. 489 കോടി മൂല്യമുള്ള മൂന്ന് കോടി അന്‍പത്തിയെട്ട് ലക്ഷം ലിറ്റര്‍ മദ്യവും പിടിച്ചെടുക്കാനായി. രണ്ടായിരം കോടിയുടെ മയക്കുമരുന്നും അധികൃതര്‍ പിടികൂടിയിട്ടുണ്ട്. സ്വര്‍ണം പോലുള്ള 562 കോടിയുടെ ലോഹങ്ങളും മറ്റ് സൗജന്യങ്ങളായുള്ള 1142 കോടിയുടെ സാധനങ്ങളുടെ പിടിച്ചെടുത്തുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 778 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്ത രാജസ്ഥാനാണ് സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നില്‍. ഗുജറാത്തില്‍ നിന്ന് 605 കോടിയുടെ സാധനങ്ങളും തമിഴിനാട്ടില്‍ നിന്ന് 460 ഉം മഹാരാഷ്ട്രയില്‍ നിന്ന് 431 കോടിയും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് പണമായി പത്ത് കോടിയാണ് കമ്മീഷന്‍ പിടിച്ചെടുത്തത്.

 

 

 

 

Related Articles

Back to top button
error: Content is protected !!