Thodupuzha

സായാഹ്ന വാർത്തകൾ

 

 

2022 | ജൂൺ 20 | തിങ്കൾ | 1197 | മിഥുനം 6 | പൂരുരുട്ടാതി

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

 

◼️അഗ്‌നിപഥ് പദ്ധതിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വ്യാജബന്ത് ചീറ്റിപ്പോയി. പോലീസ് ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നെങ്കിലും ഉച്ചയോടെ പിന്‍വലിച്ചു. ബന്ത്, ഹര്‍ത്താല്‍ എന്നീ പേരും പറഞ്ഞു ജാഥ നടത്താന്‍പോലും ആരുമുണ്ടായില്ല. കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും മുതിര്‍ന്നാല്‍ അറസ്റ്റു ചെയ്യാന്‍ ഡിജിപി പോലീസിനു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

 

◼️കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരം സിഐടിയു പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ശമ്പളം കൃത്യമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണു സമരം. ജീവനക്കാരെ സമരക്കാര്‍ ഓഫീസിലേക്കു കടത്തി വിട്ടില്ല.

 

◼️സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് കസ്റ്റംസിനു നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റിന് നല്‍കാന്‍ കോടതി ഉത്തരവ്. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇഡിയുടെ അപേക്ഷ പരിഗണിക്കുന്നതിനെ കസ്റ്റംസ് എതിര്‍ത്തില്ല. തുടര്‍ന്നാണ് സ്വപ്ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ മൊഴികള്‍ ഇഡിയ്ക്കു നല്‍കാന്‍ സാമ്പത്തിക കുറ്റാന്വേഷണ കോടതി ഉത്തരവിട്ടത്. സ്വപ്നയുടെ മൊഴി കോടതി ക്രൈംബ്രാഞ്ചിനു നല്‍കുന്നതു നിഷേധിച്ചിരുന്നു.

 

◼️കാസര്‍ഗോഡ്- തിരുവനന്തപുരം സില്‍വര്‍ലൈന്‍ പദ്ധതിയെകുറിച്ചു പൊതുജനങ്ങളുമായി സംവാദത്തിന് കെ റെയില്‍. ജൂണ്‍ 23 ന് കെ റെയില്‍ എംഡി തത്സമയം സംശയങ്ങള്‍ക്കു മറുപടി നല്‍കും. വൈകിട്ട് നാലു മുതല്‍ കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി സംശയങ്ങള്‍ ചോദിക്കാമെന്നാണ് കെ റെയില്‍ പത്രക്കുറിപ്പില്‍ പറയുന്നത്. മാനേജിങ് ഡയറക്ടര്‍ വി. അജിത് കുമാര്‍, പ്രോജക്ട് ഡയറക്ടര്‍ എം. സ്വയംഭൂലിംഗം എന്നിവരാണു മറുപടി നല്‍കുക.

 

◼️അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടര്‍ന്ന് അവയവം സ്വീകരിച്ച രോഗി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് പരാതി. കാരക്കോണം സ്വദേശി 62 വയസുള്ള സുരേഷ്‌കുമാറാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയില്‍നിന്ന് ഇന്നലെ രാത്രിയാണ് വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലെത്തിച്ചത്. എന്നാല്‍ സ്വീകര്‍ത്താവില്‍ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ വൈകിയെന്നാണ് ആരോപണം.

 

◼️വ്യഭിചാരശാലയില്‍ പൊലീസ് പരിശോധിക്കുമ്പോള്‍ ഉണ്ടായിരുന്നു എന്നതിന്റെ പേരില്‍ ഒരാള്‍ക്കെതിരേ കുറ്റം ചുമത്താനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വ്യഭിചാരശാല നടത്തുന്നത് കുറ്റകരമാണ്. എന്നാല്‍ പരപ്രേരണയോ നിര്‍ബന്ധമോ ഇല്ലാതെ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല. വ്യഭിചാരശാല സന്ദര്‍ശിക്കുന്നവര്‍ ലൈംഗികവൃത്തിക്കു സമ്മര്‍ദം ചെലുത്തിയെങ്കില്‍ മാത്രമേ ഇടപാടുകാരനെതിരെ കേസെടുക്കാവൂവെന്നും കോടതി.

 

◼️ഹൗസ് ബോട്ടില്‍ സഞ്ചരിക്കവേ പുന്നമടയില്‍ കായലില്‍ വീണ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി പ്രദീപ് പി നായരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദീപ് പി നായരെ കാണാതായത്. ഭക്ഷണം കഴിച്ച് കൈകഴുകുന്നതിനിടെ കാല്‍വഴുതി പ്രദീപ് കായലില്‍ വീഴുകയായിരുന്നു.

 

◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍നിന്നു തൊണ്ടിമുതല്‍ മോഷ്ടിച്ച കേസില്‍ മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്ഠന്‍ നായരെ അറസ്റ്റു ചെയ്തു. കാണാതായ സ്വര്‍ണത്തില്‍ 12 പവന്‍ സ്വര്‍ണം ബാലരാമപുരത്തെ ഒരു ജ്വല്ലറിയില്‍നിന്നു കണ്ടെത്തി. ചാലയിലെ ഒരു ജ്വല്ലറിയിലും സ്വര്‍ണം വിറ്റെന്ന് ശ്രീകണ്ഠന്‍ നായര്‍ മൊഴി നല്‍കി.

 

◼️കോഴിക്കോട് മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോയൊണ് സംഭവം. രണ്ടു പേര്‍ കാരശേരി ബാങ്കില്‍നിന്ന് പണമെടുത്ത് മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്ന് ഇടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

 

◼️ഫണ്ട് വിവാദത്തില്‍ സിപിഎം പയ്യന്നൂര്‍ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കം വിജയിച്ചില്ല. പി. ജയരാജന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പൊതു പ്രവര്‍ത്തനം അവസാനിപ്പിച്ചെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നു കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ അങ്ങനെയൊരു മധ്യസ്ഥ ചര്‍ച്ച നടന്നിട്ടില്ലെന്നും സിപിഎമ്മില്‍ അങ്ങനെയൊരു രീതി ഇല്ലെന്നും പി. ജയരാജന്‍ പറഞ്ഞു.

 

◼️മലപ്പുറം മമ്പാട് ടൗണിലെ ടെക്സ്റ്റൈല്‍സ് ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മാന്‍ (29) മരിച്ചത് ആത്മഹത്യയാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മര്‍ദ്ദനമേറ്റെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ ടെക്സറ്റയില്‍സ് ഉടമ ഉള്‍പ്പെടെ 13 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.

 

◼️അഗ്നിപഥ് പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലും റെയില്‍വേ സ്റ്റേഷനുകളുടെ സുരക്ഷ കൂട്ടാന്‍ ആര്‍പിഎഫ് നിര്‍ദ്ദേശം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഫ്ളാഗ് മാര്‍ച്ച് നടത്തി.

 

◼️തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ വീണ്ടും ഇറക്കാന്‍ ശ്രമം. തൊഴിലാളികള്‍ വാഹനത്തില്‍നിന്ന് ഇറക്കിയ കുറ്റികള്‍ നാട്ടുകാര്‍ തിരിച്ചു വാഹനത്തില്‍ കയറ്റി. നാട്ടാനാല്ല, സൂക്ഷിക്കാനായാണ് കുറ്റികള്‍ കൊണ്ടുവന്നതെന്ന് തൊഴിലാളികള്‍ അറിയിച്ചെങ്കിലും കുറ്റികള്‍ ഇറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.

 

◼️കല്ലറ പാങ്ങോട് പുലിപ്പാറയില്‍ കമിതാക്കളായ യുവതിയേയും യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് കീഴായിക്കോണം ചരുവിള പുത്തന്‍ വീട്ടില്‍ പരേതയായ ബേബിയുടെയും സന്തോഷിന്റെയും മകന്‍ ഉണ്ണി (21), കല്ലറ പാങ്ങോട് പുലിപ്പാറ ശാസ്താകുന്ന് സിമി ഭവനില്‍ സുമി (18) എന്നിവരാണ് മരിച്ചത്. മൂന്നു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. സുമിയ്ക്ക് ഒരു യുവാവുമായി അടുപ്പമുണ്ടെന്നു സംശയിച്ച് ഉണ്ണി കഴിഞ്ഞ ദിവസം സുമിയെ മര്‍ദിച്ചിരുന്നതായി വീട്ടുകാരോട് പറഞ്ഞിരുന്നു.

 

◼️കൈയില്ലെങ്കിലും ഒന്നാം റാങ്കു വെട്ടിപ്പിടിച്ച് കണ്‍മണി. കേരള സര്‍വ്വകലാശാലയിലെ ബിപിഎ മ്യൂസിക് വോക്കല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയത് മാവേലിക്കര സ്വദേശിനിയായ കണ്‍മണിയാണ്. ജി. ശശികുമാറിന്റേയും രേഖയുടേയും മകളായ കണ്‍മണി തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവണ്‍മെന്റ് സംഗീത കോളജ് വിദ്യാര്‍ഥിനിയാണ്. കാലു കൊണ്ട് ചിത്രം വരച്ചും സംഗീതക്കച്ചേരികള്‍ അവതരിപ്പിച്ചും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന താരമാണു കണ്‍മണി.

 

◼️ഇടുക്കി ചതുരംഗപ്പാറക്കു സമീപം മാന്‍കുത്തിമേട്ടില്‍ 80 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യറിയ ബിജെപി നേതാവ് ജോണിക്കുട്ടി ഒഴുകയില്‍ ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നടത്തിയ അന്വേഷണത്തിലാണിത് കണ്ടെത്തിയത്. ഈ മാസം ഒന്നിനാണ് ഈ സ്ഥലത്തെ കൈയേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്.

 

◼️അനധികൃത ഖനനനത്തിന് ഇരുപത്തിമൂന്നരലക്ഷം രൂപ പിഴയൊടുക്കാത്തതിനു താമരശ്ശേരി രൂപതയ്ക്കു കീഴിലെ കൂടരഞ്ഞി പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. റവന്യൂ റിക്കവറി നടപടിയെടുക്കുമെന്നു ജിയോളജി വകുപ്പ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ച് വികാരിക്ക് നോട്ടീസയച്ചു.

 

◼️കേന്ദ്ര സര്‍വ്വകലാശാലകളിലേക്കുള്ള ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷക്ക് ജൂലൈ നാലുവരെ അപേക്ഷിക്കാം.

 

◼️പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കര്‍ണാടക സന്ദര്‍ശനത്തിനിടെ പ്രതിഷേധത്തിന് ഒരുങ്ങിയ കോണ്‍ഗ്രസ് കര്‍ഷക സംഘടന പ്രവര്‍ത്തകര്‍ കരുതല്‍ കസ്റ്റഡിയില്‍. ഇവര്‍ കറുത്ത കൊടി വീശി പ്രതിഷേധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നു പൊലീസ് പറയുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.

 

◼️കന്നഡ നടനും യൂട്യൂബറുമായ സതീഷ് വജ്ര കുത്തേറ്റു മരിച്ച നിലയില്‍. ഭാര്യാ സഹോദരന്‍ അടക്കം രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്.

 

◼️എയര്‍ ഇന്ത്യ മുന്നൂറു ചെറിയ ജെറ്റുകള്‍ വാങ്ങുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണ് പുതിയ ചുവടുവയ്പ്. വാണിജ്യ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡറുകളില്‍ ഒന്നായിരിക്കും ഇത്. ഏകദേശം മൂന്ന് ലക്ഷം കോടി രൂപ ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

◼️സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 80 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപയായി. 10 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4775 രൂപയായി. ജൂണ്‍ ഒന്നിന് 38,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 11ന് 38,680 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ സ്വര്‍ണവില എത്തി. 15ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരത്തോളം രൂപ കുറഞ്ഞ് 37,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലും സ്വര്‍ണവില എത്തി. പിന്നീട് വില കൂടുന്നതാണ് ദൃശ്യമായത്.

 

◼️താപ്സി നായികയാകുന്ന പുതിയ സിനിമയാണ് ‘സബാഷ് മിതു’. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ ജീവിതകഥയാണ് ചിത്രം പറയുന്നത്. ശ്രീജിത്ത് മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘സബാഷ് മിതു’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ജൂലൈ 15ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ് ജൂണ്‍ എട്ടിനാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഏറെക്കാലം ഇന്ത്യന്‍ ടീമിന്റെ നെടുംതൂണായിരുന്ന മിതാലി രാജ് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്.

 

◼️ടൊവിനൊ തോമസ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് ‘വാശി’. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്. ഇപ്പോഴിതാ ‘വാശി’ എന്ന ചിത്രത്തിലെ പുതിയൊരു ഗാനം പുറത്തുവിട്ടു. ‘ഹേയ് കണ്‍മണി’ എന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. അഭിജിത്ത് അനില്‍കുമാര്‍, ഗ്രീഷ്മ എന്നിവരാണ് പാടിയിരിക്കുന്നത്. കൈലാസ് മേനോനാണ് ‘വാശി’യുടെ സംഗീത സംവിധായകന്‍. വിനായക് ശശികുമാറാണ് ചിത്രത്തിന്റെ ഗാന രചന. ഒരേ കേസില്‍ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടിവരുന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ് ടോവിനോയും കീര്‍ത്തിയും ചിത്രത്തില്‍ എത്തുന്നത്.

 

◼️പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലായ ബ്രെസ്സയുടെ പുതിയ പതിപ്പ് ഈ മാസം അവസാനം. ഇലക്ട്രിക് സണ്‍റൂഫ് ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ രൂപകല്‍പ്പന ചെയ്ത ബ്രെസ്സയില്‍ യാത്രാ സൗകര്യത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ ഉള്‍പ്പെടെ യാത്ര സുഗമമാക്കുന്നതിനുള്ള നിരവധി പുതുമയേറിയ സംവിധാനങ്ങള്‍ ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 11000 രൂപ മുന്‍കൂര്‍ അടച്ച് ബ്രെസ്സ ബുക്ക് ചെയ്യാം. 2016ലാണ് ബ്രെസ്സ ആദ്യമായി അവതരിപ്പിച്ചത്. കോംപാക്ട് എസ് യുവി വിഭാഗത്തിലെ പ്രമുഖ മോഡലാണ് ബ്രെസ്സ. ആറുവര്‍ഷം കൊണ്ട് 7.5ലക്ഷം കാറുകളാണ് വിറ്റഴിച്ചത്.

 

◼️കാലത്തിന്റെ കഥയൊരുക്കവുമായി പന്ത്രണ്ട് മാസങ്ങള്‍. അതില്‍ നക്ഷത്രപ്പാട്ടുപോലെ ചില കഥാപാത്രങ്ങള്‍ അവയുടെ ആളിക്കത്തലും എരിഞ്ഞടക്കവും ജീവിതത്തിന്റെ ദ്വന്ദ്വമുഖങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ‘കലണ്ടര്‍ കഥകള്‍’. എഡിറ്റര്‍-ലക്ഷ്മി ബിമല്‍രാജ്. മാക്സ് ബുക്സ്. വില 171 രൂപ.

 

◼️ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം അല്ലെങ്കില്‍ സ്ട്രോക്ക് ഉള്ളവര്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് പഠനം. പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും തടയുന്നത് ഡിമെന്‍ഷ്യ സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്നും ഗവേഷകര്‍ പറയുന്നു. അല്‍ഷിമേഴ്‌സ് ആന്റ് ഡിമെന്‍ഷ്യ ജേണലില്‍ പ്രസിദ്ധീകരിച്ചു. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം (ഇസ്‌കെമിക് ഹൃദ്രോഗം, ഹൃദയസ്തംഭനം അല്ലെങ്കില്‍ ഏട്രിയല്‍ ഫൈബ്രിലേഷന്‍), ഹൃദയാഘാതം – കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഡിമെന്‍ഷ്യയ്ക്കുള്ള പ്രധാന അപകട ഘടകങ്ങളില്‍ ചിലതാണെന്ന് സ്വീഡനിലെ കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഒരേസമയം ഈ രോഗങ്ങളില്‍ ഒന്നില്‍ കൂടുതല്‍ ഉണ്ടാകുന്നത് ഡിമെന്‍ഷ്യയുടെ അപകടസാധ്യതയെ എങ്ങനെ ബാധിക്കുന്നുവെന്നതിനെ കുറിച്ചുള്ള ചില പഠനങ്ങള്‍ പരിശോധിച്ചു. ഒന്നിലധികം കാര്‍ഡിയോമെറ്റബോളിക് രോഗങ്ങള്‍ അപകടസാധ്യത ഇരട്ടിയാക്കുന്നതായും പഠനത്തില്‍ പറയുന്നു.

 

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 77.98, പൗണ്ട് – 95.42, യൂറോ – 82.06, സ്വിസ് ഫ്രാങ്ക് – 80.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.47, ബഹറിന്‍ ദിനാര്‍ – 206.90, കുവൈത്ത് ദിനാര്‍ -254.07, ഒമാനി റിയാല്‍ – 202.56, സൗദി റിയാല്‍ – 20.79, യു.എ.ഇ ദിര്‍ഹം – 21.23, ഖത്തര്‍ റിയാല്‍ – 21.42, കനേഡിയന്‍ ഡോളര്‍ – 59.98.

 

 

Related Articles

Back to top button
error: Content is protected !!