Thodupuzha

സായാഹ്ന വാർത്തകൾ

 

2022 | ജൂൺ 30 | വ്യാഴാഴ്ച

1197 | മിഥുനം 16 | പുണർതം

ℹ️📰📰📰📰📰📰📰📰📰ℹ️

 

◼️മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. യുഎഇ യാത്രക്കിടെ ബാഗേജ് മറന്നില്ലെന്നും പിഡബ്ള്യുസി ഡയറക്ടര്‍ ജെയിക് ബാലകുമാര്‍ മെന്ററാണെന്ന് മകള്‍ വീണ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് നോട്ടീസ്. ക്ലിഫ് ഹൗസില്‍ രഹസ്യചര്‍ച്ചകള്‍ക്കു പോയെന്നും ഷെയ്ഖിനെ ചട്ടം ലംഘിച്ച് ക്ളിഫ് ഹൗസില്‍ എത്തിച്ചെന്നുമുള്ള സ്വപ്ന സുരേഷിന്റെ ആരോപണം അന്വേഷിക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

 

◼️ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ ബഹളം. സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വനം മന്ത്രി എ.കെ ശശീന്ദ്രന്റെ മറുപടിയുടെ പശ്ചാത്തലത്തിലാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്. പരിസ്ഥിതി ലോല മേഖല ഉത്തരവില്‍ റിവ്യൂ പെറ്റിഷന്‍ നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. വനാതിര്‍ത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ വരെ പരിസ്ഥിതി ലോല പ്രദേശമാക്കി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്, 2019 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു കിലോമീറ്ററാക്കി കുറയ്ക്കുകയാണു ചെയ്തതെന്ന് മന്ത്രി അവകാശപ്പെട്ടു.

 

◼️വനമേഖലയുടെ ജനവാസ മേഖല അടക്കം ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി ലോല പ്രദേശമാക്കണമെന്നു 2019 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ബഫര്‍ സോണ്‍ ഉത്തരവിറക്കിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. സുപ്രീം കോടതിയുടെ ഉത്തരവു വന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

 

◼️ഷാര്‍ജാ ഷെയ്ഖിനെ വഴി തിരിച്ച് ക്ലിഫ് ഹൗസില്‍ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാല്‍ അന്വേഷിക്കും. പ്രതിപക്ഷ നേതാവടക്കം ആര് പരാതി നല്‍കിയാലും പരിഗണിക്കും. കരാര്‍ ജീവനക്കാരന് എങ്ങനെ സംസ്ഥാന സര്‍ക്കാര്‍ ഡിപ്ലോമാറ്റിക് ഐ.ഡി കാര്‍ഡ് നല്‍കി? മുഖ്യമന്ത്രിയുടെ ബാഗ് എന്തിന് ഡിപ്ലോമാറ്റിക് ചാനലിലൂടെ കൊണ്ടുപോയിയെന്നും മുരളീധരന്‍ ചോദിച്ചു.

 

◼️വീണ വിജയനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചു കൊണ്ടാണ് മാത്യു കുഴല്‍നാടന്‍ ഈ ആവശ്യം ഉന്നയിച്ചത്. വീണയുടെ സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍നിന്ന് എന്തുകൊണ്ട് പിഡബ്ള്യുസി ഡയറക്ടറുടെ പേര് ഒഴിവാക്കി? യുഎഇ സന്ദര്‍ശനതിനിടെ ബാഗേജ് എന്തുകൊണ്ട് നയതന്ത്ര ചാനല്‍ വഴി എത്തിച്ചു? മുഖ്യമന്ത്രി മറുപടി പറയണമെന്ന് മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

 

◼️സ്പ്രിംക്ലര്‍ ഇടപാടിനു പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ആണെന്ന സ്വപ്നാ സുരേഷിന്റെ ആരോപണത്തോടെ വീണ്ടും ഡാറ്റ വിവാദം. കരാര്‍ റദ്ദാക്കിയതിലും ദുരൂഹതയുണ്ടായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ ഉപഹര്‍ജി നല്‍കാനാണ് നീക്കം. സ്പ്രിംക്ലറും വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും തമ്മിലുള്ള ബന്ധം ആദ്യം പറഞ്ഞത് 2020 ല്‍ പി.ടി തോമസ് ആയിരുന്നു.

 

◼️ബ്രൂവറി അഴിമതി കേസ് അവസാനിപ്പിക്കണമെന്ന ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കണം. ജൂലൈ 17 ന് വിസ്താരം തുടരും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

 

◼️സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാന്‍ മാറ്റി. സാമൂഹികാഘാത പഠനം നടത്തുന്നതിനായി സര്‍വ്വേ നടത്തുന്നതിന് അനുമതി നല്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും സര്‍വേ തടരുന്നതു സംബന്ധിച്ച് വ്യക്തത വരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.

 

◼️പിപ്പിടിവിദ്യയും പ്രത്യേക ആക്ഷനുമൊക്കെ പിണറായി വിജയനെ പേടിക്കുന്ന അടിമകളോടു കാണിച്ചാല്‍ മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിഞ്ഞ് താങ്കളെ ഉപദേശിക്കാന്‍ വച്ച എണ്ണമറ്റ ഉപദേശികളില്‍ വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയില്‍ വരിക. അല്ലാത്തപക്ഷം, സഭയിലെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഇളിഭ്യനാകേണ്ടിവരുമെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

 

◼️കടല്‍ പ്രക്ഷുബ്ധം. പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം. കോഴിക്കോട് ചാലിയത്തും കൊല്ലം അഴീക്കലിലും ആലപ്പുഴ വലിയഴീക്കലിലുമാണ് വള്ളം മറിഞ്ഞത്. കോഴിക്കോട് ചാലിയത്തും അഴീക്കിലിലും വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതായി.

 

◼️സംഗീത സംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിയില്‍ കോടതി അന്വേഷണ ഏജന്‍സിയോട് വിശദീകരണം തേടി. ബാലഭാസ്‌കറിന്റേയും മകളുടേയും അപകട മരണത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയതാണെന്നും മരണത്തില്‍ സിബിഐയുടെ റിപ്പോര്‍ട്ട് തള്ളണമെന്നും ആവശ്യപ്പെട്ടാണ് അച്ഛന്‍ ഉണ്ണി കോടതിയെ സമീപിച്ചത്.

 

◼️സംരക്ഷിത വനമേഖലക്കു ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ തൃശൂര്‍ ജില്ലയിലെ പതിനൊന്നു വില്ലേജുകളില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. പീച്ചി, ചിമ്മിനി, വാഴാനി വനമേഖയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

 

◼️ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങള്‍ ബോധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളി ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിലാണ് വിചാരണ കോടതി ഇതു വ്യക്തമാക്കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു, തെളിവുകള്‍ നശിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളിലൊന്നും തെളിവില്ല. ജുഡീഷ്യല്‍ ഓഫീസറെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും തെളിവില്ലാത്തതാണ്. ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ക്കുള്ള തെളിവുകള്‍ കോടതിക്കു മുന്‍പാകെ ലഭിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

 

◼️ബലി പെരുന്നാള്‍ ജൂലൈ 10 ന് ആയിരിക്കുമെന്ന് കേരള ഹിലാല്‍ കമ്മറ്റി അധ്യക്ഷന്‍ അബ്ദുള്ള കോയ മദനി. അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ ഒമ്പതിനാണ് ബലി പെരുന്നാള്‍.

 

◼️സ്വര്‍ണക്കടത്തു കേസില്‍ സിപിഎം ബിജെപി ധാരണയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നിരവധി ആരോപണങ്ങളുയര്‍ന്നിട്ടും 37 ദിവസം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാതെ മാറിനിന്നു. അതേസമയം മുഖ്യമന്ത്രിയ്ക്കു വേണ്ടി സരിത ദിവസവും മാധ്യമങ്ങളെ കണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.

 

◼️പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്കു നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല. നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16 കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. മന്ത്രി പറഞ്ഞു.

 

◼️ഒരു മാസം മുമ്പ് അയല്‍വീട്ടിലെ പട്ടിയുടെ കടിയേറ്റ കോളജ് വിദ്യാര്‍ത്ഥിനി പേവിഷ ബാധയേറ്റ് മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്‌സിന്‍ എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

◼️ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണ കേസില്‍ ഡിവൈഎഫ്ഐക്കാരായ രണ്ടു പ്രതികളെ കേസില്‍നിന്ന് ഒഴിവാക്കാന്‍ പോലീസ് ശ്രമം. ഇവരൊഴികെ മറ്റെല്ലാ പ്രതികള്‍ക്കും ആക്രമണത്തില്‍ പങ്കെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എസ്ഡിപിഐ, ലീഗ് പ്രവര്‍ത്തകരാണ് ജിഷ്ണുവിനെ ആക്രമിച്ചതെന്നും കോടതിയില്‍ പൊലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

◼️കൊല്ലം വിസ്മയ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. 10 വര്‍ഷം കഠിന തടവും പന്ത്രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍. മൊത്തം 25 വര്‍ഷം തടവുശിക്ഷയാണു വിധിച്ചത്. തെളിവില്ലാതെയാണ് ശിക്ഷിച്ചതെന്നാണ് കിരണിന്റെ വാദം.

 

◼️ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ആക്രമണ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കം കോടതി തള്ളി. സിപിഎമ്മുകാര്‍ പ്രതികളായ കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്. കേസ് രാഷ്ട്രിയ പ്രേരിതം മാത്രമാണെന്നും നിയമപരമായി നിലനിക്കുകയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദം.

 

◼️കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിട നമ്പര്‍ തട്ടിപ്പ് കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. പ്രതികളെ കോര്‍പറേഷനില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കോര്‍പറേഷന്‍ ഓഫീസിലേക്കു മാര്‍ച്ച് നടത്തി.

 

◼️ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മല്‍സ്യത്തൊഴിലാളികള്‍ക്ക് മല്‍സ്യത്തിനു പരമാവധി വില ലഭ്യമാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍. മല്‍സ്യത്തൊഴിലാളികളുടെ മക്കള്‍ക്കു പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടാനുള്ള സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. കടലില്‍വച്ച് മരിക്കുന്ന തൊഴിലാളികളുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നല്‍കും. എല്ലാ പരമ്പരാഗത മല്‍സ്യബന്ധന യാനങ്ങളും ഇന്‍ഷുറന്‍സ് എടുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

 

◼️സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ മോട്ടോര്‍ വാഹന റേസുകള്‍ പാലക്കാട് ജില്ലയില്‍ നിരോധിച്ചു. ജില്ലാ കളക്ടറാണ് ഉത്തരവിട്ടത്.

 

◼️അതിരപ്പള്ളിയില്‍ മൃഗങ്ങളില്‍ ആന്ത്രാക്‌സ് രോഗം. കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തിരുന്നു. വളര്‍ത്തുമൃഗങ്ങളിലേക്കു രോഗം പടര്‍ന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. മൃഗങ്ങള്‍ ചത്തുകിടക്കുന്നതു കണ്ടാല്‍ അരികിലേക്കു പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

 

◼️വീട്ടമ്മമാരും കന്യാസ്ത്രീകളുമുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന്‍ അശ്ളീല വീഡിയോ അയച്ചെന്നു പരാതി. കണ്ണൂര്‍ അടയ്ക്കാത്തോട് പള്ളി വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ കീഴേത്തിനെതിരെയാണ് പരാതി. മാതൃവേദി സംഘടനയുടെ ഡയറക്ടറായ വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു

 

◼️നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

◼️റേഡിയോ അവതാരകന്‍ വെട്ടൂര്‍ ജി ശ്രീധരന്‍ (74) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗസംബന്ധമായ അസുഖം കാരണം ചികിത്സയിലായുന്നു.

 

◼️മണിപ്പൂര്‍ ഇംഫാലിനു സമീപമുള്ള സൈനിക താവളത്തിനരികില്‍ കനത്ത മണ്ണിടിച്ചില്‍. സൈനികര്‍ മണ്ണിനടിയില്‍ കുടുങ്ങി. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

◼️പ്രണയബന്ധം പുറത്തറിയാതിരിക്കാനായി 12 വയസുള്ള സഹോദരിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ സഹോദരിയും കാമുകനും അടക്കം ഏഴു പേര്‍ അറസ്റ്റിലായി. യുപിയിലെ ലഖിംപൂര്‍ ഖേരിയിലാണു സംഭവം. കാമുകനും കൂട്ടുകാരും കുട്ടിയെ കരിമ്പിന്‍ തണ്ടുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു.

 

◼️വിദേശത്തുനിന്ന് വരുന്നവരില്‍ രണ്ടു ശതമാനം പേരെ ആര്‍റ്റിപിസിആര്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം. പോസിറ്റീവ് ആകുന്ന സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കാനാണ് നിര്‍ദേശം.

 

◼️ആന്ധ്രാപ്രദേശ് അമരാവതിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിലേക്കു വൈദ്യുതി കമ്പി പൊട്ടിവീണ് ഏഴുപേര്‍ വെന്തുമരിച്ചു. കര്‍ഷകത്തൊഴിലാളികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

 

◼️ടീസ്ത സെതല്‍വാദിന്റെ അറസ്റ്റിനെതിരെ പ്രതിഷേധം. ടീസ്തയെ അറസ്റ്റ് ചെയ്യണമായിരുന്നോ എന്ന കാര്യത്തില്‍ വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ വ്യക്തത വരുത്തണമെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി മദന്‍ ബി ലോക്കൂര്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ഞെട്ടിപ്പിക്കുന്നതായെന്ന് നൊബേല്‍ സമ്മാന ജേതാവും പ്രശസ്ത മാധ്യമപ്രവര്‍ത്തകയുമായ മരിയ റെസ പ്രതികരിച്ചു.

 

◼️നൂപുര്‍ ശര്‍മയുടെ വിവാദ പരാമര്‍ശത്തില്‍ ബിജെപിയും ആര്‍എസ്എസും മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ രാഷ്ട്രീയ പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്തു. ഹൈദരാബാദിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് അബ്ദുള്‍ മജീദ് അത്തറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

◼️മൂത്ത മകനായ ആകാശ് അംബാനിക്ക് റിലയന്‍സ് ജിയോ കൈമാറിയ മുകേഷ് അംബാനി, ഇരട്ട മക്കളില്‍ അടുത്തയാളായ മകള്‍ ഇഷയ്ക്ക് റിലയന്‍സ് റീടെയില്‍ കൈമാറും. പ്രഖ്യാപനം ഉടനെ ഉണ്ടാകും. മുപ്പതു വയസു മാത്രമുള്ള ഇഷ യേല്‍ സര്‍വകലാശാലയില്‍നിന്ന് സൈക്കോളജിയില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍നിന്ന് എംബിഎയും നേടി. അമേരിക്കയില്‍ മക്കിന്‍സി ആന്റ് കമ്പനിയില്‍ ജോലി ചെയ്തിട്ടുണ്ട്. റിലയന്‍സ് ജിയോ ഫാഷന്‍ പോര്‍ട്ടല്‍ തുടങ്ങിയത് ഇഷയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണ്.

 

◼️ഉദയ്പൂരിലെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് പാക് സംഘടനയുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി പാക്കിസ്ഥാന്‍. ഉദയ്പൂരിലെ കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതികളെ പാക്കിസ്ഥാനിലെ സംഘടനയുമായി ബന്ധിപ്പിക്കാനുള്ള ശ്രമം വികൃതമാണെന്ന് പാക് വിദേശകാര്യ വക്താവ് പറഞ്ഞു.

 

◼️ലൈംഗിക കുറ്റകൃത്യക്കേസില്‍ അമേരിക്കന്‍ ഗായകന്‍ റോബര്‍ട്ട് കെല്ലിക്ക് 30 വര്‍ഷത്തെ തടവുശിക്ഷ. ആരാധകരായ യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കെല്ലിക്കെതിരെയുള്ള കേസ്. ഒമ്പത് കേസുകളിലും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 45 സാക്ഷികളാണ് കോടതിയില്‍ മൊഴി നല്‍കിയത്. ഇവരില്‍ 11 പേര്‍ കെല്ലിയുടെ ചൂഷണത്തിന് ഇരയായവരാണ്.

 

◼️ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ഗോള്‍ ടെസ്റ്റിന്റെ രണ്ടാംദിനം കനത്ത മഴയിലും കാറ്റിലും സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡ് തകര്‍ന്നുവീണു. ഗോളിലെ ഗ്രാന്‍ഡ് സ്റ്റാന്‍ഡിന്റെ മേല്‍ക്കൂരയാണ് കാറ്റില്‍ പൂര്‍ണമായും നിലംപൊത്തിയത്. എന്നാല്‍ മേല്‍ക്കൂര തകര്‍ന്നപ്പോള്‍ കാണികള്‍ ഗാലറിയിലില്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി.

 

◼️ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ സേവനത്തിനായി മനുഷ്യാവകാശ വൊളന്റിയര്‍മാരെ നിയമിക്കുന്നു. മത്സരം കാണാനെത്തുന്ന ലോകമെമ്പാടുമുള്ള കാണികളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കലാണ് ലക്ഷ്യം. എല്ലാവര്‍ക്കും ഏറ്റവും സൗകര്യപ്രദമായി കളി കാണാനെത്താനുള്ള അന്തരീക്ഷമൊരുക്കാന്‍ വൊളന്റിയര്‍മാര്‍ ഇടപെടും. ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റില്‍ മനുഷ്യാവകാശ വൊളന്റിയര്‍മാര്‍ എന്ന ആശയം ആദ്യമാണ്.

 

◼️സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. മൂന്ന് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 800 രൂപയുടെ ഇടിവാണ് ഉണ്ടായത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ഇന്ന് 37320 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3855 രൂപയാണ്.

 

◼️ഇന്ത്യയില്‍ സാംസങ് ഗാലക്‌സി എം32 വിന്റെ വില കുറഞ്ഞു. 2,000 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് 25വാട്ട് ഫാസ്റ്റ് ചാര്‍ജിങുള്ള 6,000 എംഎഎച്ച് ബാറ്ററിയുമായി ഗാലക്‌സി എം-സീരീസ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഇത് രണ്ട് റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും ലഭ്യമാണ്. സാംസങ് ഗാലക്‌സി എം 32 വാട്ടര്‍ ഡ്രോപ്പ് സ്‌റ്റൈല്‍ നോച്ച് ഡിസ്‌പ്ലേ പരസ്യം, ക്വാഡ് റിയര്‍ ക്യാമറ യൂണിറ്റ് എന്നിവയും അവതരിപ്പിച്ചിരുന്നു. ഫോണിന്റെ അടിസ്ഥാന മോഡല്‍ നിലവില്‍ കമ്പനി വെബ്‌സൈറ്റിലും ആമസോണ്‍ ഇന്ത്യയിലും ലഭ്യമാണ്.

 

◼️പുതിയ ചിത്രം പ്രഖ്യാപിച്ച് രഞ്ജിത്ത് ശങ്കര്‍. ‘4 ഇയേഴ്സ്’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ പ്രഖ്യാപനം രഞ്ജിത് തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ നടത്തിയത്. കോളേജ് ജീവിതം അടിസ്ഥാനമാക്കി ഗായത്രിയുടെയും വിശാലിന്റെയും കഥയാണ് 4 ഇയേഴ്സ് പറയുന്നത്. ‘4 ഇയേഴ്സ് ഗാത്രിയെയും വിശാലിനെയും കുറിച്ചാണ്. അവരുടെ കോളേജ് സൂര്യോദയങ്ങള്‍, കാന്റീനിലെ അസ്തമയങ്ങള്‍, ഹോസ്റ്റല്‍ രാത്രികള്‍’ രഞ്ജിത് ശങ്കര്‍ കുറിച്ചു. ചിത്രത്തിന്റെ ഫസ്റ്റലുക്ക് പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. ക്ലാസ് റൂം ആണ് പോസ്റ്ററിലുള്ളത്. ചിത്രത്തിലെ ഒരു സീനിന്റെ ചെറിയ വിവരണവും പോസ്റിലുണ്ട്.

 

◼️ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി ഒരു പിരിയോഡിക്കല്‍ ത്രില്ലര്‍ സിനിമയില്‍ നായകനാകുന്നു. ജയിലര്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഷാര്‍ജയിലെ കമോണ്‍ കേരള വേദിയില്‍ വച്ച് നടന്നു. ഗോള്‍ഡന്‍ വില്ലേജിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മിക്കുന്ന ജയിലര്‍ സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്യുന്നു. പളനിയില്‍ പടു കൂററന്‍ സെറ്റ് ഇട്ടാണ് വന്‍ ബഡ്ജറ്റില്‍ ഈ ചിത്രം പൂര്‍ത്തീകരിച്ചത്. 1956-57 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവകഥയാണ് ചിത്രം പറയുന്നത്. അഞ്ചു കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവില്‍ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ഒരു ജയിലറുടെ വേഷത്തിലാണ് ധ്യാന്‍ അഭിനയിക്കുന്നത്.

 

◼️കാവസാക്കി ഒടുവില്‍ അപ്‌ഡേറ്റ് ചെയ്ത 2022 വേര്‍സിസ് 650 ഇന്ത്യയില്‍ 7.36 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി. 7.15 ലക്ഷം രൂപ വിലയുള്ള മുന്‍ പതിപ്പിനേക്കാള്‍ ഇതിന് ഏകദേശം 21,000 രൂപ കൂടുതലാണ്. അപ്‌ഡേറ്റിന്റെ ഭാഗമായി ബൈക്കിന് വിപുലമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും കൂടുതല്‍ ഉപകരണങ്ങളും ലഭിക്കുന്നു. 66പിഎസ് പവറും ആറ് സ്പീഡ് ഗിയര്‍ബോക്സുമായി 61 എന്‍എം പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന അതേ 649 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്.

ℹ️📰📰📰📰📰📰📰📰📰ℹ️

Related Articles

Back to top button
error: Content is protected !!