മൂലമറ്റം പവർഹൗസിലെ ജനറേറ്റർ തകരാറിലായി
തൊടുപുഴ: മൂലമറ്റം പവർഹൗസിലെ ജനറേറ്റർ തകരാറിലായി. ഒന്നാം നന്പർ ജനറേറ്ററിന്റെ സ്പെറിക്കൽ വാൽവിലെ തകരാറിനെ ത്തുടർന്നാണ് പ്രവർത്തനം നിർത്തിയത്. പെൻസ്റ്റോക്കിൽ നിന്നു വെള്ളമെത്തിക്കുന്ന എല്ലാ ജനറേറ്ററുകളിലേക്കുമുള്ള പ്രധാനവാൽവുകളിലൊന്നാണ് തകരാറിലായത്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി മൂലമറ്റത്തെ ആറു ജനറേറ്ററുകളും മുഴുവൻസമയവും പ്രവർത്തിപ്പിച്ച് വൈദ്യുതി ഉത്പാദനം പരമാവധിയാക്കിയിരുന്നു. ജനറേറ്റർ തകരാറിലായത് നിലവിലെ സാഹചര്യത്തിൽ തിരിച്ചടിയായിരിക്കുകയാണ്.
ഇടുക്കിയിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ വീണ്ടും അണക്കെട്ട് തുറക്കാനുള്ള സാധ്യത ഇതോടെ വർധിച്ചു. ഇന്നലെ രാത്രി എട്ടിന് ജലനിരപ്പ് 2400.52 അടിയാണ്. 2401 അടിയിലെത്തിയാൽ അണക്കെട്ട് തുറന്നേക്കും. ജില്ലയിലെ വിവിധപ്രദേശങ്ങളിൽ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു.