മധ്യവയസ്കൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/01/IMG-20220124-WA0040.jpg?resize=780%2C470&ssl=1?v=1642996062)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വെള്ളിയാമറ്റം: മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് മധ്യവയസ്കൻ വെട്ടേറ്റു മരിച്ച സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി എട്ടോടെയാണ് പൂച്ചപ്ര കൊല്ലംപ്ലാക്കൽ സനൽ (50) വെട്ടേറ്റു മരിച്ചത്. പൂച്ചപ്ര ചേലപ്ലാക്കൽ അരുണി (ഉണ്ണി-38)നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. അരുണ് ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽവച്ചാണ് അയൽവാസിയായ സനലിനെ കൊലപ്പെടുത്തിയത്.സംഭവദിവസം കൂലിപ്പണിക്കാരായ ഇരുവരും സുഹൃത്തുക്കളും ചേർന്ന് അരുണിന്റെ വീട്ടിലെത്തി മദ്യപിച്ചിരുന്നു. മറ്റു സുഹൃത്തുക്കൾ പോയതിനുശേഷം സനലിന്റെ ഫോണ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് ഉണ്ണി സനലിനെ ആക്രമിക്കുകയുമായിരുന്നു.
വെട്ടേറ്റ സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. സനലിനെ കൊലപ്പെടുത്തിയശേഷം ഉണ്ണി അയൽവാസി അനന്തുവിന്റ വീട്ടിലെത്തി താൻ ഒരാളെ കൊലപ്പെടുത്തി വീട്ടിൽ ഇട്ടിട്ടുണ്ടെന്ന് പറയുകയും പോലീസിനെ അറിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഇവർ അറിയിച്ചതിനെത്തുടർന്ന് കാഞ്ഞാർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിന് പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.വീടിനു പിന്നിലുള്ള ഷീറ്റിട്ട ഷെഡ്ഡിലാണ് കൊലപാതകം നടത്തിയതെന്ന് കരുതുന്നു. ഷെഡ്ഡിൽ രക്തം തളംകെട്ടി കിടപ്പുണ്ട്. എന്നാൽ മുറ്റത്താണ് മൃതദേഹം കിടന്നിരുന്നത്. ഇതുസംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സനലിന്റെ ദേഹമാസകലം മുറിവുണ്ടായിരുന്നു.
ഇന്നലെ രാവിലെ കാഞ്ഞാർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മായയാണ് മരിച്ച സനലിന്റെ ഭാര്യ.
തൊടുപുഴ ഡിവൈഎസ്പി എ.ജി. ലാൽ, കാഞ്ഞാർ സിഐ ഇ.കെ. സോൾജിമോൻ, പ്രിൻസിപ്പൽ എസ്ഐ ജിബിൻ തോമസ്, എസ്ഐമാരായ ഉബൈസ്, സജി പി. ജോണ്, എഎസ്ഐ സാംകുട്ടി, സ്പെഷൽ ബ്രാഞ്ച് എഎസ്ഐ സാനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ.ഫോറൻസിക് സംഘവും ഇന്നലെ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
ഇന്ന് പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)